ADVERTISEMENT

ലഹോർ∙ ക്രിക്കറ്റിനേക്കാളുപരി മുടിയുടെ സ്റ്റൈലിലും ബാഹ്യമോടിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന യുവതാരങ്ങളെ വിമർശിച്ച് പാക്കിസ്ഥാന്റെ മുൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ് രംഗത്ത്. കളിയിലായാലും പരിശീലനത്തിലായാലും സമ്പൂർണമായി ക്രിക്കറ്റിനു സമർപ്പിച്ചെങ്കിൽ മാത്രമേ ഫലമുണ്ടാകൂ. അതിനിടെ മുടി സ്റ്റൈൽ ചെയ്യാനും മറ്റും പോകുന്നത് ശരിയല്ലെന്നും മിയാൻദാദ് തുറന്നടിച്ചു. താനുൾപ്പെടെയുള്ള താരങ്ങൾ കളത്തിൽ സജീവമായിരുന്ന കാലത്ത് കാര്യങ്ങൾ ഇങ്ങനെയായിരുന്നില്ലെന്നും മിയാൻദാദ് പറഞ്ഞു.

ബാറ്റു ചെയ്യുമ്പോൾ യുവതാരങ്ങൾ അവരുടെ വിക്കറ്റിന് വില കൽപ്പിക്കണമെന്നും മിയാൻദാദ് ആവശ്യപ്പെട്ടു. ബോൾ ചെയ്യുമ്പോൾ ലൈനും ലെങ്തും കൃത്യമാക്കാനും ശ്രമിക്കണം. ഇതെല്ലാം ചെയ്ത ശേഷമാണ് മറ്റു വഴികളിലൂടെ പേരെടുക്കാൻ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.‌

‘യുവതാരങ്ങൾ അവരുടെ വിക്കറ്റ് വലിച്ചെറിയരുത്. സമയമെടുത്താണെങ്കിലും പിടിച്ചുനിൽക്കാൻ ശ്രമിക്കണം. ആസ്വദിച്ച് ബാറ്റു ചെയ്യാനുമാകണം. ബോളർമാരുടെ കാര്യത്തിലും ഇതുതന്നെ അവസ്ഥ. ലൈനിലും ലെങ്തിലും പൂർണമായി ശ്രദ്ധിക്കുക. നെറ്റ്സിൽ പോയി സ്ഥിരമായി പരിശീലിക്കുക. കളിയോടുള്ള നമ്മുടെ ആത്മാർപ്പണത്തിന്റെ തെളിവുകൂടിയാണിത്’ – മിയാൻദാദ് പറഞ്ഞു.

‘വളർന്നുവരുന്ന താരങ്ങൾ ദയവുചെയ്ത് മുടി സ്റ്റൈലാക്കാനും മറ്റും പോകരുത്. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കുന്ന താരങ്ങൾ കളിനിർത്തി പകരം സിനിമയിൽ അഭിനയിക്കാൻ പോകുന്നതാണ് നല്ലത്’ – മിയാൻദാദ് പറഞ്ഞു.

‘കളത്തിൽ ബാഹ്യമോടിയുടെ കാര്യത്തിൽ ഞങ്ങളൊന്നും ഒരുകാലത്തും ആകുലരായിരുന്നില്ല. കളി കഴിഞ്ഞ് എന്താണെന്നുവച്ചാൽ ചെയ്യുക. കായികതാരങ്ങൾ ലോകത്തുള്ള ഒട്ടേറെ യുവാക്കൾക്കും കുട്ടികൾക്കും മാതൃകയാണ്. അവരെ അനുകരിക്കാൻ ശ്രമിക്കുന്നവരും ധാരാളം. യുവതലമുറയ്ക്കായി എന്തു തരത്തിലുള്ള മാതൃകയാണ് നിങ്ങൾ കാട്ടുന്നതെന്ന് ആലോചിക്കണം’ – മിയാൻദാദ് നിർദ്ദേശിച്ചു.

English Summary: Care about hairstyle? go do movies: Javed Miandad’s advice to young cricketers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com