ADVERTISEMENT

കൊച്ചി∙ ഐപിഎൽ ഒത്തുകളിയുമായി ബന്ധപ്പെട്ട് ലഭിച്ച വിലക്കു കാലാവധി ഈ വർഷം സെപ്റ്റംബറിൽ അവസാനിക്കാനിരിക്കെ, വീണ്ടും ഇന്ത്യൻ ടീമിനായി കളിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മലയാളി താരം എസ്. ശ്രീശാന്ത്. 37–ാം വയസ്സിലും സ്ഥിരതയോടെ കളിക്കുന്ന ഇംഗ്ലിഷ് പേസ് ബോളർ ജിമ്മി ആൻഡേഴ്സനാണ് തന്റെ മാതൃകയെന്നും അതേ പ്രായക്കാരനായ ശ്രീശാന്ത് വെളിപ്പെടുത്തി. അവസാന ശ്വാസം വരെ പ്രതീക്ഷ കൈവിടരുതെന്ന് അച്ഛന്റെ ഉപദേശമാണ് തന്റെ വഴികാട്ടിയെന്നും ഒരു അഭിമുഖത്തിൽ ശ്രീശാന്ത് പറഞ്ഞു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ എല്ലാവരും സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ച് സുരക്ഷിതരായിരിക്കാനും ശ്രീശാന്ത് ആവശ്യപ്പെട്ടു.

2013ലെ ഐപിഎൽ വാതുവയ്പിന്റെ പശ്ചാത്തലത്തിൽ ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്കാണ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, പിന്നീട് സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് ബിസിസിഐ ഓംബുഡ്സ്മാൻ വിലക്ക് ഏഴു വർഷമായി കുറയ്ക്കുകയായിരുന്നു. ഇതനുസരിച്ച് ഈ സെപ്റ്റംബർ മുതൽ ശ്രീശാന്തിന് വീണ്ടും കളത്തിലിറങ്ങാം.

‘എന്റെ ആജീവനാന്ത വിലക്ക് പിൻവലിച്ചതോടെ പുതിയൊരു ഇന്നിങ്സിലേക്ക് കടക്കുകയാണ് ഞാൻ. തീർച്ചയായും ഞാൻ തോറ്റു പിൻമാറില്ല. സ്ഥിരതയുടെയും ആത്മവിശ്വാസത്തിന്റേയും ജോലിയോടുള്ള മനോഭാവത്തിന്റെയും കാര്യത്തിൽ ജയിംസ് ആൻഡേഴ്സനാണ് എന്റെ മാതൃക. അദ്ദേഹത്തിന് സാധിക്കുമെങ്കിൽ തീർച്ചയായും എനിക്കും സാധിക്കും. ഇന്ത്യയ്ക്കായി വീണ്ടും കളിക്കാനാകുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ. കുറഞ്ഞത് രണ്ടു സീസണെങ്കിലും ഏതെങ്കിലം കൗണ്ടിക്കായി കളിക്കാമെന്നും പ്രതീക്ഷിക്കുന്നു. ഇതുവരെ എനിക്ക് ഉറച്ച പിന്തുണ നൽകിയ എല്ലാവർക്കും നന്ദി’– ശ്രീശാന്ത് പറഞ്ഞു.

സമ്പൂർണ കായികക്ഷമതയോടെ സെപ്റ്റംബർ മുതൽ കേരളത്തിനായി ഏകദിന മത്സരങ്ങൾ കളിച്ചു തുടങ്ങണമെന്നാണ് ഇപ്പോൾ കരുതുന്നതെന്നും ശ്രീശാന്ത് പറഞ്ഞു. ഇതിനു പിന്നാലെ ട്വന്റി20യിലും രഞ്ജി ട്രോഫിയിലും കളിക്കാമെന്നാണ് പ്രതീക്ഷ. മികച്ച പ്രകടനം നടത്താമെന്നും ആത്മവിശ്വാസമുണ്ടെന്ന് ശ്രീ പറഞ്ഞു.

അവസാന ശ്വാസം വരെ പ്രതീക്ഷ കൈവിടരുതെന്ന പിതാവിന്റെ ഉപദേശമാണ് തന്റെ ബലമെന്നും ശ്രീശാന്ത് പറഞ്ഞു. യാഥാർഥ്യത്തോടു ചേർന്നു നിന്നു ചിന്തിച്ചാൽ ഇന്ത്യൻ ടീമിൽ എനിക്ക് ഇനി അവസരമില്ലെന്നു തോന്നാം. പക്ഷേ അദ്ഭുതങ്ങൾ സംഭവിക്കുമെന്നു തന്നെയാണ് എന്റെ വിശ്വാസം. കേരളം പോലൊരു കൊച്ചു സംസ്ഥാനത്തുനിന്നാണ് വരവെങ്കിലും ഇന്ത്യയ്ക്കായി കളിക്കണമെന്നും ലോകകപ്പ് നേടണമെന്നും ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. അതു നടന്നില്ലേ? ബൈബിളിൽ പറയുന്നതുപോലെ ഈ സമയവും കടന്നുപോകും. തീർച്ചയായും അദ്ഭുതങ്ങൾ സംഭവിക്കും. വിശ്വസിച്ചാൽ മാത്രം മതി’ – ശ്രീശാന്ത് പറഞ്ഞു.

English Summary: I Will Play for India Agaian, Says S Sreesanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com