ADVERTISEMENT

ബെംഗളൂരു∙ കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിൽ സഹായവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും പരിശീലകനുമായ അനിൽ കുംബ്ലെയും. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ പാത പിന്തുടർന്ന് നൽകുന്ന തുക വെളിപ്പെടുത്താതെയാണ് കുംബ്ലെയുടെ സംഭാവന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കെയേഴ്സ് ഫണ്ടിലേക്കും കർണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് കുംബ്ലെ സംഭാവന നൽകിയത്. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

‘കോവിഡ് 19നെ ഇന്ത്യയിൽനിന്ന് തുരത്താൻ നാം ഓരോരുത്തരും ഒപ്പം ചേർന്ന് ഇതിനെതിരെ പോരാടണം. ഇതിലേക്കായി ഞാൻ എന്റേതായ ചെറിയൊരു സംഭാവന പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും കർണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നൽകുന്നു. നിങ്ങളും സംഭാവനകൾ ഉറപ്പാക്കൂ. എല്ലാവരും സുരക്ഷിതരായി വീടുകളിൽത്തന്നെ കഴിയൂ’ – കുംബ്ലെ ട്വീറ്റ് ചെയ്തു.

‘കൊറോണ വൈറസ് ബാധ മൂലം വിഷമത അനുഭവിക്കുന്ന ആളുകളെ കാണുമ്പോൾ ഹൃദയം തകരുന്നു’വെന്ന പ്രസ്താവനയോടെയാണ് വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയും സഹായം പ്രഖ്യാപിച്ചത്. തുക വെളിപ്പെടുത്താതെയുള്ള ഇരുവരുടെയും സഹായ പ്രഖ്യാപനം ഒട്ടേറെപ്പേരുടെ അഭിനന്ദനം നേടിയിരുന്നു. കുംബ്ലെയ്ക്കും കോലിക്കും പുറമെ സൗരവ് ഗാംഗുലി, സച്ചിൻ തെൻഡുൽക്കർ, സുരേഷ് റെയ്ന, രോഹിത് ശർമ, അജിൻക്യ രഹാനെ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളെല്ലാം കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് സംഭാവന നൽകിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സംസ്ഥാന അസോസിയേഷനുകളുടെ സഹകരണത്തോടെ 51 കോടി രൂപയും പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് നൽകി.

English Summary: Anil Kumble joins fight against COVID-19, contributes to funds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com