ADVERTISEMENT

സിഡ്നി∙ ഓസ്ട്രേലിയയ്‌ക്കെതിരെ മികച്ച ബാറ്റിങ് റെക്കോർഡുള്ള ഇന്ത്യൻ താരമാണ് വി.വി.എസ്. ലക്ഷ്മൺ. കൊൽക്കത്ത ഈഡൻ ഗാർഡൻസിലെ ആ വിഖ്യാത പ്രകനം ഉൾപ്പെടെ ഓസീസിനെ വെള്ളംകുടിപ്പിച്ച എത്രയോ ഇന്നിങ്സുകൾ ആ ബാറ്റിൽനിന്ന് പിറന്നു. അവരുടെ ലോകോത്തര സ്പിന്നർ ഷെയ്ൻ വോൺ ഉൾപ്പെടെയുള്ളവർ ലക്ഷ്മണിന്റെ ബാറ്റിന്റെ ചൂടറിഞ്ഞവരാണ്. പക്ഷേ, തനിക്കെതിരെ കളിച്ച ഇന്ത്യൻ താരങ്ങളിൽനിന്ന് ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ വോൺ ലക്ഷ്മണിനെ സൗകര്യപൂർവം തഴഞ്ഞു. സൗരവ് ഗാംഗുലി നയിക്കുന്ന ടീമിൽ മറ്റു പ്രമുഖ താരങ്ങളെല്ലാമുണ്ട്.

വീരേന്ദർ േസവാഗ്, നവ്ജ്യോത് സിങ് സിദ്ധു എന്നിവരാണ് വോണിന്റെ ടീമിലെ ഓപ്പണർമാർ. സ്പിന്നിനെതിരെ കളിക്കുന്നതിൽ പ്രകടിപ്പിച്ചിട്ടുള്ള വൈദഗ്ധ്യമാണ് സിദ്ധുവിനെ തിരഞ്ഞെടുക്കാൻ കാരണമെന്ന് വോൺ വിശദീകരിച്ചു. സ്പിന്നിനെ ഏറ്റവും സുന്ദരമായി കളിക്കുന്ന താരമായി എനിക്കു തോന്നിയിട്ടുള്ളത് സിദ്ധുവിനെയാണ്. മറ്റു പ്രമുഖ സ്പിന്നർമാരും ഇതേ കാര്യം എന്നോടു പറഞ്ഞിട്ടുണ്ട്’ – വോൺ വിശദീകരിച്ചു.

അതേസമയം, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി, മഹേന്ദ്രസിങ് ധോണി എന്നിവരും വോണിന്റെ ടീമിലില്ല. ഇരുവർക്കുമെതിരെ ഒരു ടെസ്റ്റ് പോലും കളിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് വോൺ ഇവരെ ഒഴിവാക്കിയത്. രാഹുൽ ദ്രാവിഡാണ് വോണിന്റെ ടീമിലെ വൺഡൗൺ. ‘വർഷങ്ങളായുള്ള അടുപ്പം മൂലം ദ്രാവിഡ് എന്റെ അടുത്ത സുഹൃത്തായി മാറിയിട്ടുണ്ട്. രാജസ്ഥാൻ റോയൽസിൽ ഒരുമിച്ചു പ്രവർത്തിച്ചിരുന്ന കാലത്താണ് അദ്ദേഹത്തെ കൂടുതൽ അടുത്തറിയാൻ സാധിച്ചത്. ദ്രാവിഡ് ഞങ്ങൾക്കെതിരെ ഇഷ്ടംപോലെ സെഞ്ചുറി നേടിയിട്ടുണ്ട്’– വോൺ പറഞ്ഞു.

സച്ചിനാണ് വോണിന്റെ ടീമിൽ നാലാമതായി ബാറ്റിങ്ങിനെത്തുന്നത്. സച്ചിനെക്കുറിച്ച് വളരെയധികം സംസാരിക്കാറുള്ള സാഹചര്യത്തിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയതിനെക്കുറിച്ച് വിശദീകരിക്കുന്നില്ലെന്ന് വോണ്‍ പറഞ്ഞു. സൗരവ് ഗാംഗുലിയാണ് തന്റെ ടീമിന്റെ ക്യാപ്റ്റനെന്നതിനാൽ വി.വി.എസ്. ലക്ഷ്മണിനെ ഒഴിവാക്കാതെ തരമില്ലെന്ന് വോൺ ചൂണ്ടിക്കാട്ടി.

വോണിന്റെ ഇന്ത്യൻ ഇലവൻ ഇതാ: വീരേന്ദർ സേവാഗ്, നവ്ജ്യോത് സിങ് സിദ്ധു, രാഹുൽ ദ്രാവിഡ്, സച്ചിൻ തെൻഡുൽക്കർ, മുഹമ്മദ് അസ്ഹറുദ്ദീൻ, സൗരവ് ഗാംഗുലി (ക്യാപ്റ്റൻ), കപിൽ ദേവ്, ഹർഭജൻ സിങ്, നയൻ മോംഗിയ, അനിൽ കുംബ്ലെ, ജവഗൽ ശ്രീനാഥ്

English Summary: Shane Warne picks Sourav Ganguly as captain of his greatest Indian XI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com