ADVERTISEMENT

ന്യൂഡൽഹി∙ പാക്കിസ്ഥാനിൽ കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിൽ മുൻപന്തിയിലുള്ള ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കും അദ്ദേഹത്തിന്റെ പേരിലുള്ള ഷാഹിദ് അഫ്രീദി ഫൗണ്ടേഷനും സഹായം നൽകിയതിന്റെ പേരിൽ നേരിടുന്ന വിമർശനത്തിന് മറുപടിയുമായി യുവരാജ് സിങ്. ഈ പ്രതിസന്ധി ഘട്ടത്തിൽ ഏറ്റവും അത്യാവശ്യക്കാരായ കുറച്ചുപേരെ സഹായിക്കാനുള്ള തീരുമാനം എങ്ങനെയാണ് ഇത്രയും ഗുരുതരമായ ഒരു പ്രശ്നമായി മാറിയതെന്ന് അറിയില്ലെന്ന് യുവരാജ് പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലൂടെയാണ് യുവിയുടെ പ്രതികരണം. സഹതാരം ഹർഭജൻ സിങ്ങിന്റെ ആഹ്വാനം ഏറ്റെടുത്താണ് അഫ്രീദിയുടെ ഉദ്യമത്തിന് പിന്തുണയും സഹായവും നൽകുന്നതായി യുവരാജ് പ്രഖ്യാപിച്ചത്.

കശ്മീർ വിഷയത്തിൽ സ്ഥിരമായി ഇന്ത്യയ്‌ക്കെതിരെ പരസ്യമായി നിലപാടെടുക്കുന്ന അഫ്രീദിക്കും അദ്ദേഹത്തിന്റെ ഫൗണ്ടേഷനും ഹർഭജനും യുവരാജും പിന്തുണ പ്രഖ്യാപിച്ചതാണ് ഒരുവിഭാഗം ആരാധകരെ ചൊടിപ്പിച്ചത്. ഇരുവരും അഫ്രീദി ഫൗണ്ടേഷനെ സഹായിക്കുക മാത്രമല്ല, എല്ലാ ആരാധകരോടും സഹായിക്കാൻ ആഹ്വാനം നൽകുകയും ചെയ്തിരുന്നു. ഇതിനെതിരെ വിമർശനം കടുത്തതോടെയാണ് യുവരാജ് പ്രതികരണവുമായി രംഗത്തെത്തിയത്.

‘ഈ പ്രതിസന്ധി ഘട്ടത്തിൽ ഏറ്റവും അത്യാവശ്യക്കാരായ ആളുകളെ സഹായിക്കാനുള്ള ശ്രമം ഇത്രയും ഗുരുതരമായ ഒരു പ്രശ്നമായി മാറിയത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല. വിവിധ രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്ന ആളുകൾക്ക് ചികിത്സാ സൗകര്യവും മറ്റും ലഭ്യമാക്കി അവരെ സഹായിക്കുക മാത്രമായിരുന്നു ആ ആഹ്വാനത്തിലൂെട ഞാൻ ലക്ഷ്യമിട്ടത്. അല്ലാതെ ആരുടെയും വികാരത്തെ മുറിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല. ഞാൻ എന്നും ഇന്ത്യക്കാരൻ തന്നെയാണ്. നീലജഴ്സി തന്നെയാണ് എന്നും എന്റെ വികാരം. എക്കാലവും മനുഷ്യരാശിക്കായിത്തന്നെ ഞാൻ നിലകൊള്ളും. ജയ് ഹിന്ദ്’ – യുവി ട്വിറ്ററിൽ കുറിച്ചു.

നേരത്തെ, ഷാഹിദ് അഫ്രീദി ഫൗണ്ടേഷനു സഹായം നൽകുന്ന കാര്യം ട്വിറ്ററിലൂടെയാണ് യുവരാജ് അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കി യുവരാജ് കുറിച്ച വാക്കുകളിതാ: ‘പരീക്ഷണങ്ങളുടെ കാലമാണിത്. പരസ്പരം പിന്തുണയ്ക്കാനും കൂട്ടത്തിൽ നമ്മുടെയത്ര ഭാഗ്യമില്ലാത്തവരെ സഹായിക്കാനുമുള്ള സമയവും. നമുക്ക് നമ്മുടേതായ രീതിയിൽ സഹായങ്ങൾ ഉറപ്പാക്കാം. കൊറോണ വൈറസ് വ്യാപനത്തിന് എതിരായ ഈ നല്ല ഉദ്യമത്തിൽ ഷാഹിദ് അഫ്രീദിയേയും ഷാഹിദ് അഫ്രീദി ഫൗണ്ടേഷനെയും എളിയ രീതിയിൽ സഹായിക്കാനാണ് തീരുമാനം. നിങ്ങളും സംഭാവനകൾ നൽകുക’ – യുവരാജ് കുറിച്ചു.

കൊറോണ വൈറസ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ച നാൾമുതൽ സഹായ ഹസ്തവുമായി രംഗത്തുള്ള അഫ്രിദീയെയും അദ്ദേഹത്തിന്റെ ഫൗണ്ടേഷനെയും അഭിനന്ദിച്ച് ആദ്യം രംഗത്തെത്തിയ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങാണ്. ‘മുൻപെങ്ങുമില്ലാത്ത വിധം വളരെയധികം ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഷാഹിദ് അഫ്രീദിയെയും ഷാഹിദ് അഫ്രീദി ഫൗണ്ടേഷനെയും നമുക്ക് ആവുന്ന വിധത്തിൽ സഹായിക്കാം’ – വസിം അക്രം, യുവരാജ് സിങ്, ഷോയ്ബ് അക്തർ എന്നിവരെ ടാഗ് ചെയ്ത് ഹർഭജൻ ട്വിറ്ററിൽ കുറിച്ചു.

ഇതിനെല്ലാം പിന്നാലെ ഇരുവർക്കും നന്ദിയറിയിച്ച് ഷാഹിദ് അഫ്രീദി തന്നെ രംഗത്തെത്തി. ‘താങ്കളുടെയും (യുവരാജ് സിങ്) എന്റെ സഹോദരൻ ഹർഭജൻ സിങ്ങിന്റെയും എല്ലാ പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങൾ ഇരുവരും എന്നും ഞങ്ങളുടെ കരുത്താണ്. മനുഷ്യത്വത്തിന്റെ കാര്യം വരുമ്പോൾ അതിർത്തികൾ പോലും മായിച്ചുകളയുന്ന ബന്ധത്തിന്റെ തെളിവാണിത്. ‘യുവിക്യാൻ’ ക്യാംപെയിനുമായി ബന്ധപ്പെട്ട് താങ്കളുടെ പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും’ – അഫ്രീദി ട്വിറ്ററിൽ കുറിച്ചു.

English Summary: Yuvraj Singh Reacts After Facing Backlash For Supporting Pakistan's Coronavirus Campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com