ADVERTISEMENT

ന്യൂഡൽഹി∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒരു മാസത്തെ ശമ്പളം സർക്കാരിനു നൽകുന്നതിനെക്കുറിച്ച് വ്യാപക ചർച്ച നടക്കുമ്പോൾ, രണ്ടു വർഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് നൽകി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇപ്പോൾ ബിജെപി എംപിയുമായ ഗൗതം ഗംഭീർ. ഈസ്റ്റ് ഡൽഹിയിൽനിന്നുള്ള എംപിയായ ഗംഭീർ, ‘രാജ്യത്തിനായി നിങ്ങൾക്കെന്തു നൽകാനാകും’ എന്ന ചോദ്യത്തോടെയാണ് രണ്ടു വർഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കു നൽകിയത്. ട്വിറ്ററിലൂടെ ഗംഭീർ തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയത്.

‘ഈ രാജ്യത്തിന് ഞങ്ങൾക്കായി എന്തു ചെയ്യാൻ കഴിയുമെന്നാണ് ജനങ്ങളുടെ ചോദ്യം. പക്ഷേ, സുപ്രധാനമായ ചോദ്യം നിങ്ങൾക്ക് ഈ രാജ്യത്തിനായി എന്തു ചെയ്യാൻ കഴിയുമെന്നതാണ്. ഞാൻ എന്റെ രണ്ടു വർഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കു നൽകുന്നു. നിങ്ങളും മുന്നോട്ടു വരൂ’ – പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി പ്രസിഡന്റ് ജെ.പി. നഡ്ഡ എന്നിവരെ ടാഗ് ചെയ്ത് ഗംഭീർ കുറിച്ചു. നേരത്തെ, തന്റെ എംപി ഫണ്ടിൽനിന്ന് ഒരു കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുന്നതായി ഗംഭീർ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു വർഷത്തെ ശമ്പളം കൂടി നൽകുമെന്ന വെളിപ്പെടുത്തൽ.

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി ഉൾപ്പെടെ ഒട്ടേറെപ്പേർ നേരത്തേ തന്നെ സംഭാവന പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ‘ആളുകളുടെ ദുരിതം ഹൃദയം തകർക്കുന്നുവെന്ന പ്രഖ്യാപനത്തോടെയാണ് കോലിയും ഭാര്യ അനുഷ്ക ശർമയും തുക വെളിപ്പെടുത്താതെ സംഭാവന നൽകിയത്. രോഹിത് ശർമ (80 ലക്ഷം), സുരേഷ് റെയ്ന (52 ലക്ഷം), സച്ചിൻ തെൻഡുൽക്കർ (50 ലക്ഷം), അജിൻക്യ രഹാനെ (10 ലക്ഷം) തുടങ്ങിയ ക്രിക്കറ്റ് താരങ്ങളാണ് ഇതുവരെ സഹായം പ്രഖ്യാപിച്ച പ്രധാനികൾ. മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി 50 ലക്ഷം രൂപയുടെ അരിയും ഇർഫാൻ പഠാൻ – യൂസഫ് പഠാൻ സഹോദരൻമാർ 4000 മാസ്കുകളും വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് (ബിസിസിഐ) സംസ്ഥാന അസോസിയേഷനുകളുടെ സഹകരണത്തോടെ 51 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് നൽകിയത്.

English Summary: Gautam Gambhir donates 2 year’s salary to PM Cares fund to fight Covid-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com