ADVERTISEMENT

ന്യൂഡൽഹി∙ കൊറോണ വൈറസ് വ്യാപനത്തിനെതിരെ പോരാടുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെയും അദ്ദേഹത്തിന്റെ ഫൗണ്ടേഷനെയും സഹായിച്ചതിന്റെ പേരിൽ ആരാധകരുെട വിമർശനമേറ്റുവാങ്ങിയതിനു പിന്നാലെ പ്രതികരണവുമായി ഹർഭജൻ സിങ്ങും രംഗത്ത്. യുഎസിൽ സിഖ് മതക്കാരുടെ നേതൃത്വത്തിൽ നടക്കുന്ന സന്നദ്ധ പ്രവർത്തനങ്ങളുടെ വിഡിയോ പങ്കുവച്ചുകൊണ്ടാണ്, അഫ്രീദി വിഷയം പ്രത്യക്ഷത്തിൽ എടുത്തുപറയാതെ ഹർഭജന്റെ പ്രതികരണം.

‘മതമില്ല, ജാതിയില്ല, ഉള്ളത് മനുഷ്യരാശി മാത്രം. അതാണ് പ്രധാനം. വീട്ടിൽ സുരക്ഷിതരായിരിക്കുക. വിദ്വേഷവും വൈറസുമല്ല, സ്നേഹം പരത്തുക. ഓരോരുത്തർക്കു വേണ്ടിയും നമുക്കു പ്രാർഥിക്കാം. വഹീഗുരു നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ’ – ഹർഭജൻ ട്വിറ്ററിൽ കുറിച്ചു.

ഹർഭജന്റെ ആഹ്വാനം അനുസരിച്ച് അഫ്രീദി ഫൗണ്ടേഷനെ സഹായിച്ച യുവരാജ് സിങ്ങിനെയും ആരാധകർ രൂക്ഷ വിമർശനമുയർത്തിയിരുന്നു. ഇതിനെ തുടർന്ന് പ്രതികരണവുമായി യുവി രംഗത്തെത്തുകയും ചെയ്തു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഏറ്റവും അത്യാവശ്യക്കാരായ കുറച്ചുപേരെ സഹായിക്കാനുള്ള തീരുമാനം എങ്ങനെയാണ് ഇത്രയും ഗുരുതരമായ ഒരു പ്രശ്നമായി മാറിയതെന്ന് അറിയില്ലെന്നായിരുന്നു യുവരാജിന്റെ പ്രതികരണം.

കശ്മീർ വിഷയത്തിൽ സ്ഥിരമായി ഇന്ത്യയ്‌ക്കെതിരെ പരസ്യമായി നിലപാടെടുക്കുന്ന അഫ്രീദിക്കും അദ്ദേഹത്തിന്റെ ഫൗണ്ടേഷനും ഹർഭജനും യുവരാജും പിന്തുണ പ്രഖ്യാപിച്ചതാണ് ഒരുവിഭാഗം ആരാധകരെ ചൊടിപ്പിച്ചത്. ഇരുവരും അഫ്രീദി ഫൗണ്ടേഷനെ സഹായിക്കുക മാത്രമല്ല, എല്ലാ ആരാധകരോടും സഹായിക്കാൻ ആഹ്വാനം നൽകുകയും ചെയ്തിരുന്നു. ഇതിനെതിരെ വിമർശനം കടുത്തതോടെയാണ് യുവരാജ് പ്രതികരണവുമായി രംഗത്തെത്തിയത്.

‘ഈ പ്രതിസന്ധി ഘട്ടത്തിൽ ഏറ്റവും അത്യാവശ്യക്കാരായ ആളുകളെ സഹായിക്കാനുള്ള ശ്രമം ഇത്രയും ഗുരുതരമായ ഒരു പ്രശ്നമായി മാറിയത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല. വിവിധ രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്ന ആളുകൾക്ക് ചികിത്സാ സൗകര്യവും മറ്റും ലഭ്യമാക്കി അവരെ സഹായിക്കുക മാത്രമായിരുന്നു ആ ആഹ്വാനത്തിലൂെട ഞാൻ ലക്ഷ്യമിട്ടത്. അല്ലാതെ ആരുടെയും വികാരത്തെ മുറിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല. ഞാൻ എന്നും ഇന്ത്യക്കാരൻ തന്നെയാണ്. നീലജഴ്സി തന്നെയാണ് എന്നും എന്റെ വികാരം. എക്കാലവും മനുഷ്യരാശിക്കായിത്തന്നെ ഞാൻ നിലകൊള്ളും. ജയ് ഹിന്ദ്’ – യുവി ട്വിറ്ററിൽ കുറിച്ചു.

English Summary: Think of no religion, no caste but only humanity, says Harbhajan Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com