ADVERTISEMENT

ജൊഹാനാസ്ബർഗ്∙ കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യ നാളുകളിൽ ഇന്ത്യയിൽ കുടുങ്ങിപ്പോയ ദക്ഷിണാഫ്രിക്കൻ താരങ്ങളിൽ ആർക്കും കോവിഡ് ഇല്ലെന്ന് പരിശോധനാ ഫലം. ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര റദ്ദാക്കിയശേഷം നാലു ദിവസത്തോളം ഇവിടെ കുടുങ്ങിപ്പോയ ദക്ഷിണാഫ്രിക്കൻ താരങ്ങൾ മാർച്ച് 18നാണ് കൊൽക്കത്തയിൽനിന്ന് നാട്ടിലേക്കു മടങ്ങിയത്. തുടർന്ന് ഇവരെ 14 ദിവസത്തെ ക്വാറന്റീനിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, നിരീക്ഷണ കാലാവധി പൂർത്തിയായെങ്കിലും കളിക്കാരിലാർക്കും രോഗബാധയില്ലെന്ന് തെളിഞ്ഞതായി ടീമിന്റെ മുഖ്യ മെഡിക്കൽ ഓഫിസർ ഡോ. ഷുഹൈബ് മൻജ്ര അറിയിച്ചു.

നേരത്തെ, ദക്ഷിണാഫ്രിക്കൻ ടീം തങ്ങിയ ലക്നൗവിലെ ഹോട്ടലിൽ കോവി‍ഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂർ താമസിച്ചിരുന്നതായി കണ്ടെത്തിയത് ആശങ്ക സൃഷ്ടിച്ചിരുന്നു. ബ്രിട്ടനിൽനിന്ന് തിരിച്ചെത്തിയശേഷം ഉത്തർപ്രദേശിലെ ലക്നൗവിൽ കനിക കപൂർ താമസിച്ചത് ദക്ഷിണാഫ്രിക്കൻ താരങ്ങൾ താമസിച്ച ഹോട്ടലിലാണെന്ന് ഉത്തർപ്രദേശ് അധികൃതർ നടത്തിയ പരിശോധനയിലാണ് വ്യക്തമായത്. മാർച്ച് 11 മുതൽ നഗരത്തിലുണ്ടായിരുന്ന കനിക കപൂറിന്റെ റൂട്ട് മാപ്പ് കണ്ടെത്താൻ പ്രാദേശിക ഭരണകൂടവും യുപി ആരോഗ്യ വകുപ്പും നടത്തിയ ശ്രമത്തിനിടെയാണ് ലക്നൗവിലെ ‘ദക്ഷിണാഫ്രിക്കൻ ബന്ധ’വും പുറത്തുവന്നത്.

അതേസമയം, ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയെങ്കിലും ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് തൽക്കാലം വീടുകളിൽനിന്ന് പുറത്തിറങ്ങാനാകില്ല. വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ്. ദക്ഷിണാഫ്രിക്കയിൽ രണ്ടാഴ്ച കൂടി കഴിഞ്ഞാലേ ലോക്ഡൗൺ കാലാവധി പൂർത്തിയാകൂ. ദക്ഷിണാഫ്രിക്കയിൽ ഇതുവരെ 1500ഓളം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അഞ്ചു പേർ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ദക്ഷിണാഫ്രിക്കയിൽ കായിക മത്സരങ്ങളെല്ലാം 60 ദിവസത്തേക്ക് റദ്ദാക്കിയിരിക്കുകയാണ്.

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കായി ഇവിടെയെത്തിയ ദക്ഷിണാഫ്രിക്കൻ ടീം, വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരമ്പര റദ്ദാക്കിയതോടെയാണ് ഇവിടെ കുടുങ്ങിയത്. ധരംശാലയിൽ നടക്കേണ്ടിയിരുന്ന ആദ്യ ഏകദിനം മഴമൂലം ഉപേക്ഷിച്ചതിനു പിന്നാലെയാണ് രണ്ടും മൂന്നും ഏകദിനങ്ങൾ കോവിഡ് ഭീതിയെ തുടർന്ന് റദ്ദാക്കിയത്. ഫലത്തിൽ ഒരു മത്സരം പോലും കളിക്കാനാകാതെ ദക്ഷിണാഫ്രിക്കൻ ടീം ഇവിടെ കുടുങ്ങുകയായിരുന്നു. പരമ്പര റദ്ദാക്കി നാലു ദിവസങ്ങൾക്കുശേഷമാണ് ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് നാട്ടിലേക്കു മടങ്ങാനായത്.

English Summary: India-returned SA players Covid-19 negative, no symptoms in those not tested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com