ADVERTISEMENT

മുംബൈ∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 14 വരെ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന സമ്പൂർണ ലോക്ഡൗൺ പൂർത്തിയായാലും, അതിനുശേഷമുള്ള ദിവസങ്ങളിലെ നിയന്ത്രണങ്ങളും വൈറസ് വ്യാപനം തടയുന്നതിൽ നിർണായകമാണെന്ന് ക്രിക്കറ്റ് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിഡിയോ കോൺഫറൻസിലൂടെ കൂടിക്കാഴ്ച നടത്തിയശേഷമാണ് സച്ചിന്റെ പ്രസ്താവന. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബോധവൽക്കരണ പരിപാടികളിൽ സഹായം തേടി രാജ്യത്തെ 49 കായിക താരങ്ങളുമായി മോദി വിഡിയോ കോൺഫറൻസിലൂടെ സംവദിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുമായി സംസാരിക്കാൻ സച്ചിന് അവസരം ലഭിച്ചത്.

‘ഏപ്രിൽ 14ന് ലോക്ഡൗൺ അവസാനിച്ചാലും അതിനുശേഷമുള്ള നിയന്ത്രണങ്ങളും സുപ്രധാനമാണെന്ന എന്റെ വിശ്വാസം സാധൂകരിക്കുന്ന രീതിയിലാണ്  പ്രധാനമന്ത്രി സംസാരിച്ചത്. ഏപ്രിൽ 14 കഴിഞ്ഞാലും നാം ഇപ്പോൾ പാലിക്കുന്ന സുരക്ഷാ നിയന്ത്രണങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യരുതെന്ന് തന്നെ അർഥം’ – പ്രധാനമന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷം സച്ചിൻ പ്രസ്താവനയിൽ വ്യക്തമാക്കി.

ലോകം ഈ മഹാവ്യാധിയിൽനിന്നും രക്ഷപ്പെട്ടാലും ഭാവിയിൽ മറ്റുള്ളവരെ സ്വീകരിക്കുമ്പോഴും അഭിവാദനം ചെയ്യുമ്പോഴും ഹസ്തദാനത്തിനു പകരം ഇന്ത്യൻ ശൈലിയിൽ നമസ്തേ പറയുന്നതിനായിരിക്കും താൻ പ്രാധാന്യം നൽകുകയെന്ന് സച്ചിൻ വ്യക്തമാക്കി. ഇക്കാര്യം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും അഭിപ്രായമെന്ന നിലയിൽ അവതരിപ്പിച്ചതായും സച്ചിൻ അറിയിച്ചു.

പ്രായമായവരോടു കൂടുതൽ കരുതൽ കാട്ടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞതായി സച്ചിൻ വെളിപ്പെടുത്തി. പ്രായമായ ആളുകളെ കൂടുതലായി കേൾക്കേണ്ട സമയമാണിത്. അവരുടെ കഥകളും അനുഭവങ്ങളും ചോദിച്ചു മനസ്സിലാക്കാൻ ഈ സമയം പ്രയോജനപ്പെടുത്താമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

‘ലോക്ഡൗൺ പോലുള്ള അവസരങ്ങളിൽ ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യവും എങ്ങനെ പ്രധാനപ്പെട്ടതാകുന്നുവെന്ന കാര്യവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കായികക്ഷമത കാത്തുസൂക്ഷിക്കാൻ ഇപ്പോൾ ഞാൻ ചെയ്യുന്ന കാര്യങ്ങൾ അദ്ദേഹത്തെ അറിയിച്ചു. ഒരുമിച്ചു നിൽക്കാനും പരസ്പരം പ്രചോദിപ്പിക്കാനും നമ്മുടെ രാജ്യത്തിന് കിട്ടിയ അവസരമാണിത്. കായിക മത്സരങ്ങളിൽ സംഘബോധം വിജയത്തിലേക്കു വഴിവെട്ടുന്നതെങ്ങനെയോ, അപ്രകാരം വേണം ഒരു രാജ്യമെന്ന നിലയിൽ ഈ പ്രതിസന്ധി ഘട്ടത്തെ നാം തരണം ചെയ്യാൻ’ – സച്ചിൻ പ്രസ്താവനയിൽ അറിയിച്ചു.

സച്ചിനു പുറമെ സൗരവ് ഗാംഗുലി, വിരാട് കോലി, മഹേന്ദ്രസിങ് ധോണി, വീരേന്ദർ സേവാഗ്, രോഹിത് ശർമ, സഹീർ ഖാൻ, യുവരാജ് സിങ്, കെ.എൽ. രാഹുൽ, മുഹമ്മദ് ഷമി, ചേതേശ്വർ പൂജാര എന്നിവരാണ് ക്രിക്കറ്റിൽനിന്ന് വിഡിയോ കോൺഫറൻസിൽ പങ്കെടുത്തത്. മറ്റു കായിക മേഖലകളിൽനിന്ന് ഫുട്ബോൾ താരം സുനിൽ ഛേത്രി, മുൻ താരം ബൈചുങ് ബൂട്ടിയ, ഒളിംപിക്സ് മെഡൽ ജേതാവ് പി.വി സിന്ധു, ജാവലിൻ ത്രോ താരം നീരജ് ചോപ്ര, ചെസ് താരം വിശ്വനാഥൻ ആനന്ദ്, അത്‌ലീറ്റ് ഹിമ ദാസ്, ബോക്സിങ് താരവും രാജ്യസഭാ എംപിയുമായ എം.സി. മേരി കോം, അമിത് പംഘൽ, ഗുസ്തി താരം വിനേഷ് ഫൊഗട്ട്, ഷൂട്ടിങ് താരം മനു ഭാകർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. കേരളത്തിൽനിന്ന് പി.ടി. ഉഷ, അഞ്ജു ബോബി ജോർജ്, കെ.ടി. ഇർഫാൻ എന്നിവർക്കാണ് അവസരം ലഭിച്ചത്.

English Summary: PM reaffirmed my belief that we can't let our guard down after April 14: Sachin Tendulkar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com