ADVERTISEMENT

മുംബൈ∙ 2011ലെ ഏകദിന ലോകകപ്പ് കിരീടനേട്ടത്തിൽ മഹേന്ദ്രസിങ് ധോണിയുടെ സിക്സറിന് അനാവശ്യ ശ്രദ്ധ കിട്ടുന്നുവെന്ന് അന്ന് ടീമിൽ അംഗമായിരുന്ന ഇപ്പോഴത്തെ ലോക്സഭാ എംപി ഗൗതം ഗംഭീർ വിമർശനമുയർത്തിയത് കഴിഞ്ഞ ദിവസമാണ്. വിജയത്തിനരികെ നുവാൻ കുലശേഖരയുടെ പന്ത് നിലംതൊടാതെ അതിർത്തി കടത്തി ഇന്ത്യയെ വിജയത്തിലെത്തിച്ച ധോണിയുടെ ആ ഷോട്ടിനെക്കുറിച്ചായിരുന്നു ഗംഭീറിന്റെ പരാമർശം. അതവിടെ നിൽക്കട്ടെ. അന്ന് ലോകകപ്പ് ഫൈനലിൽ യുവരാജിനും മുൻപേ ധോണി കളത്തിലിറങ്ങിയത് ‘ഷോ’ കാട്ടാനായിരുന്നുവെന്ന് കരുതുന്ന ഒട്ടേറെ ആരാധകർ ഇന്നുമുണ്ട്. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ ഒൻപതാം വാർഷികത്തിലും ഇതേ ‘തിയറി’യുമായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നവരെ കണ്ടു.

സത്യത്തിൽ ആ ലോകകപ്പിൽ മികച്ച ഫോമിലായിരുന്ന യുവരാജിനെ മാറ്റിനിർത്തി ധോണി അഞ്ചാം നമ്പറിലേക്ക് സ്വയം പ്രമോട്ട് ചെയ്ത് ഇറങ്ങിയത് ഉറപ്പായ വിജയത്തിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാനാണോ? അന്ന് ടീമിൽ അംഗമായിരുന്ന സുരേഷ് റെയ്ന, ലോകകപ്പ് വിജയത്തിന്റെ വാർഷികത്തിൽ വാർത്താ ഏജൻസിയായ പിടിഐയ്ക്കു നൽകിയ അഭിമുഖത്തിൽ അതിന്റെ സത്യാവസ്ഥ തുറന്നു പറഞ്ഞു. റെയ്നയുടെ വാക്കുകളിലൂടെ: ‘ശ്രീലങ്ക നമുക്കു മുന്നിൽ അത്യാവശ്യം മികച്ച വിജയലക്ഷ്യമാണ് ഉയർത്തിയതെങ്കിലും ഡ്രസിങ് റൂമിൽ എല്ലാവരും ശാന്തരായിരുന്നു. പലരും പല ജോലികളിലായിരുന്നെങ്കിലും ആത്യന്തിക ലക്ഷ്യം കിരീടം നേടുക മാത്രമായിരുന്നു. ആരും ആരോടും മിണ്ടി പോലുമില്ല.’

‘ഒറ്റ ലക്ഷ്യമേ എല്ലാവരുടെയും മുന്നിലുണ്ടായിരുന്നുള്ളൂ. കിരീടം നേടുക. സച്ചിൻ പുറത്തായപ്പോൾ ഡ്രസിങ് റൂമിലെ നിശബ്ദത ഒന്നുകൂടി കനത്തു. പക്ഷേ, ആരും ശാന്തത കൈവിട്ടില്ല. സേവാഗ് പുറത്തായപ്പോൾ ഗംഭീർ കളത്തിലേക്കു വരുന്ന കാഴ്ച നിങ്ങൾ ഓർമിക്കുന്നുണ്ടാകും. വലിയ ആത്മവിശ്വാസത്തിലായിരുന്നു ഗംഭീർ. അദ്ദേഹത്തിന്റെ ആത്മവിശ്വാസം കണ്ടപ്പോൾത്തന്നെ ഈ കിരീടം നമുക്കാണെന്ന് എനിക്കു തോന്നിയിരുന്നു. യുവരാജിനു മുന്നേ ധോണി ഇറങ്ങിയതും പ്രധാനപ്പെട്ടൊരു തീരുമാനമായിരുന്നു. മുത്തയ്യ മുരളീധരനെതിരെ കൂടുതൽ നന്നായി കളിക്കാൻ തനിക്കാകുമെന്ന് ചൂണ്ടിക്കാട്ടി പരിശീലകൻ ഗാരി കിർസ്റ്റന്റെ അനുമതിയോടെയാണ് അദ്ദേഹം നേരത്തെ ഇറങ്ങിയത്. അന്ന് സംഭവിച്ചതെല്ലാം അതേ മിഴിവോടെ ഇപ്പോഴും എന്റെ മനസ്സിലുണ്ട്’ – റെയ്ന പറഞ്ഞു.

അന്ന് ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ ബോളിങ്ങിലും ഒരു സച്ചിൻ െതൻഡുൽക്കർ ഉണ്ടായിരുന്നുവെന്ന് റെയ്ന അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ച പേസ് ബോളർ സഹീർ ഖാനെ ചൂണ്ടിയായിരുന്നു റെയ്നയുടെ വെളിപ്പെടുത്തൽ. ‘ആ ലോകകപ്പിൽ എന്തു തീരുമാനമെടുത്താലും അതെല്ലാം നമുക്ക് സഹായകമാകുന്ന രീതിയിലാണ് അവസാനിച്ചിരുന്നത്. ബോളിങ് ആക്രമണം മുന്നിൽനിന്ന് നയിച്ചിരുന്നത് സഹീർ ഭായിയായിരുന്നു. ലോകകപ്പ് വിജയത്തിൽ എല്ലാവരും നമ്മുടെ ബാറ്റിങ് നിരയെ വാനോളം പുകഴ്ത്തും. പക്ഷേ, ബോളിങ്ങിൽ നമ്മുടെ സച്ചിൻ തെൻഡുൽക്കറായിരുന്നു സഹീർ ഭായിയെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ആവശ്യമായ സമയത്തെല്ലാം കൃത്യമായി ബ്രേക്ക് ത്രൂ സമ്മാനിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. യുവരാജ് സിങ്ങിന്റെ ഉറച്ച പിന്തുണ കൂടി ചേർന്നതോടെ നിർണായക വിക്കറ്റുകൾ വീഴ്ത്തി മത്സരങ്ങൾ സ്വന്തമാക്കാൻ നമുക്കായി’ – റെയ്ന പറഞ്ഞു.

2011 ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരങ്ങളിൽ പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിക്കൊപ്പം ഒന്നാം സ്ഥാനത്തായിരുന്നു സഹീർ ഖാൻ. ഇരുവരും 21 വിക്കറ്റുകൾ വീതമാണ് വീഴ്ത്തിയത്. ഒൻപതു മത്സരങ്ങളിൽനിന്ന് 18.76 ശരാശരിയിലാണ് സഹീർ ഖാൻ 21 വിക്കറ്റ് വീഴ്ത്തിയത്.

English Summary: ‘He was Sachin Tendulkar of bowling department’: Suresh Raina hails Indian pacer for 2011 World Cup performance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com