ADVERTISEMENT

ന്യൂഡൽഹി ∙ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോൾ ജീവനൊടുക്കുന്നതിനെപ്പറ്റി മൂന്നു തവണ ചിന്തിച്ചുവെന്ന ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. 2018ൽ വ്യക്തിജീവിതത്തിൽ സംഭവിച്ച ചില പാകപ്പിഴകളുടെ പേരിൽ ജീവിതം തകർന്നതോടെയാണ് ആത്മഹത്യയിൽ അഭയം തേടുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്ന് സഹതാരം രോഹിത് ശർമയുമായുള്ള ഇൻസ്റ്റഗ്രാം ചാറ്റിലാണു ഷമി തുറന്നുപറഞ്ഞത്. താൻ എന്തെങ്കിലും കടുംകൈ ചെയ്തേക്കുമെന്ന ഭയത്താൽ അക്കാലത്തു സുഹൃത്തുക്കൾ 24 മണിക്കൂറും തനിക്കു കാവലിരുന്നെന്നും ഷമി പറഞ്ഞിരുന്നു. ഭാര്യ ഹസിൻ ജഹാനുമായുള്ള കുടുംബപ്രശ്നങ്ങളായിരുന്നു അക്കൂട്ടത്തിൽ മുഖ്യം.

‘ആ സമയത്ത് എന്റെ ജീവിതം ഉലഞ്ഞുപോയി. വ്യക്തിപരമായി ഞാൻ തകർന്നു. 3 തവണയാണ് ആത്മഹത്യ ചെയ്യുന്നതിനെപ്പറ്റി ഞാൻ ഗൗരവത്തോടെ ചിന്തിച്ചത്. ഞങ്ങൾ താമസിച്ചിരുന്ന 24 നില അപാർട്മെന്റിന്റെ മുകളിൽനിന്നു ഞാൻ ചാടുമോയെന്നായിരുന്നു വീട്ടുകാരുടെ ഭയം. കുടുംബവും സുഹൃത്തുക്കളും നൽകിയ ഉറച്ച പിന്തുണയാണ് എന്നെ രക്ഷിച്ചത്’ – ഷമി പറഞ്ഞു.

കുടുംബപ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്യുന്ന കാര്യം പോലും ആലോചിച്ചിരുന്നതായുള്ള ഷമിയുടെ വെളിപ്പെടുത്തലിനു പിന്നാലെ അദ്ദേഹവുമായി അകന്നുകഴിയുന്ന ഭാര്യ ഹസിൻ ജഹാൻ ഒരിക്കൽക്കൂടി വാർത്തകളിൽ നിറയുകയാണ്. ഷമിയുമായി അകന്ന് ബംഗാളിലെ വീട്ടിലാണ് ഇപ്പോഴുള്ളതെങ്കിലും ഈ ലോക്ഡൗൺ കാലത്തും സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഹസിൻ ജഹാൻ. ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമെല്ലാം സ്ഥിരമായി ചിത്രങ്ങളും വിഡിയോകളും പോസ്റ്റ് ചെയ്യുന്നുണ്ട്. ഷമിയുടെ വെളിപ്പെടുത്തലിനു പിന്നാലെ ചില ആരാധകർ കമന്റുകളുമായി ഹസിൻ ജഹാന്റെ വിവിധ പോസ്റ്റുകൾക്ക് ചുവടെ എത്തിയിരുന്നു. മകളെയോർത്തെങ്കിലും എല്ലാ പ്രശ്നങ്ങളും മറന്ന് വീണ്ടും ഒരുമിക്കാൻ ‘ഉപദേശിച്ച’ ആരാധകരുമുണ്ട്.

∙ ഷമിയും ഹസിൻ ജഹാനും

പ്രായത്തിൽ തന്നേക്കാൾ 10 വയസ്സ് മൂത്ത ഹസിൻ ജഹാനെ 2014 ജൂൺ ആറിനാണ് മുഹമ്മദ് ഷമി ജീവിതത്തിൽ കൂടെ കൂട്ടിയത്. 2012ലെ ഐപിഎൽ കാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ പരിചയം പ്രണയമായി വളർന്നാണ് വിവാഹത്തിലെത്തിയത്. അതേസമയം, ഷമിയെ വിവാഹം കഴിക്കുന്നതിനു മുൻപേ വിവാഹിതയായിരുന്നു ഹസിൻ ജഹാൻ. ബംഗാളിൽ വ്യാപാരിയായ ഷെയ്ഖ് സയ്ഫുദ്ദീനായിരുന്നു ആദ്യ ഭർത്താവ്. ആ ബന്ധത്തിൽ രണ്ടു പെൺമക്കളുമുണ്ട്. മക്കളായ ശേഷം പഠനം തുടരണമെന്ന ആഗ്രഹത്തിന് ഭർത്താവും കുടുംബവും എതിരുനിന്നതോടെയാണ് 2010ൽ ആ വിവാഹബന്ധം വേർപ്പെടുത്തിയത്.

View this post on Instagram

#hasinjahanfam #hasinjahan😃😃💃💃

A post shared by hasin jahan (@hasinjahanofficial) on

ആദ്യ വിവാഹത്തിന്റെ കാര്യം പറയാതെയാണ് ഹസിൻ ജഹാൻ തന്റെ ജീവിതത്തിലേക്ക് കടന്നുവന്നതെന്ന് ഇരുവര്‍ക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തതിനു പിന്നാലെ 2018ൽ ഷമി ആരോപിച്ചിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പെൺമക്കൾ മരിച്ചുപോയ സഹോദരിയുടേതാണെന്ന് പറഞ്ഞിരുന്നതായും ഷമി വെളിപ്പെടുത്തി. ഷമിയെ പരിചയപ്പെടുന്ന കാലത്ത് അത്യാവശ്യം അറിയപ്പെടുന്ന മോഡലായിരുന്നു ഹസിൻ ജഹാൻ. അഭിനയമായിരുന്നു സ്വപ്നം. എന്നാൽ ഷമിയുമായുള്ള വിവാഹത്തിനു പിന്നാലെ മോഡലിങ് ഉപേക്ഷിച്ചു. പിന്നീട് വീട്ടമ്മയായി ഒതുങ്ങിക്കൂടുകയായിരുന്നു.

2015 ജൂലൈയിൽ ഇരുവർക്കും മകൾ പിറന്നു. ഐറ ഷമിയെന്നാണ് കുഞ്ഞിനു പേരിട്ടത്. 2016ലാണ് ആദ്യമായി ഇരുവരുടെയും പേര് ആദ്യമായി വിവാദങ്ങളിൽ അകപ്പെടുന്നത്. സ്ലീവ്‌ലെസ് ഗൗൺ ധരിച്ച ഹസിൻ ജഹാനൊപ്പമുള്ള ചിത്രം ഷമി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതാണ് വിവാദമായത്. ഇത് സമൂഹത്തിലെ ഒരുവിഭാഗം ആളുകളെ ചൊടിപ്പിച്ചു. ഈ വിഷയത്തിൽ ഷമിയെ പിന്തുണച്ച് മുഹമ്മദ് കൈഫ് ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങൾ രംഗത്തെത്തിയിരുന്നു.

∙ ആടിയുലഞ്ഞ് ബന്ധം

ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ ആദ്യമായി പുറംലോകമറിയുന്നത് 2018ന്റെ ആരംഭത്തിലാണ്. 2018 മാർച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിൻ ചില ചിത്രങ്ങൾ പുറത്തുവിട്ടു. ഇതിനു പിന്നാലെ ഷമിക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനം ആരോപിച്ച് അവർ പൊലീസിൽ പരാതിയും നൽകി. ഇതുപ്രകാരം താരത്തിനെതിരെ പൊലീസ് കേസെടുത്തു. ഗാർഹിക പീഡനം, വിശ്വാസ വഞ്ചന കുറ്റങ്ങൾ ചുമത്തിയായിരുന്നു ഷമിയുടെ ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. തൊട്ടുപിന്നാലെ ഷമിയെ കാണാനില്ലെന്നും വാർത്തകൾ പരന്നിരുന്നു.

View this post on Instagram

I love the view tea garden 😍😍

A post shared by hasin jahan (@hasinjahanofficial) on

ഒത്തുതീർപ്പു ശ്രമങ്ങൾക്കിടെ ഷമിക്കെതിരെ കോഴ ആരോപണവും ഹസിൻ ഉന്നയിച്ചു. പാക്കിസ്ഥാനിൽ നിന്നുള്ള ഒരു പെൺകുട്ടിയെ ഷമി വിവാഹം കഴിച്ചതായും ആരോപണമുയർത്തി. തനിക്കും കുഞ്ഞിനും പ്രതിമാസം ഏഴു ലക്ഷം രൂപ വീതം ഷമി ചെലവിനു നൽകണമെന്ന് ആവശ്യപ്പെട്ട് ഹസിൻ ജഹാൻ കോടതിയെ സമീപിച്ചു. ഹർജി സ്വീകരിച്ച കോടതി 80,000 രൂപ മകൾക്കു നൽകാൻ ഉത്തരവിട്ടു. ഇതിനിടെ ഉത്തർപ്രദേശിലെ അംറോഹയിലെ ഷമിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിന് ഹസിൻ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തതും വാർത്തയായി.

കോഴ ആരോപണത്തിൽ ഷമിക്കെതിരെ അന്വേഷണം നടത്താൻ ഡൽഹി മുൻ പൊലീസ് കമ്മിഷണർ നീരജ് കുമാറിനെയും ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തെയും ബിസിസിഐ ഭരണസമിതി ചുമതലപ്പെടുത്തിയിരുന്നു. ഇതിൽ നീരജ് കുമാർ നൽകിയ രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഷമിക്കെതിരെ തുടർ നടപടികൾ ആവശ്യമില്ലെന്ന് ബിസിസിഐ പിന്നീടു തീരുമാനിച്ചു. കേസ് നടപടികൾക്കിടെ ഷമിയുടെ വാർഷിക കരാർ ബിസിസിഐ തടഞ്ഞുവച്ചെങ്കിലും കുറ്റവിമുക്തനായതോടെ പുനഃസ്ഥാപിച്ചു. 

പിന്നീട് പ്രശ്നങ്ങളെല്ലാം അതിജീവിച്ച് ശക്തമായി തിരിച്ചെത്തിയ ഷമി കരിയറിലെ ഏറ്റവും ഫോമിലേക്കുയർന്നു. 2019ലെ ഏകദിന ലോകകപ്പിൽ പകരക്കാരനായെത്തി പകരം വയ്ക്കാനില്ലാത്ത പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിന്റെ രക്ഷകനായി ഷമി. ഭുവനേശ്വർ കുമാറിന് പരുക്കേറ്റതുകൊണ്ടു മാത്രം കളിക്കാൻ അവസരം ലഭിച്ച ഷമി ഒരു ഹാട്രിക്കും സ്വന്തമാക്കിയിരുന്നു. 2019ൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരമാണ്.

English Summary: Mohammed Shami and Hasin Jahan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com