ADVERTISEMENT

ഇസ്‍ലാമാബാദ്∙ സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ ചേതോഹരമായ ബാറ്റിങ് ഇഷ്ടപ്പെടാത്ത ആരാധകരുണ്ടോ? ആ സ്ട്രൈറ്റ് ഡ്രൈവുകളും കവർ ഡ്രൈവുകളും അപ്പർ കട്ടുകളുമെല്ലാം ഒരു കാലഘട്ടത്തിന്റെ ക്രിക്കറ്റ് കാഴ്ചയെ രൂപപ്പെടുത്തിയ ഷോട്ടുകളാണ്. എതിരാളികളെ വകവയ്ക്കാതെയുള്ള ആ മായിക പ്രകടനത്തിൽ വീണുപോയവരിൽ ഇതാ ഒരു പാക്കിസ്ഥാൻ താരവും! സച്ചിനോടുള്ള ഇഷ്ടത്തിന്റെ വ്യത്യസ്തമായൊരു വേർഷൻ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത് പാക്കിസ്ഥാന്റെ മുൻ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമാണ്; റാഷിദ് ലത്തീഫ്. സച്ചിൻ ബാറ്റു ചെയ്യുമ്പോൾ വിക്കറ്റിനു പിന്നിൽനിന്ന് അദ്ദേഹം ഔട്ടാകരുതേ എന്ന് പലപ്പോഴും ഉള്ളിന്റെയുള്ളിൽ ആഗ്രഹിച്ചിരുന്നുവെന്നാണ് ലത്തീഫിന്റെ വെളിപ്പെടുത്തൽ. 

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധസമാനമായ സാഹചര്യങ്ങളിൽ ഏറ്റുമുട്ടിയിരുന്ന കാലത്ത് പാക്കിസ്ഥാന്റെ വിക്കറ്റ് കീപ്പറായിരുന്ന താരമാണ് റാഷിദ് ലത്തീഫ്. 1992ൽ പാക്ക് ജഴ്സിയിൽ അരങ്ങേറിയ ലത്തീഫ്, 2003ലാണ് ഏറ്റവും ഒടുവിൽ പാക്കിസ്ഥാനായി കളത്തിലിറങ്ങിയത്. ഇതിനിടെ കളിച്ചത് 37 ടെസ്റ്റുകളും 166 ഏകദിനങ്ങളും. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം ഏറെക്കുറെ സജീവമായിരുന്ന ഈ കാലഘട്ടം തന്നെയാണ് സച്ചിന്റെ കരിയറിലെ സുവർണ കാലവും. ബ്രയാൻ ലാറയും റിക്കി പോണ്ടിങ്ങും ജാക്ക് കാലിസും ഉൾപ്പെടെയുള്ളവർ എത്രയും പെട്ടെന്ന് പുറത്തായി കാണാൻ ആഗ്രഹിക്കുമ്പോഴാണ്, സച്ചിൻ പുറത്താകരുതെന്ന് ആഗ്രഹിച്ചിരുന്നതെന്നും അൻപത്തൊന്നുകാരനായ റാഷിദ് ലത്തീഫ് വെളിപ്പെടുത്തി.

‘ഞാൻ പാക്കിസ്ഥാൻ വിക്കറ്റ് കീപ്പറായിരുന്ന കാലത്ത് ഒട്ടേറെ മികച്ച താരങ്ങൾ എനിക്കു തൊട്ടുമുന്നിൽ ബാറ്റു ചെയ്തിട്ടുണ്ട്. പക്ഷേ സച്ചിൻ ബാറ്റിങ്ങിനായെത്തുന്നത് തികച്ചും വ്യത്യസ്തമായൊരു അനുഭവമായിരുന്നു. സച്ചിൻ ക്രീസിൽ നിൽക്കുമ്പോൾ അദ്ദേഹം ഔട്ടാകരുതേയെന്ന് തൊട്ടുപിന്നിൽനിന്ന് ആഗ്രഹിച്ചുപോയ എത്ര നിമിഷങ്ങളുണ്ടെന്നോ. അത്രയും അടുത്തുനിന്ന് സച്ചിന്റെ ബാറ്റിങ് കാണുന്നത് തന്നെ സുഖമുള്ളൊരു കാഴ്ചയായിരുന്നു. ടിവിയിൽ പോലുമല്ല ഞാൻ അദ്ദേഹത്തിന്റെ കളി കണ്ടിരുന്നത്. മറിച്ച് തൊട്ടുപിന്നിൽ വിക്കറ്റിനു പിന്നിൽനിന്നാണ്’ – റാഷിദ് ലത്തീഫ് വിവരിച്ചു.

‘ഞാൻ കീപ്പറായിരിക്കുമ്പോൾ ബ്രയാൻ ലാറ, റിക്കി പോണ്ടിങ്, ജാക്വസ് കാലിസ് തുടങ്ങിയവരൊക്കെ എനിക്കു തൊട്ടുമുന്നിൽ ബാറ്റു ചെയ്തിട്ടുണ്ട്. ഇവരെല്ലാം എത്രയും പെട്ടെന്ന് ഔട്ടായിപ്പോകണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. പക്ഷേ, സച്ചിന്റെ പെരുമാറ്റവും രീതികളുമെല്ലാം തികച്ചും വ്യത്യസ്തമായിരുന്നു. വിക്കറ്റിനു പിന്നിൽനിന്ന് അദ്ദേഹത്തെ പ്രകോപിപ്പിക്കാനായി എന്തൊക്കെ പറഞ്ഞാലും വകവയ്ക്കില്ല. ഒന്നും മിണ്ടില്ലെന്ന് മാത്രമല്ല, വെറുതെ ചിരിക്കുകയും െചയ്യും’ – ലത്തീഫ് പറഞ്ഞു.

‘നോക്കൂ, വിക്കറ്റിനു പിന്നിൽ നിന്ന് ഓരോന്നു പറയുമ്പോൾ മിക്ക താരങ്ങളും അരിശത്തോടെ പ്രതികരിച്ചിരുന്നു. സച്ചിനേപ്പോലെ എല്ലാം ചിരിച്ചു തള്ളിയിരുന്ന മറ്റൊരു താരം ഇന്ത്യയുടെ തന്നെ മുഹമ്മദ് അസ്ഹറുദ്ദീനാണ്. എതിരാളികളുടെ പോലും ഹൃദയം കവരുന്നവർ. ഇതുകൊണ്ടൊക്കെയാണ് എല്ലാവരും സച്ചിനെ സ്നേഹിക്കുന്നതും ആരാധിക്കുന്നതും, പ്രത്യേകിച്ചും വിക്കറ്റ് കീപ്പർമാർ. അദ്ദേഹം ബോളർമാരെ കടന്നാക്രമിക്കും, സെഞ്ചുറി നേടും. എന്നാലും ഒരക്ഷരം ഉരിയാടില്ല. വിക്കറ്റ് കീപ്പറെന്ന നിലയിൽ അദ്ദേഹത്തിന്റെ ശ്രദ്ധ കളയാൻ പരമാവധി ശ്രമിക്കും. പക്ഷേ, അദ്ദേഹം ഗൗനിക്കില്ല’ – ലത്തീഫ് വെളിപ്പെടുത്തി.

‘നിങ്ങൾ നല്ലൊരു ഇന്നിങ്സ് കളിച്ചാൽ അതവിടെ തീർന്നു. പക്ഷേ, നിങ്ങളുടെ പെരുമാറ്റം ആളുകൾ എക്കാലവും ഓർത്തിരിക്കും. ക്രിക്കറ്റ് കളത്തിൽ ഏറ്റവും മാന്യമായി പെരുമാറിയിരുന്ന താരങ്ങളുടെ പട്ടികയെടുത്താൽ അതിൽ മുൻനിരയിൽ സച്ചിനുണ്ടാകുമെന്ന് തീർച്ചയാണ്. അത്തരം താരങ്ങൾ എക്കാലവും നമ്മുടെ ഓർമകളിലുണ്ടാകും’ – ലത്തീഫ് പറഞ്ഞു.

English Summary: ‘My heart didn’t want him to get out’: Former Pakistan captain reveals why he enjoyed watching Sachin Tendulkar bat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com