ADVERTISEMENT

ഇസ്‍ലാമാബാദ്∙ സച്ചിൻ തെൻഡുൽക്കർ – വിരാട് കോലി താരതമ്യം സമകാലിക ക്രിക്കറ്റിലെ ഒരു പതിവുകാഴ്ചയാണ്. ഇതിൽ ആരാണ് കൂടുതൽ കേമൻ എന്ന ചർച്ചയും ഇപ്പോൾ പതിവുള്ളതുതന്നെ. രാജ്യാന്തര ക്രിക്കറ്റിലെ ഒട്ടേറെ റെക്കോർഡുകൾ ഇന്നും സച്ചിന്റെ പേരിലാണെങ്കിലും അവയിൽ ഒട്ടുമിക്ക റെക്കോർഡുകളും കോലി മറികടക്കുമെന്ന് കരുതുന്നവർ ഏറെയാണ്. ഇവരെ രണ്ടുപേരെയും താരതമ്യം ചെയ്യാൻ പാക്കിസ്ഥാന്റെ മുൻ ക്യാപ്റ്റൻ കൂടിയായ വസിം അക്രത്തോട് ആവശ്യപ്പെട്ടാലോ?

കരിയറിലുടനീളം സച്ചിനെതിരെ ബോൾ ചെയ്തിട്ടുള്ള താരമാണെങ്കിലും കോലിക്കെതിരെ ബോൾ ചെയ്യാൻ അക്രത്തിന് അവസരം ലഭിച്ചിട്ടില്ല. എങ്കിലും ഒരു അഭിമുഖത്തിൽ ഇരുവരെയും താരതമ്യം ചെയ്യാനുള്ള മുൻ ഇന്ത്യൻ താരവും ഇപ്പോൾ കമന്റേറ്ററുമായ ആകാശ് ചോപ്രയുടെ ആവശ്യം അക്രം അംഗീകരിച്ചു. ക്രിക്കറ്റ് മൈതാനങ്ങളിൽ പതിവു കാഴ്ചയായ ‘സ്ലെജിങ്’ എന്ന ചീത്തവിളിയോട് ഇരുവരും എങ്ങനെയാകും പ്രതികരിക്കുക എന്നതിനെക്കുറിച്ചാണ് അക്രം സംസാരിച്ചത്.

‘സമകാലിക ക്രിക്കറ്റിലെ ഇതിഹാസമാണ് വിരാട് (കോലി). സച്ചിനുമായി താരതമ്യം ചെയ്താലും തീർത്തും വ്യത്യസ്തരായ രണ്ടു താരങ്ങള്‍. കോലി വളരെ ആക്രമണോത്സുകതയുള്ള വ്യക്തിയാണ്. ബാറ്റിങ്ങിലും അതേ ആക്രമണോത്സുകതയുണ്ട്. പക്ഷേ സച്ചിൻ തിരിച്ചാണ്. ബാറ്റിങ്ങിൽ ആക്രണോത്സുകതയുണ്ടെങ്കിലും വ്യക്തിജീവിതത്തിൽ സച്ചിൻ ശാന്തനാണ്. കോലിയിൽനിന്നും തികച്ചും വിഭിന്നമായ ബോഡി ലാങ്ങ്വേജാണ് സച്ചിന്റേത്’ – അക്രം ചൂണ്ടിക്കാട്ടി.

ഇരുവരെയും ‘സ്ലെജ്’ ചെയ്യാൻ ശ്രമിച്ചാലുള്ള വ്യത്യാസത്തെക്കുറിച്ചും അക്രം സംസാരിച്ചു; ‘ബാറ്റിങ്ങിനിടെ സച്ചിനെ ഞാൻ ചീത്തവിളിക്കുന്നു എന്ന് കരുതുക. അത് സച്ചിനെ തെല്ലും ബാധിക്കില്ലെന്നു മാത്രമല്ല, അദ്ദേഹം കൂടുതൽ കരുത്തനാകുകയും െചയ്യും. ഇത് എന്റെ നിരീക്ഷണമാണ്. ചിലപ്പോൾ തെറ്റുപറ്റാം. പക്ഷേ, കോലിയേയാണ് ഞാൻ ചീത്തവിളിക്കുന്നതെങ്കിൽ അദ്ദേഹത്തിന്റെ നിയന്ത്രണം നഷ്ടമാകുമെന്ന് തീർച്ചയാണ്. ബാറ്റ്സ്മാനെ നമ്മൾ ചീത്തവിളിക്കുമ്പോൾ അദ്ദേഹം വൈകാരികമായി പ്രതികരിച്ചാൽ ആ വിക്കറ്റ് കിട്ടാൻ സാധ്യതയേറെയാണ്’ – അക്രം ചൂണ്ടിക്കാട്ടി.

സച്ചിന്റെ ഒട്ടുമിക്ക റെക്കോർഡുകളും കോലി തകർക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തലെങ്കിലും ഇക്കാര്യത്തിലും തനിക്കു സംശയമുണ്ടെന്ന് അക്രം വ്യക്തമാക്കി. ഏകദിനത്തിൽ കൂടുതൽ സെഞ്ചുറികൾ നേടിയ താരമെന്ന സച്ചിന്റെ റെക്കോർഡിന് തൊട്ടടുത്താണ് കോലി. സച്ചിന്റെ പേരിൽ 49 ഏകദിന സെഞ്ചുറികളാണുള്ളത്. കോലിയുടെ പേരിൽ ഇപ്പോൾത്തന്നെ 43 സെ‍ഞ്ചുറികളുണ്ട്. ഇത്തരം റെക്കോർഡുകൾ കോലി സ്വന്തമാക്കിയേക്കാമെങ്കിലും അദ്ദേഹത്തിന് എത്തിപ്പിടിക്കാനാകാത്ത ഒട്ടേറെ നേട്ടങ്ങൾ സച്ചിന്റെ പേരിലുണ്ടെന്ന് അക്രം അഭിപ്രായപ്പെട്ടു.

English Summary: Virat Kohli loses temper if sledged, Sachin Tendulkar would become determined: Wasim Akram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com