ADVERTISEMENT

ജൊഹാനാസ്ബർഗ്∙ രാജ്യാന്തര ഏകദിനത്തിലെ ആദ്യ ഇരട്ടസെഞ്ചുറിയുമായി സച്ചിൻ തെൻഡുൽക്കർ ചരിത്രമെഴുതിയ മത്സരത്തിൽ, 190കളിൽവച്ച് താൻ അദ്ദേഹത്തെ പുറത്താക്കിയിരുന്നുവെന്ന് ദക്ഷിണാഫ്രിക്കൻ താരം ഡെയ്‌ൽ സ്റ്റെയ്നിന്റെ ‘തമാശ’. സച്ചിനെതിരെ ഇന്ത്യയിൽ ബോൾ ചെയ്യുമ്പോഴുള്ള വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഗ്വാളിയറിൽ ഇരട്ടസെഞ്ചുറിക്കരികെ സച്ചിനെ എൽബിയിൽ കുരുക്കിയതായി സ്റ്റെയ്ൻ പറഞ്ഞത്. 2010 ഫെബ്രുവരി നാലിന് ഗ്വാളിയറിൽ നടന്ന ആ ഏകദിന മത്സരത്തിലാണ് സച്ചിന്‍ തെൻഡുൽക്കർ ആദ്യ ഏകദിന ഇരട്ടസെഞ്ചുറി പൂർത്തിയാക്കി ചരിത്രമെഴുതിയത്. 147 പന്തിൽ 25 ഫോറും മൂന്നു സിക്സും സഹിതമാണ് അന്ന് സച്ചിൻ ഇരട്ടസെഞ്ചുറിയിലെത്തിയത്. മത്സരത്തിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 401 റൺസെടുത്ത ഇന്ത്യ, ദക്ഷിണാഫ്രിക്കയെ 248 റൺസിന് പുറത്താക്കി 153 റൺസിന്റെ കൂറ്റൻ വിജയം ആഘോഷിക്കുകയും ചെയ്തു.

എന്നാൽ, അന്ന് ഇരട്ടസെഞ്ചുറിയിലെത്തും മുൻപ് സച്ചിൻ ഔട്ടായിരുന്നുവെന്നാണ് തമാശരൂപേണ ഡെയ്‍ൽ സ്റ്റെയ്ൻ ചൂണ്ടിക്കാട്ടിയത്. ജയിംസ് ആൻഡേഴ്സൻ, മുൻ ഇംഗ്ലണ്ട് താരങ്ങളായ നാസർ ഹുസൈൻ, റോബ് കീ എന്നിവർക്കൊപ്പം നടത്തിയ സ്കൈ സ്പോർട്സ് ക്രിക്കറ്റിന്റെ പോഡ്കാസ്റ്റിലാണ് സ്റ്റെയ്‌നിന്റെ തമാശ. സച്ചിന്‍ ഔട്ടാണെന്ന് വിധിച്ചാൽ അദ്ദേഹത്തിന്റെ ഇരട്ടസെഞ്ചുറി കാണാൻ ആകാംക്ഷയോടെ കാത്തിരുന്ന ഗ്വാളിയറിലെ ആരാധകർ എങ്ങനെ പ്രതികരിക്കുമെന്ന സംശയം നിമിത്തം അംപയർ ഇയാൻ ഗൂൾഡ് ഔട്ട് അനുവദിച്ചില്ലെന്ന് സ്റ്റെയ്ൻ പറഞ്ഞു.

‘രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഇരട്ടസെഞ്ചുറി സച്ചിൻ തെൻഡുൽക്കർ നേടിയത് ഞങ്ങൾക്കെതിരെയാണ്. ഗ്വാളിയറിൽവച്ച്. അന്ന് 190കളിൽവച്ച് ഞാൻ സച്ചിനെ എൽബിയിൽ കുരുക്കിയതാണ്. അന്ന് ഇയാൻ ഗൂൾഡായിരുന്നു അംപയർ. ഞാൻ അപ്പീൽ ചെയ്തെങ്കിലും അദ്ദേഹം അനുവദിച്ചില്ല. എന്റെ അപ്പീലിനോട് അംപയർ പ്രതികൂലമായി പ്രതികരിച്ചതോടെ ഇതെന്തുകൊണ്ടാണ് താങ്കൾ ഔട്ട് അനുവദിക്കാത്തതെന്ന രീതിയിൽ ഞാൻ അദ്ദേഹത്തെ നോക്കി. ‘ചുറ്റിലുമൊന്നു നോക്കൂ. ഇതെങ്ങാനും ഔട്ട് അനുവദിച്ചാൽ പിന്നെ ഞാൻ ഹോട്ടൽ മുറിയിലേക്ക് തിരികെ പോകേണ്ടി വരില്ല’ എന്ന അർഥത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം’ – സ്റ്റെയ്ൻ വിവരിച്ചു.

ഇന്ത്യൻ ആരാധകർക്കു മുന്നിൽവച്ച് സച്ചിനെതിരെ ബോൾ ചെയ്യുന്നതിലെ വെല്ലുവിളികളും ആൻഡേഴ്സനുമൊത്തുള്ള പോഡ്കാസ്റ്റിൽ സ്റ്റെയ്ൻ അനുസ്മരിച്ചു: ‘നമ്മളൊരു മോശം പന്തെറിയുമ്പോൾ സച്ചിനത് ബൗണ്ടറി കടത്തുന്നുവെന്ന് കരുതുക. പ്രത്യേകിച്ചും മുംബൈയിലൊക്കെ വച്ച് മത്സരത്തിൽ അദ്ദേഹം േനടുന്ന ആദ്യ റണ്ണാണതെന്നുകൂടി കരുതുക. ഈ ലോകം നമുക്കു മുന്നിൽ അവസാനിക്കുന്നതായി തോന്നും. സത്യത്തിൽ അദ്ദേഹം നാലു റൺസെടുത്ത് പുറത്താകാതെ നിൽക്കുകയാണ്. പക്ഷേ, 500 റൺസുമായി പുറത്താകാതെ നിൽക്കുന്ന പ്രതീതിയാണ് അനുഭവപ്പെടുക’ – സ്റ്റെയ്ൻ പറഞ്ഞു.

∙ ചരിത്രമെഴുതിയ 200

അന്ന് ഗ്വാളിയറിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ വീരേന്ദർ സേവാഗ് 11 പന്തിൽ ഒരു ഫോർ സഹിതം ഒൻപതു റൺസുമായി മടങ്ങിയെങ്കിലും പിന്നീട് വന്നവരെല്ലാം ചേർന്ന് ഇന്ത്യയെ 400 കടത്തി. ഇതിൽ പകുതിയോളം റൺസ് സച്ചിന്റെ ബാറ്റിൽനിന്ന് മാത്രമാണ് പിറന്നത്. 147 പന്തിൽ 25 ഫോറും മൂന്നു സിക്സും സഹിതം 200 റൺസാണ് സച്ചിൻ നേടിയത്. ഇന്നിങ്സിലെ അവസാന ഓവറിലാണ് സച്ചിൻ ചരിത്രനേട്ടം സ്വന്തമാക്കിയത്.

സച്ചിനു പുറമെ വൺഡൗണായെത്തിയ ദിനേഷ് കാർത്തിക്, യൂസഫ് പഠാൻ, മഹേന്ദ്രസിങ് ധോണി തുടങ്ങിയവരെല്ലാം അന്ന് തിളങ്ങി. കാർത്തിക് 85 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം നേടിയത് 79 റൺസ്. പഠാൻ 23 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 36 റൺസ് നേടി. ഒടുവിൽ തകർത്തടിച്ച് കളിച്ച ധോണി 35 പന്തിൽ ഏഴു ഫോറും നാലു സിക്സും സഹിതം 68 റൺസുമായി പുറത്താകാതെ നിന്നു. രണ്ടാം വിക്കറ്റിൽ സച്ചിൻ – കാർത്തിക് സഖ്യം 194 റൺസും മൂന്നാം വിക്കറ്റിൽ സച്ചിൻ – പഠാൻ സഖ്യം 81 റൺസും പിരിയാത്ത നാലാം വിക്കറ്റിൽ സച്ചിൻ – ധോണി സഖ്യം 101 റണ്‍സും കൂട്ടിച്ചേർത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി എ.ബി. ഡിവില്ലിയേഴ്സ് തകർപ്പൻ സെഞ്ചുറി കുറിച്ചെങ്കിലും ഇന്ത്യയുടെ സ്കോറിന്റെ ഏഴയലത്തുപോലും എത്താനായില്ല. ഡിവില്ലിയേഴ്സ് 101 പന്തിൽ 13 ഫോറും രണ്ടു സിക്സും സഹിതം 114 റൺസുമായി പുറത്താകാതെ നിന്നു. ഒടുവിൽ 42.5 ഓവറിൽ ദക്ഷിണാഫ്രിക്ക 248 റണ്‍സിന് പുറത്തായി. ഇന്ത്യയ്ക്കായി മലയാളി താരം ശ്രീശാന്ത് മൂന്നു വിക്കറ്റെടുത്തു. ആശിഷ് നെഹ്റ, യൂസഫ് പഠാൻ, രവീന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

English Summary: Sachin Tendulkar was out in his 190s but umpire wanted to ‘make it back to hotel’: Dale Steyn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com