sections
MORE

വേണ്ടിവന്നാൽ ഇന്ത്യയ്‌ക്കായി തോക്കെടുക്കാൻ മടിക്കില്ല: അഫ്രീദിക്കെതിരെ ഹർഭജൻ

afridi-harbhajan
ഷാഹിദ് അഫ്രീദി, ഹർഭജൻ സിങ്
SHARE

ന്യൂഡൽഹി∙ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങും രംഗത്ത്. അഫ്രീദി നടത്തിയ പരാമർശങ്ങൾ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് ഹർഭജൻ തുറന്നടിച്ചു. ഏതാനും ആഴ്ചകൾക്കു മുൻപ് കോവിഡ് പ്രതിരോധ രംഗത്തുള്ള അഫ്രീദിയെയും അഫ്രീദിയുടെ പേരിലുള്ള ഫൗണ്ടേഷനെയും സഹായിച്ചതിന്റെ പേരിൽ ഒരു വിഭാഗം ആരാധകരുടെ രൂക്ഷ വിമർശനത്തിന് പാത്രമായ വ്യക്തിയാണ് ഹർഭജൻ. അഫ്രീദിയുടെ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരവും ലോക്സഭാംഗവുമായ ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം പാക്ക് അധീന കശ്മീരിൽവച്ച് അഫ്രീദി ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു.

അഫ്രീദിയുടെ ഇന്ത്യാവിരുദ്ധ പരാമർശം അദ്ദേഹവുമായുള്ള തന്റെ സൗഹൃദത്തെയും ബാധിക്കുമെന്ന് ഹർഭജൻ വ്യക്തമാക്കി. ‘കഴി‍ഞ്ഞ ദിവസം അഫ്രീദി നടത്തിയ പരാമർശം ഏവരെയും അസ്വസ്ഥരാക്കുന്നതാണ്. നമ്മുടെ രാജ്യത്തെയും പ്രധാനമന്ത്രിയെയും കുറിച്ച് വിദ്വേഷം നിറഞ്ഞ വാക്കുകളാണ് അഫ്രീദിയുടേത്. ഇത് അംഗീകരിക്കാനാകില്ല’ – ഹർഭജൻ വ്യക്തമാക്കി.

ജനങ്ങൾ ദുരിതത്തിലായ സമയത്ത് അവരെ സഹായിക്കാനുള്ള ആഗ്രഹത്തോടെയാണ് അഫ്രീദിയെയും അഫ്രീദി ഫൗണ്ടേഷനെയും സഹായിച്ചതെന്ന് ഹർഭജൻ പറഞ്ഞു. എന്നാൽ, പാക്ക് അധീന കശ്മീരിൽ വന്ന് അഫ്രീദി നടത്തിയ പ്രസ്താവനകൾ അതിരു ലംഘിക്കുന്നതാണെന്ന് ഹർഭജൻ കുറ്റപ്പെടുത്തി. ‘സത്യത്തിൽ അഫ്രീദി ഞങ്ങളോട് അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായം അഭ്യർഥിച്ചിരുന്നു. മനുഷ്യത്വത്തിന്റെ പേരിലാണ് അദ്ദേഹത്തിന്റെ ആവശ്യത്തോട് ക്രിയാത്മകമായി പ്രതികരിച്ചത്. കോവിഡ് 19 നിമിത്തം ആളുകൾ ദുരിതമനുഭവിക്കുന്നതും ഞങ്ങളെ വേദനിപ്പിച്ചു’ – ഹർഭജൻ പറഞ്ഞു.

‘അതിർത്തിക്കും മതത്തിനും ജാതിക്കുമെല്ലാം അതീതമായ പോരാട്ടമാണ് കൊറണ വൈറസിനെതിരെ വേണ്ടതെന്ന് നമ്മുടെ പ്രധാനമന്ത്രി പോലും കഴിഞ്ഞ ദിവസം പറഞ്ഞില്ലേ? അതുകൊണ്ടുതന്നെ അഫ്രീദിയേയും അദ്ദേഹത്തിന്റെ ഫൗണ്ടേഷനെയും സഹായിച്ചതിൽ ഞങ്ങൾക്ക് സദുദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏറ്റവും ലളിതമായി പറഞ്ഞാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുക എന്നത് മാത്രം’ – ഹർഭജൻ വിശദീകരിച്ചു.

‘എന്നിട്ടും ഇയാൾ (അഫ്രീദി) നമ്മുടെ രാജ്യത്തെക്കുറിച്ച് മോശം പറയുന്നു. ഇനിയങ്ങോട്ട് അഫ്രീദിയുമായി യാതൊരുവിധ സഹകരണത്തിനുമില്ലെന്ന് ഇതിനാൽ വ്യക്തമാക്കുന്നു. നമ്മുടെ രാജ്യത്തെക്കുറിച്ച് മോശം പറയാൻ അഫ്രീദിക്ക് യാതൊരു അവകാശവുമില്ല. മാത്രമല്ല, അയാൾ സ്വന്തം രാജ്യത്തും അതിന്റെ പരിധിക്കുമുള്ളിൽ നിൽക്കുന്നതാണ് നല്ലത്’ – ഹർഭജൻ മുന്നറിയിപ്പു നൽകി.

അഫ്രീദിയുടെ പുതിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ ഹർഭജനും യുവരാജ് സിങ്ങും അഫ്രീദി ഫൗണ്ടേഷനു നൽകിയ സഹായം വീണ്ടും വിവാദമായിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ ഉയർത്തുന്ന പ്രതിഷേധത്തോട് പ്രതികരിക്കാനില്ലെന്ന് പറ‍ഞ്ഞ ഹർഭജൻ, തന്റെ രാജ്യസ്നേഹം ഇവർക്കു മുന്നിൽ തെളിയിക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി.

‘ഈ രാജ്യത്താണ് ഞാൻ ജനിച്ചത്. ഇവിടെത്തന്നെ മരിക്കുകയും ചെയ്യും. 20 വർഷത്തിലധികം കാലമാണ് ഈ രാജ്യത്തിനു വേണ്ടി ഞാൻ കളിച്ചത്. ഒട്ടേറെ മത്സരങ്ങളിൽ വിജയവും നേടിക്കൊടുത്തു. എന്റെ രാജ്യത്തിനെതിരായി ഞാൻ എന്തെങ്കിലും ചെയ്തെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. ഇന്നല്ലെങ്കിൽ നാളെ എന്റെ രാജ്യത്തിന് എന്നെക്കൊണ്ട് എന്തെങ്കിലും ആവശ്യം വന്നാൽ, അതിപ്പോൾ അതിർത്തി കാക്കാനായാലും, രാജ്യത്തിനുവേണ്ടി ആദ്യം തോക്കെടുക്കുന്നത് ഞാനായിരിക്കും’ – ഹർഭജൻ വ്യക്തമാക്കി.

അഫ്രീദിയുമായുള്ള തന്റെ ബന്ധം അടഞ്ഞ അധ്യായമാണെന്നും ഹർഭജൻ പ്രഖ്യാപിച്ചു: മനുഷ്യത്വത്തിന്റെ പേരിൽ ഒരു മനുഷ്യൻ എന്നോട് സഹായം ചോദിച്ചു, ഞാൻ സഹായിച്ചു. അതാണ് അഫ്രീദിയുടെ വിഷയത്തിൽ സംഭവിച്ചത്. ഇനിയങ്ങോട്ട് അഫ്രീദിയുമായി യാതൊരുവിധത്തിലുള്ള സഹകരണത്തിനുമില്ല’ – ഹർഭജൻ പറഞ്ഞു.

English Summary: Harbhajan Singh slams Shahid Afridi for his controversial Kashmir remarks

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA