ADVERTISEMENT

ഇസ്‍ലാമാബാദ്∙ പാക്ക് അധീന കശ്മീരിൽ വന്ന് ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കെതിരെ രൂക്ഷ വിമർശനവുമായി കൂടുതൽ ക്രിക്കറ്റ് താരങ്ങൾ രംഗത്ത്. ലോക്സഭാ എംപി കൂടിയായ മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ, ഹർഭജൻ സിങ് എന്നിവർക്കു പിന്നാലെ യുവരാജ് സിങ്, ശിഖർ ധവാൻ തുടങ്ങിയവരും അഫ്രീദിയെ വിമർശിച്ച് രംഗത്തെത്തി. ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കുമെതിരായ അഫ്രീദിയുടെ വാക്കുകൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് യുവരാജ് വ്യക്തമാക്കി. ഏതാനും ആഴ്ചകൾക്കു മുൻപ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അഫ്രീദിയെയും അദ്ദേഹത്തിന്റെ ഫൗണ്ടേഷനെയും സഹായിച്ച് ഹർഭജനൊപ്പം വിവാദത്തിൽ ചാടിയ താരമാണ് യുവരാജ്.

കൊറോണ വൈറസിനേക്കാൾ വലിയ രോഗമാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നുൾപ്പെടെ കടുത്ത ഭാഷയിൽ അഫ്രീദി നടത്തിയ പരാമർശങ്ങൾക്ക് അതിലും രൂക്ഷമായ ഭാഷയിലാണ് ഇന്ത്യൻ താരങ്ങൾ മറുപടി നൽകിയത്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അഫ്രീദിയുടെ പരാമർശങ്ങൾ ശരിക്കും നിരാശപ്പെടുത്തി. ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയിൽ ഇത്തരം പരാമർശങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. നിങ്ങളുടെ അഭ്യർഥന പ്രകാരം സഹായിക്കാൻ അന്ന് ആഹ്വാനം ചെയ്തത് മനുഷ്യത്വത്തിന്റെ പേരിലാണ്. പക്ഷേ, ഇനിയൊരിക്കലും അതുണ്ടാകില്ല’ – യുവരാജ് ട്വിറ്ററിൽ വ്യക്തമാക്കി. അഫ്രീദിയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചതായി പ്രഖ്യാപിച്ച ഹർഭജൻ സിങ്ങും കടുത്ത ഭാഷയിലാണ് അഫ്രീദിയോട് പ്രതികരിച്ചത്. യുവരാജിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത ഹർഭജൻ, അഫ്രീദിയുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് ആവർത്തിച്ചു.

അടുത്തിടെ പാക്ക് അധീന കശ്മീർ സന്ദർശിച്ച അവസരത്തിലാണ് ഷാഹിദ് അഫ്രീദി ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തി വീണ്ടും വിവാദനായകനായത്. ‘ഇന്നിതാ ഞാന്‍ നിങ്ങളുടെ സുന്ദരമായ ഗ്രാമത്തിലെത്തിയിരിക്കുന്നു. നിങ്ങളെ സന്ദർശിക്കണമെന്ന് ദീർഘനാളായി ആഗ്രഹിക്കുന്നതാണ്. ഇന്ന് ഈ ലോകം ഒരു വലിയ രോഗത്തിന്റെ പിടിയിലാണ്. പക്ഷേ, അതിലും വലിയ രോഗം മോദിയുടെ മനസ്സിലാണ്. പാക്കിസ്ഥാന്റെ ആകെ സൈനിക ബലമായ ഏഴു ലക്ഷം സൈനികരെയാണ് മോദി കശ്മീരിൽ വിന്യസിച്ചിരിക്കുന്നത്’ – അഫ്രീദി പറഞ്ഞു. ഇന്ത്യയിലെ കശ്മീരികളും പാക്കിസ്ഥാൻ സൈന്യത്തെയാണ് പിന്തുണയ്ക്കുന്നതെന്ന് അഫ്രീദി അവകാശപ്പെട്ടിരുന്നു.

∙ ‘കൊറോണക്കാലത്തെ കശ്മീർ’

കൊറോണ വൈറസ് നിമിത്തം ലോകം മുഴുവൻ പ്രതിസന്ധിയിലായ സമയത്ത് അഫ്രീദി കശ്മീർ വിഷയം പുറത്തെടുത്തിട്ടത് അദ്ഭുതപ്പെടുത്തിയെന്ന് ധവാൻ ചൂണ്ടിക്കാട്ടി. ‘ലോകം മുഴുവൻ കൊറോണ വൈറസിനെ തുരത്താൻ ശ്രമിക്കുമ്പോൾ അഫ്രീദിയുടെ വേദന കശ്മീരിനെ ഓർത്താണ്. കശ്മീർ അന്നും ഇന്നും എന്നും ഞങ്ങളുടേതാണ്. നിങ്ങൾക്ക് 22 കോടി പേരുണ്ടെങ്കിലും ഞങ്ങളുടെ ഒരാൾ നിങ്ങളുടെ 15 ലക്ഷം പേർക്ക് തുല്യമാണ്. ബാക്കി സ്വന്തം ഇരുന്ന് കണക്കുകൂട്ടിക്കോ’ – ധവാൻ കുറിച്ചു.

∙ ‘ഇല്ല, ഇനിയൊരു ബന്ധവുമില്ല’

ഇന്ത്യ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അഫ്രീദിക്കെതിരെ കടുത്ത ഭാഷയിലാണ് ഹർഭജൻ സിങ് പ്രതികരിച്ചത്. ജനങ്ങൾ ദുരിതത്തിലായ സമയത്ത് അവരെ സഹായിക്കാനുള്ള ആഗ്രഹത്തോടെയാണ് അഫ്രീദിയെയും അഫ്രീദി ഫൗണ്ടേഷനെയും സഹായിച്ചതെന്ന് ഹർഭജൻ പറഞ്ഞു. എന്നാൽ, പാക്ക് അധീന കശ്മീരിൽ വന്ന് അഫ്രീദി നടത്തിയ പ്രസ്താവനകൾ അതിരു ലംഘിക്കുന്നതാണെന്ന് ഹർഭജൻ കുറ്റപ്പെടുത്തി. ഇന്ത്യയ്ക്കായി തോക്കെടുക്കേണ്ടി വന്നാൽ അതുചെയ്യുന്ന ആദ്യത്തെയാൾ താനായിരിക്കുമെന്നും ഹർഭജൻ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, അഫ്രീദിയുമായുള്ള തന്റെ ബന്ധം അടഞ്ഞ അധ്യായമാണെന്നും ഹർഭജൻ പ്രഖ്യാപിച്ചു: മനുഷ്യത്വത്തിന്റെ പേരിൽ ഒരു മനുഷ്യൻ എന്നോട് സഹായം ചോദിച്ചു, ഞാൻ സഹായിച്ചു. അതാണ് അഫ്രീദിയുടെ വിഷയത്തിൽ സംഭവിച്ചത്. ഇനിയങ്ങോട്ട് അഫ്രീദിയുമായി യാതൊരുവിധത്തിലുള്ള സഹകരണത്തിനുമില്ല’ – ഹർഭജൻ പറഞ്ഞു.

∙ ‘പിന്നെന്തിനാണ് ഈ കരച്ചിൽ?’

രൂക്ഷമായ ഭാഷയിലാണ് ഗംഭീറും അഫ്രീദിയുടെ പരാമർശങ്ങളോട് പ്രതികരിച്ചത്. ‘20 കോടി ജനങ്ങളുടെ പിന്തുണയുള്ള ഏഴു ലക്ഷം സൈനികർ പാക്കിസ്ഥാനുണ്ടെന്നാണ് 16 വയസ്സുകാരനായ ഷാഹിദ് അഫ്രീദിയുടെ അവകാശവാദം. എന്നിട്ടും കഴിഞ്ഞ 70 വർഷമായി അവർ കശ്മീരിനുവേണ്ടി യാചിച്ചുകൊണ്ടിരിക്കുകയാണ്. അഫ്രീദി, ഇമ്രാൻ ഖാൻ, ബജ്‌വ തുടങ്ങിയവർ ഇന്ത്യയ്‍‌ക്കും നരേന്ദ്ര മോദിക്കുമെതിരെ വിഷം തുപ്പി പാക്കിസ്ഥാനിലെ ജനങ്ങളെ കബളിപ്പിക്കുമായിരിക്കും. എങ്കിലും വിധി ദിവസം വരെ കശ്മീർ കിട്ടുമെന്ന് കരുതേണ്ട. ബംഗ്ലദേശ് ഓർയുണ്ടല്ലോ അല്ലേ?’ – ഗംഭീർ ട്വിറ്ററിൽ കുറിച്ചു.

English Summary: Will never accept such words: Yuvraj Singh on Shahid Afridi's comments on Prime Minister Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com