ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ധോണിയെ 2020 ട്വന്റി20 ലോകകപ്പിനുള്ള തന്റെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിന് ധോണി ആരാധകർ ഉപദ്രവിക്കുകയാണെന്ന് മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ആകാശ് ചോപ്ര തിരഞ്ഞെടുത്ത ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിൽ ധോണിക്കു പകരം ഋഷഭ് പന്തിനെയാണ് ഉൾപ്പെടുത്തിയത്. ഇതോടെ പ്രകോപിതരായ ധോണി ആരാധകർ സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ തിരി‍ഞ്ഞതായി ആകാശ് വ്യക്തമാക്കി.

മുൻ ഇന്ത്യൻ താരം അജിത് അഗാർക്കറുമായുള്ള ഒരു ചർച്ചയിലാണ് ആകാശ് ഇക്കാര്യം തുറന്നു പറഞ്ഞത്. ധോണി ആരാധകരുടെ ശല്യം കാരണം കുറച്ചു ദിവസമായി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആൾക്കാർ സമൂഹമാധ്യമങ്ങളിൽ എന്നോടു മോശം രീതിയിലാണു പെരുമാറുന്നത്. അവർ എന്റെ മക്കളെക്കുറിച്ചുപോലും മോശമായി സംസാരിക്കുന്നു. നടന്നത് നടന്നു, എന്നോടു ക്ഷമിക്കണം എന്നാണിപ്പോൾ പറയാനുള്ളതെന്നും ആകാശ് ചോപ്ര പ്രതികരിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ധോണിയുടെ ഭാവിയെക്കുറിച്ച് ആകാശ് ചോപ്ര അഗാർക്കറിനോട് അഭിപ്രായം ചോദിച്ചിരുന്നു. ധോണി ഇന്ത്യൻ ടീമിൽ കളിച്ചിട്ട് ഒരു വർഷത്തിന് അടുത്തായതിനാൽ ഇതേക്കുറിച്ചു സംസാരിക്കാനൊന്നുമില്ലെന്നായിരുന്നു അഗാർക്കറുടെ പ്രതികരണം. ധോണി വിരമിക്കുമോ, ഇല്ലയോ എന്ന കാര്യം എനിക്ക് അറിയില്ല. ഒരു വർഷത്തോളമായി കളിക്കാത്ത താരമെന്ന നിലയിൽ ടീമിൽ തിരികെയെത്തുകയെന്നതു ബുദ്ധിമുട്ടേറിയ കാര്യമാണ്. ധോണി ടീം മാനേജ്മെന്റുമായോ, സിലക്ടർമാരുമായോ എന്തെങ്കിലും ആശയ വിനിമയം നടത്തിയിട്ടുണ്ടോയെന്നും അറിയില്ല– അഗാർക്കര്‍ വ്യക്തമാക്കി.

ഒരു താരത്തെക്കുറിച്ചു മാത്രമായി സംസാരിക്കുന്നതു ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒരു താരം ക്രിക്കറ്റ് കളിക്കാതിരിക്കുമ്പോൾ അതിൽ ചര്‍ച്ച ചെയ്യാൻ ഒന്നുമില്ല. ധോണി ക്രിക്കറ്റിലേക്കു തിരിച്ചെത്തിയിട്ടില്ല, വിരമിച്ചിട്ടുമില്ല, അതുകൊണ്ടാണ് ആളുകൾ ധോണിയെക്കുറിച്ചു ചർച്ച ചെയ്യുന്നത്. ധോണി കളിക്കണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നതെന്നും അഗാർക്കർ പ്രതികരിച്ചു.

English Summary: people abused my kids as well: Aakash Chopra after he excluded MS Dhoni from his T20 World Cup squad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com