ADVERTISEMENT

ന്യൂഡല്‍ഹി∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും താരങ്ങളും തമ്മിലുള്ള തർക്കങ്ങൾ ക്രിക്കറ്റിൽ തുടങ്ങിയിട്ട് കുറച്ചുകാലമായി. കഴിഞ്ഞ വർഷം രണ്ടു തവണ ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട സാമാന്യം വലിയ രണ്ടു വിവാദങ്ങളിൽ മഞ്ജരേക്കറും ഉൾപ്പെട്ടിരുന്നു. ആദ്യം ലോകകപ്പ് സമയത്ത് ഇന്ത്യൻ താരം രവീന്ദ്ര ജഡേജയുമായി കോർത്ത മ‍ഞ്ജരേക്കർ, പിന്നീട് സഹ കമന്റേറ്റർ ഹർഷ ഭോഗ്‍ലെയുമായും ഉരസി. ഇരു സംഭവങ്ങളിലും ആരാധകരൊന്നാകെ എതിരായതോടെ കടുത്ത വിമർശനമാണ് മഞ്ജരേക്കറിനു നേരെ ഉണ്ടായത്. ലോക്ഡൗൺ കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ. അശ്വിനുമായി നടത്തിയ ഇൻസ്റ്റഗ്രാം ചാറ്റിൽ ഈ വിവാദങ്ങളിൽ നിലപാടറിയിച്ചിരിക്കുകയാണ് മഞ്ജരേക്കർ.

കമന്റേറ്റർമാരുടെ വാക്കുകൾക്കു താരങ്ങൾ വലിയ പ്രാധാന്യം നൽകേണ്ടതില്ലെന്നാണ് മഞ്ജരേക്കർ പറയുന്നത്. താരങ്ങൾ അവരുടെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് കമന്റേറ്റർമാരുടെ അഭിപ്രായങ്ങള്‍ ഉപയോഗിക്കേണ്ടത്. കമന്റേറ്റർമാർ പറയുന്നതു കേട്ട് ആരെയും ടീമിൽനിന്ന് ഒഴിവാക്കില്ല. ഞങ്ങൾക്കു വലിയ പ്രാധാന്യമൊന്നുമില്ല. അവർ ക്രിക്കറ്റ് താരങ്ങളാണ്. അവരുടെ പ്രകടനം മാത്രമാണ് എല്ലാത്തിനും അടിസ്ഥാനമാകുക. മഞ്ജരേക്കർ എന്തെങ്കിലും പറഞ്ഞെന്നു കരുതി ആരെയും ഒഴിവാക്കില്ല– മഞ്ജരേക്കർ വ്യക്തമാക്കി.

താരങ്ങള്‍ ലോലമനസ്സുള്ളവരായതിനാലാണ് വിമർശനങ്ങളോട് അവർ പ്രതികരിക്കാൻ നിൽക്കുന്നത്. ദിലിപ് വെങ്സാർക്കർ പണ്ട് വിമർശിച്ചപ്പോൾ ഞാനും അസ്വസ്ഥനായിട്ടുണ്ട്. ഒരു കോളത്തിലെഴുതിയാണ് വെങ്സാർക്കർ എന്നെ വിമർശിച്ചത്. വെങ്സാർക്കറുടെ താമസ സ്ഥലത്തിന്റെ വാതിലിനു മുന്നിൽ ഒരു കുറിപ്പ് വയ്ക്കുകയാണു ഞാൻ ചെയ്തത്. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ക്കു മറുപടി നൽകുകയായിരുന്നു എന്റെ ഉദ്ദേശം. അതുകൊണ്ടു തന്നെ താരങ്ങൾ പ്രതികരിക്കുമ്പോൾ അവരെ എതിര്‍ക്കാനില്ല. എന്റെ അതിരുകൾ എത്രത്തോളമുണ്ടെന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ടാണ് ഞാൻ ഇപ്പോഴും ഇവിടെയുള്ളത്. അല്ലെങ്കിൽ കമന്റേറ്റർ എന്ന നിലയില്‍ അഞ്ച് വർഷം മുന്‍പേ ഞാൻ ഇല്ലാതായേനെ.

ഇന്ത്യൻ‌ ക്രിക്കറ്റ് ആരാധകരുടെ സ്വഭാവം അസാധാരണമാണെന്നും മഞ്ജരേക്കർ വ്യക്തമാക്കി. അവർക്ക് ആരെയെങ്കിലും ഇഷ്ടമായാൽ എന്നെപ്പോലൊരാൾ ആ താരങ്ങളുടെ കുറവുകൾ കണ്ടെത്തുന്നത് അംഗീകരിക്കില്ല– മഞ്ജരേക്കർ പറഞ്ഞു. സഞ്ജയ് മഞ്ജരേക്കറെ ഔദ്യോഗിക കമന്റേറ്റേഴ്സ് പാനലിൽനിന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഒഴിവാക്കുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഐപിഎൽ മുതലുള്ള ബിസിസിഐ ടൂർണമെന്റുകളിൽ കമന്റേറ്റർ പാനലിൽ ഉണ്ടാകില്ലെന്നായിരുന്നു വിവരം. ‘കമന്റേറ്റർ ജീവിതത്തിലെ ഏറ്റവും ദുരന്തമായ വർഷമാണ് 2019’ എന്ന് മഞ്ജരേക്കർ നേരത്തേ ഏറ്റുപറഞ്ഞിരുന്നു.

ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിനിടെയാണ് രവീന്ദ്ര ജഡേജയെ ‘പൊട്ടും പൊടിയും’ മാത്രം അറിയാവുന്ന കളിക്കാരനെന്നു പറഞ്ഞ് മഞ്ജരേക്കർ ആക്ഷേപിച്ചത്. ഇതിനു ജഡേജ ട്വിറ്ററിലൂടെ മറുപടി നൽകുകയും ചെയ്തു. കൊൽക്കത്ത ഈഡൻ‌ ഗാർഡൻസിൽ നടന്ന ഇന്ത്യ–ബംഗ്ലദേശ് ഡേ–നൈറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് മഞ്ജരേക്കറും ഹർഷ ഭോഗ്‍ലെയും വാക്കുകൾകൊണ്ട് ഏറ്റുമുട്ടിയത്. പിങ്ക് പന്ത് കളിക്കാർക്ക് എത്രത്തോളം കാണാമെന്നതും പരിശോധിക്കണമെന്ന്  ഭോഗ്‍ലെ ചൂണ്ടിക്കാട്ടിയപ്പോൾ മഞ്ജരേക്കർ ഇതിനോടു വിയോജിച്ചു. ‘നിങ്ങളേപ്പോലുള്ളവർക്ക് ഇക്കാര്യം മറ്റുള്ളവരോടു ചോദിക്കേണ്ടിവരും. ക്രിക്കറ്റ് കളിച്ചിട്ടുള്ളവര്‍ക്ക് അത് ചോദിക്കേണ്ട കാര്യമില്ല. പന്ത് വ്യക്തമായി കാണാമെന്നുള്ളത് അല്ലാതെ തന്നെ അവർക്കറിയാം’ എന്നായിരുന്നു മഞ്ജരേക്കറുടെ മറുപടി.

English Summary: Unique Indian fans don't like someone like me finding flaws in players: Sanjay Manjrekar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com