ADVERTISEMENT

ബെംഗളൂരു∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ട്വന്റി20 ലോകകപ്പ് സ്വന്തമാക്കിയ ദിനങ്ങൾ ഓർത്തെടുത്ത് റോബിൻ ഉത്തപ്പ. 2007 ൽ എം.എസ്. ധോണിയുടെ നേതൃത്വത്തിൽ ട്വന്റി20 ലോകകപ്പ് നേടിയ ശേഷം മൂന്ന് ദിവസം തനിക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ലെന്ന് ഉത്തപ്പ പറഞ്ഞു. ലോകകപ്പ് ജയിച്ച ശേഷം തുടർച്ചയായി മൂന്നു ദിവസം ഉറങ്ങാൻ സാധിച്ചിട്ടില്ല. ആ ഒരു ആവേശം തുടക്കത്തിൽ ഞങ്ങളെ ബാധിച്ചിരുന്നില്ല. ഫൈനലിൽ പാക്കിസ്ഥാനെ തോല്‍പിച്ചതോടെ ഞങ്ങള്‍ പരമാനന്ദത്തിലെത്തി– ന്യൂസീലൻഡ് താരം ഇഷ് സോധിയുമൊത്തുള്ള സംഭാഷണത്തിനിടെ ഉത്തപ്പ പ്രതികരിച്ചു.

എന്നാൽ ഇന്ത്യയിലെത്തിയതോടെ ആവേശത്തിന്റെ തീവ്രത ഞങ്ങളെ നന്നായി ബാധിച്ചു. ഇന്ത്യയിൽ ലഭിച്ച സ്വീകരണം അതിഗംഭീരമായിരുന്നു. ആ ദിവസം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബസിനൊപ്പമായിരുന്നു മുംബൈ നഗരം. ഒരു ദിവസം മുഴുവൻ അങ്ങനെയായിരുന്നു. അന്ന് ഞങ്ങൾ മഴ നനഞ്ഞു, ചൂടും തണുപ്പും മുംബൈയിൽ അനുഭവിച്ചു. വാങ്കഡെ സ്റ്റേഡിയത്തിൽ എത്തുമ്പോഴേക്കും ഞങ്ങൾക്ക് ആകെ വിശന്നിരുന്നു. എന്നാല്‍ ഊര്‍ജം നഷ്ടപ്പെട്ടുപോകാതിരിക്കാൻ ആരാധകർ പഴങ്ങളും ചോക്ലേറ്റും വെള്ളക്കുപ്പികളും ഞങ്ങൾക്കു നേരെ എറിഞ്ഞു കൊണ്ടിരുന്നു– ഉത്തപ്പ വ്യക്തമാക്കി.

ആ ഓർമകള്‍ ടീമംഗങ്ങൾക്ക് ഏറെ വിലപ്പെട്ടതാണ്. 1983 ലെ ലോകകപ്പ് വിജയത്തിനു ശേഷം വീണ്ടും ലോകകിരീടം നേടിയപ്പോള്‍ വലിയ ആശ്വാസമാണുണ്ടായത്. ലോകകപ്പ് വിജയികളുടെ വികാരത്തിനെ ഏതു വാക്കുകൊണ്ടും വിശദീകരിക്കാൻ സാധിക്കുമെന്നു തോന്നുന്നില്ല. ഒരു ക്രിക്കറ്റ് താരം എന്ന നിലയിൽ അതുവരെയുള്ളതിനെയെല്ലാം മറികടക്കുന്നതാണ് അങ്ങനെയുള്ളൊരു അനുഭവം. ഒരു കായിക താരമെന്ന നിലയില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച അനുഭവം അതായിരിക്കുമെന്നു തോന്നുന്നു.

വീട്ടിലെത്തിയ പോലത്തെ തോന്നലാണ് ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിലെത്തിയപ്പോള്‍ ഉണ്ടായതെന്നും ഉത്തപ്പ പറഞ്ഞു. രാജസ്ഥാനുവേണ്ടി മികച്ച പ്രകടനം നടത്താൻ ഒരുങ്ങുകയാണ്. അവിടെയെത്തിയതിൽ സന്തോഷമുണ്ടെന്നും ഉത്തപ്പ പ്രതികരിച്ചു. 2020 ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയാണ് റോബിൻ ഉത്തപ്പ കളിക്കുന്നത്. ഇന്ത്യയ്ക്കായി 46 ഏകദിനങ്ങളും 13 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് റോബിൻ ഉത്തപ്പ. രഞ്‍ജി ട്രോഫിയിൽ നിലവിൽ കേരളത്തിന്റെ താരമാണ്.

English Summary: Did not sleep for three days straight after winning T20 World Cup, says Robin Uthappa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com