ADVERTISEMENT

ന്യൂഡൽഹി ∙ ലോകോത്തര കളിക്കാർ ഒട്ടേറെ; പക്ഷേ, മൽസരങ്ങൾ നിയന്ത്രിക്കാൻ പരിചയസമ്പന്നരായ അംപയർമാരില്ല. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ ‘സ്വദേശി അംപയറിങ്’ നയം നടപ്പിലായാൽ ഇന്ത്യയുടെ അവസ്ഥ ഇങ്ങനെയാകും. കോവിഡ് കാലത്തിനു ശേഷം ഓരോ രാജ്യത്തും അവിടെയുള്ള രാജ്യാന്തര അംപയർമാർ തന്നെ മൽസരങ്ങൾ നിയന്ത്രിക്കണം എന്ന് ഐസിസി ക്രിക്കറ്റ് സമിതി കഴിഞ്ഞ ദിവസമാണ് ശുപാർശ ചെയ്തത്. മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ അധ്യക്ഷനായ സമിതിയാണ് ശുപാർശ സമർപ്പിച്ചത്.

‘ടെസ്റ്റ് കളിച്ചത്’ ഒരാൾ

ഇന്ത്യയിൽ അംപയർമാർക്ക് കുറവൊന്നുമില്ല. പക്ഷേ ഐസിസിയുടെ എലീറ്റ് പാനലിൽ ഒരാൾ പോലുമില്ല. എസ്. രവി കഴിഞ്ഞ വർഷം പാനലിൽ നിന്നു പുറത്തായതോടെയാണ് ഇന്ത്യയ്ക്ക് ഈ അവസ്ഥ വന്നത്. 

എലീറ്റ് പാനലിനു താഴെയുള്ള രാജ്യാന്തര പാനലിൽ നാലു പേരാണ് ഇന്ത്യയിൽ നിന്നുള്ളത്.ഇവരിൽ തന്നെ ഒരാൾക്കു മാത്രമാണ് ടെസ്റ്റ് മൽസരം നിയന്ത്രിച്ചു പരിചയമുള്ളത് –നിതിൻ മേനോൻ (3 ടെസ്റ്റ്, 24 ഏകദിനം, 16 ട്വന്റി20). സി. ഷംസുദ്ദീൻ (43 ഏകദിനം, 21 ട്വന്റി20), അനിൽ ചൗധരി (20 ഏകദിനം, 20 ട്വന്റി20), വീരേന്ദർ ശർമ (2 ഏകദിനം, 1 ട്വന്റി20) എന്നിവരാണ് മറ്റുള്ളവർ. എലീറ്റ് പാനലിലും രാജ്യാന്തര പാനലിലും ഉള്ള അംപയർമാർക്കു മാത്രമേ രാജ്യാന്തര മൽസരങ്ങൾ നിയന്ത്രിക്കാനാവൂ. 

നൂട്രൽ ഗുണങ്ങൾ

2002 മുതൽ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ടെസ്റ്റ് മൽസരങ്ങളിൽ മറ്റൊരു രാജ്യത്തു നിന്നുള്ള രണ്ട് അംപയർമാരാണ് (നൂട്രൽ അംപയർമാർ) മൽസരങ്ങൾ നിയന്ത്രിക്കുന്നത്. എന്നാൽ ഏകദിനങ്ങളിൽ ഒരു നൂട്രൽ അംപയറും ഒരു സ്വദേശി അംപയറും മൽസരങ്ങൾ നിയന്ത്രിക്കാറുണ്ട്. ട്വന്റി20 മൽസരങ്ങൾ സ്വദേശി അംപയർമാർക്കു മാത്രമായും നിയന്ത്രിക്കാം. 

എന്നാൽ മൂന്നു ഫോർമാറ്റിലും മാച്ച് റഫറി നൂട്രൽ ആയിരിക്കണം. ഇന്ത്യയിൽ നിന്ന് ഐസിസിയുടെ എലീറ്റ് പാനലിൽ ഒരാൾ മാത്രമാണുള്ളത്– ജവഗൽ ശ്രീനാഥ്. 

അറിയാതെ പോലും വന്നു പോകുന്ന പക്ഷപാതം ഒഴിവാക്കാനാണ് ഐസിസി ‘നൂട്രൽ അംപയറിങ്’  ഇക്കാലമത്രയും പിന്തുടർന്നിരുന്നത്. എന്നാൽ കോവിഡ് കാലം കഴിഞ്ഞാലും നിലനിന്നേക്കാവുന്ന യാത്രാ നിയന്ത്രണങ്ങൾ പരിഗണിച്ചാണ് ഇപ്പോഴത്തെ മാറ്റം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com