ADVERTISEMENT

ന്യൂഡൽഹി∙ ക്രിക്കറ്റില്‍ സച്ചിൻ തെൻഡുല്‍ക്കറുടെ റെക്കോർഡുകൾ പലതും തകർത്ത താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. സച്ചിന്റെ പേരിലുള്ള വലിയ റെക്കോർഡുകൾ വരെ പ്രതിഭ വച്ച് കോലിക്കു തകർക്കാൻ സാധിക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധർ പറയുന്നത്. പക്ഷേ വിരാട് കോലിയേക്കാൾ മുകളിൽ ആണ് സച്ചിനെന്ന് പറയുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. സച്ചിന്റെ കരിയറും ഏകദിന ക്രിക്കറ്റിലെ മാറിവന്ന നിയമങ്ങളും പരിഗണിച്ചാണ് ഗംഭീര്‍ സച്ചിനൊപ്പം നിൽക്കുന്നത്.

രണ്ട് ദശാബ്ദത്തിൽ അധികം ഏകദിന ക്രിക്കറ്റില്‍ സജീവമായിരുന്ന സച്ചിൻ ഇന്ത്യയ്ക്കായി 463 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ 49 സെഞ്ചുറികളുൾപ്പെടെ 18,000ന് മുകളിൽ റൺസും നേടി. അതേസമയം വിരാട് കോലിയാകട്ടെ 248 ഏകദിനങ്ങളിൽനിന്ന് 12,000 ന് അടുത്ത് റൺസും 43 സെഞ്ചുറികളും ഇപ്പോൾ തന്നെ നേടിയിട്ടുണ്ട്. ഒരു വൈറ്റ് ബോൾ ഉപയോഗിച്ചുള്ള കളി, ഫീൽഡർമാരുടെ വിന്യാസം എന്നിവ പരിഗണിക്കുകയാണെങ്കിൽ സച്ചിനൊപ്പമാണു നിൽക്കുകയെന്ന് ഗൗതം ഗംഭീര്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

അദ്ഭുതകരമായ പ്രകടനമാണു വിരാട് കോലിയുടേത്. എന്നാല്‍ നിയമങ്ങളും അതേപോലെ മാറിയിട്ടുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ഈ ആനുകൂല്യം പുതിയ ബാറ്റ്സ്മാൻമാരെ ഏറെ സഹായിക്കുന്നുണ്ട്. ഇപ്പോള്‍ ഒരു ഏകദിനം കളിക്കുന്നത് രണ്ട് വൈറ്റ് ബോളുകൾ ഉപയോഗിച്ചാണ്. ഫീൽഡിങ് നിയന്ത്രണങ്ങളുടെ കാര്യം വരുമ്പോൾ ഓരോ ഇന്നിങ്സിലും മൂന്ന് വീതം പവർപ്ലേകളുണ്ട്. ആദ്യ പവർപ്ലേയിൽ (1–10) 30 യാർഡ് സര്‍ക്കിളിന് പുറത്ത് ആകെ രണ്ട് ഫീൽഡർമാരെയാണ് അനുവദിക്കുക. പിന്നത്തെ 30 ഓവറിൽ (11–40) നാല് ഫീൽഡർമാർ, അവസാന 10 ഓവറിൽ അഞ്ച് ഫീൽഡർമാരെ വരെയും അനുവദിക്കും.

പുതിയ തലമുറയിൽ ആനുകൂല്യങ്ങൾ ഏറെയുള്ളതുകൊണ്ടു തന്നെ ബാറ്റിങ് എത്രയോ എളുപ്പമാണ്. വളരെ വ്യത്യസ്തമായ നിയമങ്ങളിൽ എങ്ങനെയാണു സച്ചിൻ കളിച്ചിരുന്നതെന്നു നോക്കുക. ആ സമയത്ത് 230, 240 സ്കോർ ഒക്കെ ജയിക്കാവുന്ന ടോട്ടലുകളായിരുന്നു. സച്ചിന്റെ കരിയറും ഏകദിന ക്രിക്കറ്റ് ഫോർമാറ്റും പരിഗണിച്ചാൽ ഞാൻ അദ്ദേഹത്തോടൊപ്പമാണ്– ഗംഭീര്‍ പറഞ്ഞു. ക്രിക്കറ്റിൽ വന്ന മാറ്റങ്ങളെ സച്ചിൻ തെൻഡുൽക്കറും നേരത്തേ വിമർശിച്ചിരുന്നു. നിലവിലെ നിയന്ത്രണങ്ങൾ ഒക്കെ ക്രിക്കറ്റിൽ പണ്ടേ ഉണ്ടായിരുന്നെങ്കിൽ കരിയറിൽ ഒരുപാട് റൺസ് അധികമായി നേടാൻ സാധിക്കുമായിരുന്നെന്ന് സച്ചിൻ അടുത്തിടെ പ്രതികരിച്ചിരുന്നു.

English Summary: Considering longevity, I will go with Sachin Tendulkar over Virat Kohli: Gautam Gambhir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com