ADVERTISEMENT

ന്യൂഡൽഹി∙ ക്രിക്കറ്റിൽ നിലവിലുള്ള ഏറ്റവും മികച്ച ബോളർമാരിലൊരാളാണ് ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര. ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും തിളങ്ങുന്ന താരം ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനു വേണ്ടിയാണു കളിക്കുന്നത്. 2013 ൽ മുംബൈയിലെത്തിയ ബുമ്ര 77 മത്സരങ്ങളിൽനിന്ന് 82 വിക്കറ്റുകളാണു വീഴ്ത്തിയത്. എന്നാൽ ജസ്പ്രീത് ബുമ്രയെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിലെത്തിക്കണമെന്ന് താൻ നേരത്തേ ആവശ്യപ്പെട്ടിരുന്നെന്ന് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പാർഥിവ് പട്ടേൽ വെളിപ്പെടുത്തി.

ലേലത്തില്‍ ബുമ്രയെ ടീമിലെത്തിക്കാൻ ക്യാപ്റ്റൻ വിരാട് കോലിയോട് പറഞ്ഞിരുന്നതായി പാർഥിവ് പട്ടേൽ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി. വിദർഭയ്ക്കായി ബുമ്രയുടെ അരങ്ങേറ്റ മത്സരം എനിക്ക് ഇപ്പോഴും ഓർമയുണ്ട്. ജസ്പ്രീത് ബുമ്ര റോയൽ ചാലഞ്ചേഴ്സ് ടീമിലെടുക്കേണ്ട ആളാണെന്ന് ഞാൻ കോലിയോടു പറഞ്ഞിരുന്നു. എന്നാൽ ബാംഗ്ലൂരിന്റെ നീക്കങ്ങൾ മറികടന്ന് ബുമ്രയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.

ബുമ്രയുടെ മികവിനെക്കുറിച്ച് മുംബൈ ഇന്ത്യൻസ് പരിശീലകൻ ജോൺ റൈറ്റിനോടും പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാരെന്ന നിലയില്‍ ഋഷഭ് പന്തിന്റെയും കെ.എൽ. രാഹുലിന്റെയും പ്രകടനങ്ങളെക്കുറിച്ചും പാർഥിവ് പട്ടേൽ വ്യക്തമാക്കി. ട്വന്റി20 ലോകകപ്പിൽ കെ.എൽ. രാഹുലിന് ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകാൻ സാധിക്കും. പക്ഷേ വളരെ ചെറിയ കാലത്തേക്കു മാത്രമായിരിക്കും രാഹുലിനെ കീപ്പറായി ഉപയോഗിക്കാൻ കഴിയുക.

ഋഷഭ് പന്തിന്റെ കഴിവിൽ സംശയമൊന്നുമില്ല. ആദ്യ കാലങ്ങളിൽ എനിക്ക് കളിക്കാൻ നല്ല പരമ്പരകൾ ഇല്ലായിരുന്നു. കുറച്ച് വർഷം ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചത് എന്നെ ഏറെ സഹായിച്ചു. ഋഷഭ് പന്തിനെക്കുറിച്ചാണ് ആളുകളെല്ലാം സംസാരിക്കുന്നതെന്ന് ഞാൻ പന്തിനോടു തന്നെ പറഞ്ഞിട്ടുണ്ട്. പന്തിൽ പ്രതിഭ ഉള്ളതിനാലാണ് അങ്ങനെ സംഭവിക്കുന്നത്. കഴിവില്ലാത്ത താരമായിരുന്നെങ്കിൽ പന്തിനെക്കുറിച്ച് ആരും സംസാരിക്കില്ല. ഇത് മനസ്സിൽവച്ച് ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് നല്ല ഫോമിൽ തിരിച്ചുവരികയാണു വേണ്ടതെന്നു പന്തിന് ഉപദേശം നല്‍കിയതായും പട്ടേൽ വെളിപ്പെടുത്തി.

English Summary: KL Rahul short-term solution if you are thinking of World Cup: Parthiv Patel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com