ന്യൂഡൽഹി∙ ഏകദിന ലോകകപ്പ് ക്രിക്കറ്റിന് ശേഷം കളിക്കളത്തിൽ നിന്നു വിട്ടുനിൽക്കുന്ന മുൻ ക്യാപ്റ്റൻ എം.എസ്. ധോണി ഇനി മടങ്ങിയെത്തുമോ? ഏറെ നാളുകളായി ഉയരുന്ന ചോദ്യമാണിത്. കോവിഡ് ലോക്ഡൗൺ കാരണം ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കുന്നതു നീണ്ടു പോകുന്ന സാഹചര്യത്തിൽ ധോണിയുടെ സാധ്യതകൾ കൂടിയാണ് ഇല്ലാതാകുന്നതെന്നു ക്രിക്കറ്റ് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ധോണിക്കു ശക്തമായ പിന്തുണയുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. ഇപ്പോഴും ധോണിക്ക് പകരം വയ്ക്കാവുന്ന ഒരാള്‍ ഇന്ത്യയ്ക്കില്ലെന്നും കൈഫ് ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.
ജാർഖണ്ഡിൽ കളിക്കുന്ന സമയത്തു തന്നെ ധോണിയുടെ അസാമാന്യ പ്രതിഭയെ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ദിയോദർ ട്രോഫിയില്‍ സെൻട്രൽ സോണിന്റെ ക്യാപ്റ്റൻ ആയിരിക്കുമ്പോഴാണു ഞാൻ ധോണിയുടെ കളി ആദ്യമായി കാണുന്നത്. രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുന്നതിന് രണ്ട് വർഷം മുൻപ് ഈസ്റ്റ് സോണിന് വേണ്ടി കളിക്കുകയായിരുന്നു അന്ന് ധോണി. ഞങ്ങൾ 360 റൺസ് നേടി. എന്നാൽ മൂന്നാം നമ്പരിൽ ഇറങ്ങിയ ധോണി 40–50 പന്തുകളില്‍നിന്ന് 80–85 റൺസാണ് അടിച്ചെടുത്തത്. അദ്ദേഹത്തിന്റെ കളിയിലെ ‘എക്സ് ഫാക്ടർ’ എനിക്കപ്പോഴാണു മനസ്സിലായത്. ക്രിക്കറ്റിലെ പ്രത്യേക ശൈലി, കളി നല്ലപോലെ മനസ്സിലാക്കൽ എന്നിവയെല്ലാം അപ്പൊഴേ ധോണിക്കുണ്ട്.
അതിനും മുൻപേ ഒരു സുഹൃത്ത് വഴി ഞാൻ ധോണിയെക്കുറിച്ചു കേട്ടിട്ടുണ്ട്. ഇന്ത്യ എ ടീമിൽ കളിക്കുന്ന നീളൻ മുടിയുള്ള ചെറുപ്പക്കാരനെക്കുറിച്ച് എന്നോട് സുഹൃത്ത് പറഞ്ഞിരുന്നു. അദ്ദേഹത്തോടൊപ്പം കളിക്കുന്നതിന് എനിക്കും അവസരം ലഭിച്ചു– കൈഫ് പ്രതികരിച്ചു. 2004ൽ ബംഗ്ലദേശിനെതിരായ ധോണിയുടെ ആദ്യ ഏകദിന മത്സരത്തിൽ താരം പുറത്താകുമ്പോൾ മറുവശത്ത് മുഹമ്മദ് കൈഫായിരുന്നു. 2005 ഏപ്രിൽ അഞ്ചിന് പാക്കിസ്ഥാനെതിരെ ധോണി പുറത്താകാതെ 148 റൺസ് അടിച്ച മത്സരത്തിലും ഇന്ത്യൻ ടീമിൽ കൈഫുണ്ടായിരുന്നു.
ബംഗ്ലദേശിനെതിരായ ധോണിയുടെ ആദ്യ മൽസരത്തിൽ റൺ ഔട്ടായപ്പോൾ ആർക്കും അദ്ദേഹത്തിന്റെ കളി ജയിപ്പിക്കാനുള്ള ശേഷി അറിയുമായിരുന്നില്ല. ധോണിയുടെ ആദ്യ രണ്ട് മൂന്ന് ഇന്നിങ്സുകൾ നല്ലതായിരുന്നില്ല. എന്നാൽ വിശാഖപട്ടണത്ത് പാക്കിസ്ഥാനെതിരെ ധോണിക്കു നല്ലൊരു അവസരം ലഭിച്ചു. ധോണിയുടെ അനത്തെ പ്രകടനം വച്ചുതന്നെ ഏറെക്കാലം അയാൾ ടീമിനെ മുന്നോട്ടുകൊണ്ടുപോകുമെന്നു തിരിച്ചറിഞ്ഞിരുന്നു. കരിയറിന്റെ തുടക്കത്തിൽ തന്നെ മറ്റാരും അങ്ങനെയൊരു ഇന്നിങ്സ് കളിച്ചിട്ടുണ്ടാകില്ല. പാക്കിസ്ഥാന്റെ ബോളിങ് ആക്രമണത്തെ ധോണി കശാപ്പു ചെയ്യുകയായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റിലേക്കുള്ള ധോണിയുടെ തിരിച്ചുവരവിന്റെ കാര്യത്തിൽ ആത്മവിശ്വാസമുണ്ടെന്നും കൈഫ് പറഞ്ഞു. ഐപിഎൽ കളിച്ച് ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നത് ധോണിക്ക് എളുപ്പമായിരിക്കുമെന്നാണ് ആളുകൾ കരുതുന്നത്. എന്നാല്‍ എനിക്ക് അങ്ങനെ തോന്നുന്നില്ല. ധോണി എത്രയോ വലിയ താരമാണ്. സമ്മർദ്ദത്തിൽ ആറാമതും ഏഴാമതും എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ധോണിക്ക് അറിയാം. അതുകൊണ്ട് തന്നെ എനിക്ക് ധോണി ഒന്നാം നമ്പര്‍ കളിക്കാരനാണ്. എത്ര താരങ്ങൾ വരുന്നു എന്നത് കാര്യമല്ല. പക്ഷേ ധോണിക്കു പകരമാകാൻ ആർക്കും സാധിക്കില്ല. ധോണിയുടെ സ്ഥാനത്തിനു വേണ്ടി പല താരങ്ങളും ശ്രമിക്കുന്നുണ്ട്. കെ.എൽ. രാഹുലിനെ ഏറെ നാളത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. ബാക്ക് അപ് കീപ്പറായി ഉപയോഗിക്കാം.
സഞ്ജു സാംസണും ഋഷഭ് പന്തിനും പോലും ധോണിയുടെ സ്ഥാനം ലഭിക്കില്ല. നിങ്ങൾ സച്ചിനെയും ദ്രാവിഡിനെയും കുറിച്ച് സംസാരിക്കുമ്പോൾ അവർക്കു പകരമായി കോലി, രോഹിത്, രഹാനെ, പൂജാര എന്നിവരുമുണ്ട്. എന്നാൽ ധോണിയുടെ കാര്യത്തിൽ അങ്ങനെയല്ല. അതുകൊണ്ടാണ് ധോണിയാണ് ഒന്നാം നമ്പർ വിക്കറ്റ് കീപ്പറെന്ന് ഞാൻ വിശ്വസിക്കുന്നത്. ധോണിയെ അത്രപെട്ടെന്നൊന്നും മാറ്റി നിർത്താൻ സാധിക്കില്ലെന്നും കൈഫ് പറഞ്ഞു.
English Summary: MS Dhoni shouldn't be sidelined in a hurry, KL Rahul not a long term wicket-keeping option: Mohammad Kaif