sections
MORE

ദില്‍ സ്കൂപ് മാത്രമല്ല, എന്തും ചെയ്യും ദിൽഷൻ; എന്നിട്ടും ശ്രീലങ്ക കാണിച്ചത്...

dilshan-story-4
SHARE

സിഡ്നിയിൽ മിച്ചൽ സ്റ്റാർക്കിന്റെ 144 കിലോമീറ്റർ വേഗത്തിലുള്ള പന്തിനെ മുഖാമുഖം നിന്ന് ഒരു സ്കൂപ്പിൽ ബൗണ്ടറിയിലേക്കു കോരിയിട്ടതിനു ശേഷം ബാറ്റും കയ്യിൽ പിടിച്ചുള്ള ആ വരവുണ്ടല്ലോ..? തിലകരത്നെ ദിൽഷനെ ‘ഒരു നിമിഷത്തിൽ’ വിവരിക്കുക എന്നു പറഞ്ഞാൽ അതാണുത്തരം. ജീനിയസും മാഡ്നസ്സും അതിലുണ്ട്. ബൗൺസറുകളിൽ നിന്നു ബാറ്റ്സ്മാൻമാരുടെ ജീവൻ രക്ഷിക്കാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ മുതൽ ഹെൽമറ്റ് നിർമാതാക്കൾ വരെ തല പുകച്ചു കൊണ്ടിരിക്കുന്ന കാലത്താണ് സിംഹക്കൂട്ടിൽ തലയിടുന്നതു പോലെ ആ സാഹസം. ക്രിക്കറ്റ് എന്നത് തിലകരത്നെ ദിൽഷന് ‘ജെന്റിൽമാൻസ് ഗെയിം’ അല്ല; ഒരു അഡ്വഞ്ചർ സ്പോർട്ട് ആണ്.

ദിൽഷന്റെ ഭാഗ്യവും ശാപവും ഇതു തന്നെയാണ്. സമകാലീനരായ സംഗക്കാര–ജയവർധനമാരെപ്പോലെ ‘ക്ലാസ്, എലെഗന്റ്’ വിശേഷണങ്ങളൊന്നും ദിൽഷന് ആരും ചാർത്തിക്കൊടുത്തിട്ടില്ല. ഏകദിനത്തിലും ടെസ്റ്റിലുമായി പതിനയ്യായിരത്തിലേറെ റൺസും നൂറിലേറെ വിക്കറ്റുമുണ്ടായിട്ടും ക്ഷണികമായൊരു ‘ദിൽ സ്കൂപ്’ വേണ്ടിവരുന്നു പലപ്പോഴും ദിൽഷനെ ഓർക്കാൻ! ഷോട്ടുകൾക്കപ്പുറം ആ ഇന്നിങ്സുകൾ മിക്കതും മെമ്മറിയിൽ സേവ് ചെയ്യപ്പെടുന്നില്ല. ഇൻസ്റ്റന്റ് ആയി നമ്മളെ എക്സൈറ്റ് ചെയ്യിപ്പിച്ചതിനു ശേഷം അവ നേരെ മറവിയുടെ റീസൈക്കിൾ ബിന്നിലേക്കു പോകും. പിന്നീടെപ്പോഴെങ്കിലും അതു തുറന്നു നോക്കുമ്പോഴാണ് നമ്മൾ ‘ശ്ശെടാ..’ എന്നു പറഞ്ഞു പോകുന്നത്.

Sri Lanka Cricket Dilshan
ദിൽഷനും ഭാര്യ മഞ്ജുളാ തിലിനിയും

എങ്കിലും മറവിയുടെ വാതിൽ തള്ളിത്തുറന്ന് ഓർമയിലേക്കു വരുന്ന ചില മൽസരങ്ങളുണ്ട്. 2009ൽ രാജ്കോട്ടിൽ ഇന്ത്യയ്ക്കെതിരെയുള്ള ആ ഇന്നിങ്സ് ഓർമയില്ലേ? വീരേന്ദർ സേവാഗിന്റെ 146 റൺസ് മികവിൽ ഇന്ത്യ കുറിച്ചത് 414 റൺസ്. ഇത്തരമൊരു പടുകൂറ്റൻ ചേസിൽ ജയസൂര്യയെ മാത്രം പേടിച്ചാൽ മതി എന്നു കരുതിയ ഇന്ത്യയെ ഞെട്ടിച്ച ഇന്നിങ്സായിരുന്നു ദിൽഷന്റേത്. ഉപുൽ തരംഗയ്ക്കൊപ്പം ഒന്നാം വിക്കറ്റിൽ 188 റൺസ്, സംഗക്കാരയ്ക്കൊപ്പം രണ്ടാം വിക്കറ്റിൽ 128 റൺസ്, ക്രോസ്ബാറ്റഡ് ഷോട്ടുകളുടെ പെരുമഴ കണ്ട ഇന്നിങ്സിനൊടുവിൽ ലങ്ക തോറ്റത് വെറും മൂന്നു റൺസിന്. 40–ാം ഓവറിൽ തന്നെ ദിൽഷൻ‍ (160) പുറത്തായിരുന്നില്ലെങ്കിൽ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ചൊരു ചേസിങ് ജയം നമ്മൾ കണ്ടേനെ..!

dilshan-story-3
സച്ചിന്‍ തെൻഡുൽക്കറുടെ വിക്കറ്റ് വീഴ്ത്തിയ ദിൽഷന്റെ ആഹ്ലാദം

ഫാസ്റ്റ് ഫോർവേഡ് ടു 2015 ലോകകപ്പ്. വീണ്ടും സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്. മിച്ചൽ സ്റ്റാർക്കിനു പകരം മിച്ചൽ ജോൺസൻ. ഗുഡ്‌ലെങ്ത് ആയ ആദ്യ പന്ത് കവറിലൂടെ പാഞ്ഞു. അതേ ലെങ്തിലുള്ള രണ്ടാം പന്ത് ക്ലാസിക് സ്ട്രെയ്റ്റ് ഡ്രൈവ്. തന്ത്രം മാറ്റി ഷോർട്ട് പിച്ച് ചെയ്ത ജോൺസനെ ദിൽഷൻ മിഡ്‌വിക്കറ്റിലൂടെ പറത്തി. അടുത്ത പന്തിൽ പുൾ, പിന്നെ രണ്ടു ഡ്രൈവുകൾ. ആറു പന്തുകൾ, ആറു ഫോറുകൾ..മുൻപൊരു ആഷസിൽ ജോൺസന്റെ സ്പെല്ലുകൾ കൊണ്ട് ക്രിക്കറ്റ് തന്നെ നിർത്തിപ്പോയ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജൊനാതൻ ട്രോട്ടിനുള്ള ‘മോട്ടിവേഷൻ ക്ലാസ്’ ആകുമായിരുന്നു അത്! ഫോറുകളോടുള്ള ഭ്രമം ആ ലോകകപ്പിലുടനീളം ദിൽഷൻ തുടർന്നു. ബംഗ്ലദേശിനെതിരെ 161 റൺസ് നേടിയപ്പോൾ അതിലൊരു സിക്സ് പോലുമില്ലായിരുന്നു! 

എന്നിട്ടും ‘ലെജൻഡ്’ എന്ന വിശേഷണമില്ലാതെ ദിൽഷൻ ഇങ്ങനെ തിരസ്കൃതനാവുന്നതിനു കാരണങ്ങളെന്താവാം? ലങ്കൻ ക്രിക്കറ്റിലെ ഒരു ‘ട്വിൻ തിയറി’ അതിനു പിന്നിലുണ്ട്. ഇരട്ടകളായി ഓർമിക്കപ്പെടുന്നവരാണു ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസങ്ങളെല്ലാം. അർജുന രണതുംഗയുടെയും അരവിന്ദ ഡിസിൽവയുടെയും കാലം തൊട്ടേ തുടങ്ങുന്നു അത്. പിന്നെ ജയസൂര്യ–കാലുവിതരണ, ജയവർധന–സംഗക്കാര...എന്തിന് മുത്തയ്യ മുരളീധരനെന്ന പേരു കേൾക്കുമ്പോൾ പോലും പേസ് ബോളറായ ചാമിന്ദ വാസ് മനസ്സിലെത്തും. പക്ഷേ, ദിൽഷന് അങ്ങനെയൊരു കൂട്ടുണ്ടോ..? ഇല്ല! ദിൽഷൻ ഒറ്റയാനാണ്. കളത്തിലും പുറത്തും.

India World T20 Cricket Sri Lanka

ലങ്കൻ ക്രിക്കറ്റിലെ ‘കൊളംബോ സ്കൂളിന്റെ’ ഉൽപ്പന്നമല്ല എന്നതും ദിൽഷനെ ‘ക്ലാസിനു’ പുറത്താക്കുന്നു. പടിഞ്ഞാറൻ‍ ലങ്കയിലെ കാലുതാരയിൽ ജനനം, ക്രിക്കറ്റിൽ അഭിരമിച്ചു പോകാത്തൊരു ബാല്യം. 1996 ലോകകപ്പ് ഫൈനലാണ് ദിൽഷൻ ആദ്യമായി ടിവിയിൽ ലൈവ് ആയി കാണുന്ന ക്രിക്കറ്റ് മൽസരം. ഒരു വിവാഹച്ചടങ്ങിനിടയിൽ ചുമ്മാ കണ്ടു പോവുകയായിരുന്നു എന്ന് ദിൽഷൻ തന്നെ പറഞ്ഞിട്ടുണ്ട്. മിക്ക താരങ്ങളും രാജ്യാന്തര ക്രിക്കറ്റിൽ വരെ അരങ്ങേറ്റം കുറിക്കുന്ന 20–ാം വയസ്സിലായിരുന്നു അത്. പിൽക്കാലത്ത് ക്രിക്കറ്റിലെത്തിയതിനു ശേഷവും ആ അജ്ഞത ദിൽഷനെ പിന്തുടർന്നു. ഒരു വിദേശപര്യടനത്തിനിടെ ലങ്കൻ ടീമിനെ കാണാനെത്തിയ വെസ്റ്റിൻഡീസ് ഇതിഹാസതാരം ഗാരി സോബേഴ്സിനെ ദിൽഷൻ തിരിച്ചറിഞ്ഞില്ല! 

dilshan-story-7

പക്ഷേ തനിക്കു നഷ്ടമായ വർഷങ്ങളെല്ലാം ദിൽ‍ഷൻ പിന്നീട് തിരിച്ചു പിടിച്ചു. ഈ കണക്കുകൾ നോക്കുക: 35–ാം വയസ്സിനു ശേഷം മൂന്നു കലണ്ടർ വർഷങ്ങളിൽ ആയിരത്തിലധികം ഏകദിന റൺസ് നേടിയ ഒരേയൊരു ബാറ്റ്സ്മാനാണ് ദിൽഷൻ. 35 വയസ്സിനു ശേഷം ഏകദിനങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാനും മറ്റാരുമല്ല– 4391 റൺസ്. രണ്ടാം സ്ഥാനത്ത് സാക്ഷാൽ സനത് ജയസൂര്യ. കളിച്ച 330 ഏകദിനങ്ങളിൽ 25 തവണയാണ് ദിൽഷൻ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയത്. പിന്നിലുള്ള ഇതിഹാസങ്ങൾ ആരൊക്കെയാണ്? അർജുന രണതുംഗെ, ഇൻസമാം ഉൾഹഖ്, വാസിം അക്രം, ജയവർധനെ, സ്റ്റീവ് വോ, എം.എസ്. ധോണി, മുഹമ്മദ് അസ്ഹറുദ്ദീൻ, വഖാർ‍ യൂനിസ്, അലൻ ബോർഡർ, സ്റ്റീഫൻ ഫ്ലെമിങ്, ബ്രെറ്റ് ലീ, ഗ്ലെൻ മഗ്രോ, രാഹുൽ ദ്രാവിഡ്, മുത്തയ്യ മുരളീധരൻ, ഡാനിയൽ വെറ്റോറി, ചാമിന്ദ വാസ്..!!!

CRICKET-SRI-IND-NZL

ടീമിനു വേണ്ടി വിക്കറ്റ് കീപ്പ് ചെയ്യുന്ന ഒരു സ്പെഷലിസ്റ്റ് ബാറ്റ്സ്മാനു പോലും ത്യാഗിയുടെ ഇമേജ് ചാർത്തിക്കൊടുക്കുന്ന കാലത്ത് ബാറ്റും ബോളും കീപ്പും ഫീൽഡും ചെയ്ത ദിൽഷന് അതും കിട്ടിയില്ല. ‘വിറകു വെട്ടിയും വെള്ളം കോരിയും’ കഴിച്ചു കൂട്ടിയ ആ കാലത്തു നിന്ന് ഓപ്പണറായി മാറിയതോടെയാണ് ദിൽഷനെ ലങ്കൻ ക്രിക്കറ്റ് പരിഗണിച്ചു തുടങ്ങിയതു തന്നെ. പക്ഷേ താൻ‍ ക്യാപ്റ്റനായപ്പോൾ ആ സഹായം ആരും തിരിച്ചു നൽകിയില്ല എന്ന് ദിൽഷൻ പരിഭവിച്ചിട്ടുണ്ട്. ആരാധകർ പോലും. 2016ൽ ന്യൂസീലൻഡിലെ ഈഡൻ പാർക്ക് സ്റ്റേഡിയത്തിൽ ഒരു മൽസരം കഴി‍ഞ്ഞു മടങ്ങവെ ഒരു ലങ്കൻ ആരാധകൻ ദിൽഷനോടു ചോദിച്ചത് ‘തനിക്കൊന്നു റിട്ടയർ ചെയ്തു കൂടേ’ എന്നാണ്? ‘ആർ യൂ റീപ്ലേസിങ് മി..?’ എന്നായിരുന്നു ദിൽഷന്റെ മറുചോദ്യം. വിരമിച്ചതിനു ശേഷം ദിൽഷൻ ലങ്കൻ ക്രിക്കറ്റിനോടു ചോദിക്കുന്നതും അതു തന്നെയാണ്. 

dilshan-story-5

സംഗക്കാരയും ജയവർധനെയും വിരമിച്ചതോടെ ലങ്കൻ ക്രിക്കറ്റ് തകർന്നു എന്നു പരിഭവിക്കുമ്പോഴും പലപ്പോഴും നമ്മൾ ദിൽഷനെ മറക്കും. പക്ഷേ സത്യസന്ധമായി റിസർച്ച് ചെയ്ത് ആധുനിക ക്രിക്കറ്റിന്റെ ചരിത്രമെഴുതിയാൽ അതിലൊരു ചാപ്റ്റർ ആയി തിലകരത്നെ ദിൽഷനുണ്ടാകും. ക്രിക്കറ്റിനെ ഒരു ‘ക്ലാസിക് കലാരൂപത്തിൽ’ നിന്ന് ‘കണ്ടംപററി ആർട്ട്’ ആയി പരിവർത്തിപ്പിച്ചവരിലൊരാളായിട്ട്. അതു വരെ കടുത്ത ദിൽഷൻ ആരാധകർ മാത്രം പറഞ്ഞു കൊണ്ടിരിക്കും: ദിൽഷൻ, യെ ദിൽ മാംഗേ മോർ ...ഞങ്ങളുടെ ഹൃദയം കൂടുതൽ ആഗ്രഹിക്കുന്നു..!!

English Summary: Tillakaratne Dilshan cricket career

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA