sections
MORE

പട്ടൗഡിയുടെ വജ്രായുധം, സ്പിന്നിലെ ‘കുറുക്കൻ’; ഇന്ത്യൻ സ്പിൻ ഇതിഹാസം പ്രസന്നയ്ക്ക് 80

IND2030B
SHARE

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടംനേടി വെറും രണ്ടു ടെസ്റ്റ് കളിച്ചശേഷം എൻജിനീയറിങ് പഠനം പൂർത്തിയാക്കാനായി മാത്രം അഞ്ചു വർഷത്തെ ഇടവേളയെടുത്തൊരു താരമുണ്ട്. പഠനശേഷം ജോലിയും തരപ്പെടുത്തി വീണ്ടും ഇന്ത്യൻ ടീമിലെത്തിയ കഥ അധികമാർക്കും പറയാനുണ്ടാവില്ല. ക്രിക്കറ്റ് ചരിത്രത്തിൽ അപൂർവമായി മാറിയ ഈ കഥയിലെ നായകന് 80–ാം പിറന്നാൾ. പേര് ഈരപള്ളി അനന്തറാവു ശ്രീനിവാസ് പ്രസന്ന എന്ന ഇഎഎസ് പ്രസന്ന.

തന്റെ തലമുറ കണ്ട ഏറ്റവും മികച്ച സ്ലോ ബോളർ എന്ന് സാക്ഷാൽ ഇയാൻ ചാപ്പലും ജിം ലേക്കർ, ലാൻസ് ഗിബ്സ് എന്നിവരെക്കാളും ഒരുപിടി മുന്നിലെന്ന് ആഷ്‍ലി മല്ലെറ്റുമൊക്കെ വാഴ്ത്തിയത് ഇതേ പ്രസന്നയെ. 1960കളിലും 70കളിലും ഒരുപിടി ലോകോത്തര ബാറ്റ്സ്മാൻമാരെ വട്ടംകറക്കി തിരികെ പവലിയനിലെത്തിച്ചത് മാന്ത്രികവിരലുള്ള നാലു ഇന്ത്യൻ സ്പിന്നർമാരുടെ മിടുക്കിലായിരുന്നു: എസ്. വെങ്കിട്ടരാഘവൻ, ബിഷൻ സിങ് ബേദി, ഭഗവത് ചന്ദ്രശേഖർ, പിന്നെ പ്രസന്നയും. ഇക്കൂട്ടത്തിൽ ആദ്യമായി ഇന്ത്യൻ ജഴ്സിയണിഞ്ഞത് പ്രസന്നയായിരുന്നു.

പഴയ മൈസൂർ രാജ്യത്തെ ബാംഗ്ലൂരിൽ 1940 മേയ് 22നാണ് പ്രസന്നയുടെ ജനനം. വലതുകൈയൻ ഓഫ് ബ്രേക് ബോളർ എന്ന നിലയിൽ 1961–62ൽ മൈസൂർ ടീമിലൂടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം. ഹൈദരാബാദിനെതിരെ നടന്ന ആദ്യ മത്സരത്തിൽത്തന്നെ 5/80 എന്ന മികച്ച പ്രകടനം. തൊട്ടടുത്ത മത്സരം മദ്രാസിനെതിരെ. മികച്ച പ്രകടനം വീണ്ടും ആവർത്തിച്ചു: 7/90. തുടർന്ന് ദക്ഷിണമേഖലാ ടീമിലും തിളങ്ങി. ഇന്ത്യയിൽ പര്യടനത്തിനെത്തിയ എംസിസിക്കെതിരെയും മികച്ച ബോളിങ്. ഈ മൽസരങ്ങളിലെ മാസ്മരിക ബോളിങ് നേട്ടങ്ങൾ അദ്ദേഹത്തിന് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നു.

Prasanna-turns-80

1961–62 ൽ ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ അവസാന ടെസ്റ്റിലൂടെയായിരുന്നു പ്രസന്നയുടെ ടെസ്റ്റ് അരങ്ങേറ്റം. പഠനത്തിന് പ്രാധാന്യം നൽകിയ പിതാവിന്റെ ഇഷ്ടത്തിന് എതിരായിട്ടായിരുന്നു പ്രസന്നയുടെ ഇന്ത്യൻ ടീമിലേക്കുള്ള വരവ്. ആ മത്സരത്തിൽ ഒരു വിക്കറ്റ് മാത്രമേ പ്രസന്ന വീഴ്ത്തിയുള്ളുവെങ്കിലും ഇന്ത്യയ്ക്കായിരുന്നു ജയവും പരമ്പരയും (2–0). തുടർന്ന് ഇന്ത്യയുടെ വിൻഡീസ് പരമ്പരയ്ക്കും പ്രസന്ന തിരഞ്ഞെടുക്കപ്പെട്ടു. പിതാവ് എതിർപ്പ് അറിയിച്ചതോടെ അന്നത്തെ ബിസിസിഐ അധ്യക്ഷൻ എം. ചിന്നസ്വാമി ഇടപെട്ടു. പിതാവിനുമുന്നിൽ മൈസൂർ വൊഡെയാർ മഹാരാജാവിന്റെ ശുപാർശ. അദ്ദേഹത്തിന്റെ നിർബന്ധത്തിന് പിതാവിന് വഴങ്ങേണ്ടിവന്നു. തിരികെ വന്നാലുടൻ പഠനം പൂർത്തിയാക്കണമെന്ന പിതാവിന്റെ നിർബന്ധത്തിന് പ്രസന്നയും വഴങ്ങി. ആ പരമ്പരയിലും ഒരു ടെസ്റ്റിൽമാത്രമാണ് പ്രസന്നയ്ക്ക് അവസരം കിട്ടിയത്. സുനിൽ ദുറാനി, ബാപു നദ്കർനി, പോളി ഉമ്രിഗർ, ചന്ദു ബോർഡെ തുടങ്ങിയ ശക്തരായ ബോളർമാരുടെ സാന്നിധ്യമാണ് പ്രസന്നയ്ക്ക് ആ പരമ്പരയിൽ അവസരങ്ങൾ നഷ്ടമാക്കിയത്.

തിരിച്ചു നാട്ടിലെത്തിയ പ്രസന്ന മുടങ്ങിപ്പോയ എൻജിനീയറിങ് ബിരുദം പൂർത്തിയാക്കി. അങ്ങനെ മൈസൂറിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങിൽനിന്ന് ബിരുദം, പിന്നാലെ ജോലിയും സംഘടിപ്പിച്ചു. തുടർന്നായിരുന്നു രണ്ടാം വരവ്. രഞ്ജി ട്രോഫി, ഇറാനി ട്രോഫി, ദുലീപ് ട്രോഫി തുടങ്ങിയ ടൂർണമെന്റുകളിൽ പ്രസന്ന തിളങ്ങി. കർണാടകയുടെയും ദക്ഷിണമേഖലയുടെയും നായകനായി. വീണ്ടും ഇന്ത്യൻ ടീമിലേക്ക് വാതിൽതുറന്നു. അപ്പോഴേക്കും വെങ്കിട്ടരാഘവൻ, ചന്ദ്രശേഖർ, ബേദി എന്നിവർ ടീമിൽ സാന്നിധ്യമറിയിച്ചിരുന്നു.

1966–67ല്‍ വെസ്റ്റിൻഡീസ് ഇന്ത്യയിൽ നടത്തിയ പര്യടനത്തിൽ പ്രസന്നയും ടീമിൽ ഇടംപിടിച്ചു. പരമ്പരയിൽ ഒരു മത്സരത്തിൽമാത്രം കളിച്ച പ്രസന്ന അ‍ഞ്ചു വിക്കറ്റുകൾ പിഴുതു. ഇതോടെ ഇന്ത്യൻ ടീമിൽ അവിഭാജ്യഘടകം. 1967–68 മുതൽ 1969–70 വരെ തുടർച്ചയായി നടന്ന നാലു പരമ്പരകളിലൂടെ സ്വന്തമാക്കിയത് 95 വിക്കറ്റ്. ന്യൂസീലൻഡും ഓസ്ട്രേലിയയുമായിരുന്നു എതിരാളികൾ. ഇതിനിടെ, 1969ൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യൻ ബോളർ എന്ന റെക്കോർഡ് സ്വന്തമാക്കി. തന്റെ 20–ാം ടെസ്റ്റ് മൽസരത്തിൽ ഓസ്ട്രേലിയയുടെ പോൾ ഷേഹാന്റെ വിക്കറ്റ് തെറിപ്പിച്ചായിരുന്നു ആ നേട്ടം. (വേഗതയേറിയ 100 വിക്കറ്റുകൾ എന്ന ഈ ഇന്ത്യൻ നേട്ടം ആർ. അശ്വിനാണ് മറികടന്നത്). ഒരു കാലത്ത് ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇന്ത്യൻ താരം എന്ന ബഹുമതിയും പ്രസന്നയുടെ പേരിലായിരുന്നു. വിനു മങ്കാദിന്റെ പേരിലുണ്ടായിരുന്ന 162 വിക്കറ്റ് എന്ന ഇന്ത്യൻ റെക്കോർഡ് പ്രസന്ന സ്വന്തമാക്കിയത് 1976ലെ ന്യൂസിലൻഡ് ടെസ്റ്റിൽ. ഓക്‌ലൻഡിൽ നടന്ന ആ മൽസരത്തിൽ ആകെ 11 കിവീസ് വിക്കറ്റുകൾ പ്രസന്ന നേടി.

ആകെ കളിച്ചത് 49 ടെസ്റ്റ്. അതിൽനിന്ന് 189 വിക്കറ്റ്. 235 ഫസ്റ്റ് ക്ലാസ് മൽസരങ്ങളിൽനിന്ന് 957 വിക്കറ്റ്. ബോംബൈ 15 വർഷം കുത്തകയാക്കിയ രഞ്ജി ട്രോഫി കർണാടകയിലെത്തിച്ചത് പ്രസന്നയാണ്, അതും രണ്ടു തവണ. ടൈഗർ പട്ടൗഡി നായകനായപ്പോൾ ഏറ്റവും തിളങ്ങിയ ബോളറായിരുന്നു പ്രസന്ന. പട്ടൗഡിയുടെ വജ്രായുധമായിരുന്നു പ്രസന്ന. പട്ടൗ‍ഡിയുടെ നായകത്വത്തിനുകീഴിൽമാത്രം പ്രസന്ന കളിച്ചത് 23 ടെസ്റ്റ്, നേടിയത് 116 വിക്കറ്റ്. പട്ടൗഡിക്കുശേഷം അജിത് വഡേക്കർ വന്നതോടെ വെങ്കിട്ടരാഘവനായി പ്രാധാന്യം. ഇതിനിടെ ടീമിലെ പടലപ്പിണക്കങ്ങളും പ്രാദേശികവാദങ്ങളും പ്രസന്നയുടെ അവസരങ്ങൾ നഷ്ടപ്പെടുത്തി. 1978–79 ലെ പാക്ക് പര്യടനത്തോടെ പ്രസന്ന രാജ്യാന്തരക്രിക്കറ്റിനോട് വിടചൊല്ലി. ആ പരമ്പരയിൽ രണ്ടു വിക്കറ്റുമാത്രമേ നേടാനായുള്ളൂ.

ബാറ്റ്സ്മാൻമാരെ കൊതിപ്പിച്ച് പന്തിന്റെ ദിശമാറ്റാനുള്ള കഴിവ് അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. ഫുൾ ടോസ് എന്നുകരുതി ബാറ്റു വീശുന്ന ബാറ്റ്സ്മാൻമാർ പലപ്പോഴും കബളിപ്പിക്കപ്പെട്ടു. ഈ തന്ത്രം അദ്ദേഹത്തിനൊരു ഓമനപ്പേര് സമ്മാനിച്ചു, ‘കുറുക്കൻ’. കരിയറിൽ ഒരിക്കൽപ്പോലും രാജ്യാന്തര ഏകദിന മൽസരം കളിക്കാനുള്ള ഭാഗ്യം ലഭിച്ചില്ലെങ്കിലും 1985ൽ മറ്റൊരു നേട്ടം അദ്ദേഹത്തെ തേടിയെത്തി. 1985ൽ ബെൻസൺ ആൻഡ് ഹെഡ്‌ജസ് ലോക ക്രിക്കറ്റ് ചാംപ്യൻഷിപ്പ് കിരീടം ചൂടിയ ഇന്ത്യൻ ടീമിന്റെ മാജേരായിരുന്നു പ്രസന്ന. ക്രിക്കറ്റിലെ ആധികാരിക ഗ്രന്ഥമായ വിസ്‌ഡൻ അൽമനാക് 2002 ൽ ഏറ്റവും മികച്ച ഇന്ത്യൻ ടീമായി തിരഞ്ഞെടുത്തത് ഈ ടീമിനെയാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ അവിസ്‌മരണീയ നിമിഷങ്ങളുടെ ആഘോഷവുമായി ബന്ധപ്പെട്ടാണ് ടീമിനെ നൂറ്റാണ്ടിന്റെ ഇന്ത്യൻ ടീമായി വിസ്‌ഡൻ പ്രഖ്യാപിച്ചത്. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ സ്പിൻ ബോളിങ് പരിശീലകനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പ്രസന്നയുടെ ആത്മകഥയാണ് ‘വൺ മോർ ഓവർ’.

English Summary: Mystical Spinner EAS Prasanna Turns 80

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA