ADVERTISEMENT

മെൽബൺ∙ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് പണമുണ്ടാക്കാനുള്ള പരിപാടിയാണെന്നും ട്വന്റി20 ലോകകപ്പിന് മുകളിൽ അതിനു പരിഗണന നൽകേണ്ടതില്ലെന്നും മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലൻ ബോർഡർ. ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പ് നീട്ടിവയ്ക്കുകയാണെങ്കിൽ ഐപിൽ മത്സരങ്ങൾ‌ ഒക്ടോബർ– നവംബർ മാസങ്ങളിൽ നടത്തിയേക്കുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെതിരെയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഈയൊരു തീരുമാനത്തിൽ ഞാൻ സന്തോഷവാനല്ല. പ്രാദേശിക മത്സരത്തേക്കാൾ ലോക ചാംപ്യൻഷിപ്പിനാണു മേൽക്കൈ വേണ്ടത്. അതുകൊണ്ടു തന്നെ ലോകകപ്പ് ക്രിക്കറ്റ് നടക്കില്ലെങ്കിൽ ഐപിഎല്ലും നടത്തരുത്. അങ്ങനെയൊരു തീരുമാനത്തെ ഞാൻ ചോദ്യം ചെയ്യുന്നു. ഐപിഎൽ എന്നതു പണമുണ്ടാക്കാനുള്ള പരിപാടി മാത്രമാണ്. അല്ലേ?– ഒരു രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ അലൻ ബോർഡർ വാദിച്ചു. ലോകകപ്പിനേക്കാൾ പ്രാധാന്യം നല്‍കി ഐപിഎൽ നടത്താനാണ് ആലോചിക്കുന്നതെങ്കില്‍ വിദേശ താരങ്ങളെ ബോർഡുകൾ വിട്ടുനൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ വരുമാനത്തിൽ വലിയ പങ്കും നല്‍കുന്നത് ഇന്ത്യയാണെന്നതിനാൽ ലോക ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വലിയ ശബ്ദമുണ്ട്. എന്നാൽ ലോകകപ്പിനേക്കാൾ ഐപിഎല്ലിനു പ്രാധാന്യം നൽകിയാൽ കാര്യങ്ങൾ തെറ്റായ വഴിയിലൂടെ നീങ്ങും. പന്തിന്റെ തിളക്കം കൂട്ടാൻ ക്രിക്കറ്റിൽ ഇനി ഉമിനീര് ഉപയോഗിക്കാൻ അനുവദിക്കില്ലെങ്കിൽ അതിനായി കൃത്രിമ സത്ത് പോലെ എന്തെങ്കിലും അനുവദിക്കണമെന്നും ബോർഡർ ആവശ്യപ്പെട്ടു. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പന്തിൽ ഉമിനീര് പുരട്ടുന്നതു വിലക്കാൻ ഐസിസി ക്രിക്കറ്റ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്.

English Summarty: Countries should stop their players going to IPL if the league replaces T20 World Cup: Allan Border

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com