ADVERTISEMENT

ന്യൂഡൽഹി∙ 2007 ട്വന്റി20 ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാനെതിരെ മലയാളി ക്രിക്ക് താരം ശ്രീശാന്ത് നേടിയ അവിസ്മരണീയമായ ക്യാച്ചിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് റോബിൻ ഉത്തപ്പ. മത്സരത്തിന്റെ അവസാന ഓവറിൽ മിസ്ബ ഉൾ ഹഖിന്റെ ഷോട്ട് ശ്രീശാന്തിന് പിടിച്ചെടുക്കാൻ സാധിക്കുന്നതിന് ദൈവത്തോട് പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു താനെന്ന് റോബിൻ ഉത്തപ്പ വെളിപ്പെടുത്തി. മിസ്ബയുടെ സ്കൂപ്പ് ഷോട്ട് ഷോർട് ഫൈൻ ലെഗിൽ‌ ഫീൽ‌ഡ് ചെയ്ത ശ്രീശാന്ത് പിടിച്ചെടുത്തതോടെയാണ് ട്വന്റി20 ലോകകിരീടം ഇന്ത്യയ്ക്കു സ്വന്തമാകുന്നത്.

അവസാന ഓവറിന്റെ തുടക്കത്തിൽ ഞാൻ ലോങ് ഓണിൽ ഫീൽഡ് ചെയ്യുകയായിരുന്നു. ആദ്യ പന്തിൽ ജോഗീന്ദർ ശർമ വൈഡ് എറിഞ്ഞത് ഇപ്പോഴും ഓർക്കുന്നു. ഞാൻ പ്രാർഥിക്കുകയായിരുന്നു. 15–ാം ഓവർ മുതലുള്ള എല്ലാ പന്തുകളിലും ലോകകപ്പിലേക്ക് എത്താൻ വേണ്ടി പ്രാർഥിച്ചുകൊണ്ടിരുന്നു. ആദ്യം വൈ‍ഡ് എറിഞ്ഞപ്പോള്‍ സിക്സ് കൊടുത്തില്ലല്ലോ എന്ന് ആശ്വസിച്ചു. എന്നാല്‍ തുടർന്ന് ജോഗിയുടെ പന്തിൽ മിസ്ബ സിക്സിന് ശ്രമിച്ചു.

അപ്പോഴും നമുക്ക് അതു സാധിക്കും എന്നായിരുന്നു എനിക്കു തോന്നിയത്. മിസ്ബയുടെ സ്കൂപ്പ് ഷോട്ട് ഉയർന്നു പൊങ്ങി. പന്ത് ഏറെ ദൂരം പോകില്ലെന്ന് എനിക്കു മനസ്സിലായി. ഷോർട് ഫൈൻ ലെഗിൽ ശ്രീശാന്ത് ആണ് ഫീൽഡ് ചെയ്തിരുന്നത്. എന്നാൽ ആ സമയത്ത് ക്യാച്ചുകൾ വിട്ടുകളയുന്നതിന്റെ പേരിലായിരുന്നു ശ്രീശാന്ത് അറിയപ്പെട്ടിരുന്നത്. പ്രത്യേകിച്ച് എളുപ്പമുള്ള ക്യാച്ചുകൾ. ശ്രീശാന്തിനെ ആ പന്ത് പിടിച്ചെടുക്കാൻ അനുവദിക്കണമെന്ന് ഞാൻ ദൈവത്തോട് പ്രാർ‌ഥിച്ചു.

ഇന്ത്യ ആ ലോകകപ്പ് വിജയിക്കണമെന്നതു വിധിയായിരുന്നെന്ന് ഇപ്പോഴും ഞാൻ ഉറച്ചു വിശ്വസിക്കുന്നു– റോബിൻ ഉത്തപ്പ പ്രതികരിച്ചു. 1983 ലെ ലോകകപ്പ് വിജയത്തിനു ശേഷം ഇന്ത്യയുടെ അടുത്ത ലോക കിരീടമായിരുന്നു 2007 ലേത്. ജൊഹാനസ്ബർഗിൽ നടന്ന ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ അഞ്ചിന് 157 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ 19.3 ഓവറിൽ 152 റൺസിന് പാക്കിസ്ഥാൻ പുറത്തായി. ഇന്ത്യയ്ക്ക് അഞ്ച് റണ്‍സ് ജയവും ലോകകിരീടവും.

English Summary: Robin Uthappa Recalls Sreesanth's 2007 T20 World Cup-winning Catch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com