ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ രോഹിത് ശർമയുടെ രീതികൾ ക്യാപ്റ്റൻ വിരാട് കോലിയുടേതിൽ നിന്നും തീർത്തും വ്യത്യസ്തമാണ്. കോലിയുടെ അഭാവത്തില്‍ രോഹിത് ഇന്ത്യയെ നയിച്ചപ്പോഴെല്ലാം ഗ്രൗണ്ടിൽ അദ്ദേഹത്തിന്റെ മികവ് ആരാധകർ നേരിട്ട് ആസ്വദിച്ചിട്ടുണ്ട്. രോഹിത് ശർമയെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുമായാണ് ക്രിക്കറ്റ് വിദഗ്ധർ താരതമ്യം ചെയ്യുക. ഗ്രൗണ്ടിൽ സൗമ്യനായി നിൽക്കാനുള്ള രോഹിതിന്റെ കഴിവും താരങ്ങളെ പ്രോൽസാഹിപ്പിക്കുന്ന രീതിയുമാണ് ഇതിനു പിന്നിലെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന കരുതുന്നത്.

രോഹിതിന്റെ ക്യാപ്റ്റൻസി എന്നത് എംഎസ്ഡിയുടേതിനു സമാനമാണ്. ഗ്രൗണ്ടിൽ സൗമ്യ ഭാവത്തിൽ രോഹിത് കാര്യങ്ങൾ ചെയ്യുന്നു. താരങ്ങളെ പ്രോൽസാഹിപ്പിക്കുന്ന രീതിയും ധോണിയുടേതിനു സമാനമാണ്. ബാറ്റ് ചെയ്യാനിറങ്ങുമ്പോഴെല്ലാം റണ്‍സ് ഉണ്ടാക്കണമെന്ന് അദ്ദേഹത്തിന് അറിയാം. ഇത്തരത്തിലുള്ള ആത്മവിശ്വാസം ഒരു താരത്തിനുണ്ടെങ്കില്‍ സഹതാരങ്ങൾക്കും അതു നേടിയെടുക്കാൻ സാധിക്കും. രോഹിതിൽ എനിക്ക് ഇഷ്ടപ്പെട്ടത് അതാണ്– ഒരു ദേശീയ മാധ്യമത്തോട് റെയ്ന പറഞ്ഞു.

ഐപിഎല്ലിൽ പുണെയ്ക്കെതിരായ മുംബൈയുടെ ഫൈനൽ ഞാൻ കണ്ടിരുന്നു. മുംബൈ ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് 2–3 വലിയ നീക്കങ്ങൾ നടത്തിയിരുന്നു. തീർച്ചയായും രോഹിതിനു പുറമേനിന്ന് ഉപദേശങ്ങൾ ലഭിച്ചിരിക്കും. എന്നാൽ തീരുമാനങ്ങളെല്ലാം അദ്ദേഹം സ്വയം എടുക്കുന്നതാണ്. എന്ത് കാര്യം എപ്പോൾ‌ ചെയ്യണമെന്ന് രോഹിത് ശർമയ്ക്കു നന്നായി അറിയാം. രോഹിത് ക്യാപ്റ്റനെന്ന നിലയിൽ കപ്പുകൾ നേടുന്നതിൽ അദ്ഭുതപ്പെടാനില്ല– റെയ്ന വ്യക്തമാക്കി.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിച്ചിരുന്നപ്പോള്‍ തന്റെ ബാറ്റിങ് സ്ഥാനം മാറ്റിയതിന് ധോണിയെ ഒരിക്കൽ‌ പോലും ചോദ്യം ചെയ്തിട്ടില്ലെന്നും റെയ്ന പറഞ്ഞു. 2015 ലോകകപ്പ് ക്രിക്കറ്റ് എനിക്ക് ഓർമയുണ്ട്. ബാറ്റിങ്ങിൽ എനിക്ക് സ്ഥാനക്കയറ്റം നൽകിയാണ് ഇറക്കിയത്. ആ മത്സരത്തിൽ എനിക്ക് 70–80 റൺസ് സ്കോർ ചെയ്യാൻ സാധിച്ചു. രണ്ട് ലെഗ് സ്പിന്നർമാർ ബോള്‍ ചെയ്യുമ്പോൾ എനിക്ക് അവരെ നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ധോണിക്ക് അറിയാമായിരുന്നു. ധോണിയാണ് ഇക്കാര്യം എന്നോടു പറഞ്ഞത്. എല്ലായ്പ്പോഴും ഞങ്ങൾ ചിന്തിക്കുന്നതിന് ഒരു പടി മുന്നിലായിരിക്കും ധോണി.

വിക്കറ്റിന് പിന്നിൽനിന്ന് ധോണി എല്ലാം കാണുന്നുണ്ടായിരുന്നു. ക്യാമറ, ആരാധകർ അങ്ങനെ എല്ലാം. അദ്ദേഹത്തിന് തെറ്റു വരുത്താൻ സാധിക്കില്ല. പന്ത് എത്ര സ്വിങ് ചെയ്യും. പിച്ചിലെ മാറ്റം എല്ലാം ധോണിക്ക് അറിയാം. ദൈവം അദ്ദേഹത്തിന് ചില പ്രത്യേക കഴിവുകൾ നൽകിയിട്ടുണ്ട്. അതുകൊണ്ടാണ് ധോണി ഇത്രയും വിജയിച്ച ക്യാപ്റ്റനായി മാറിയതെന്നും റെയ്ന പ്രതികരിച്ചു. വിദേശ താരങ്ങളില്ലാതെ ഐപിഎൽ നടത്തുന്നത് ആസ്വാദനത്തെ ബാധിക്കുമെന്നും റെയ്ന വ്യക്തമാക്കി.

വിദേശ താരങ്ങൾ ഐപിഎല്ലിൽ ഉണ്ടാകണം. വിദേശ താരങ്ങളുടെ കളിക്കുമ്പോൾ ഏതൊരാൾക്കും കൂടുതൽ പഠിക്കാനും മത്സരം ആസ്വദിക്കാനും അവസരം ലഭിക്കും. ഐപിഎല്ലിന്റെ തുടക്കം മുതൽ രാജ്യാന്തരതലത്തിലെ മികച്ച ബാറ്റ്സ്മാൻമാരും ബോളർമാരും ടൂർണമെന്റിന്റെ ഭാഗമായിരുന്നെന്നും റെയ്ന പ്രതികരിച്ചു.

English Summary: Rohit’s captaincy is very similar to Dhoni: Suresh Raina

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com