ADVERTISEMENT

സിഡ്നി∙ ലോകമാകെ ലോക്ഡൗണിൽ കുടുങ്ങിയിരിക്കുമ്പോൾ വീട്ടിലെ വിരസത അകറ്റാൻ ഓരോ ഹോബികളിലേർപ്പെടുകയാണ് ആൾക്കാർ ചെയ്യുന്നത്. ക്രിക്കറ്റിൽ മാത്രമല്ല ടിക്ടോക്കിലും തന്റെ കഴിവ് തെളിയിക്കുകയാണ് ഓസീസ് ബാറ്റ്സ്മാൻ ഡേവിഡ് വാർണർ. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം നൃത്തം ചെയ്ത് ടിക്ടോക്കിൽ ‘ലൈക്സ്’ വാങ്ങലാണു വാര്‍ണറുടെ ലോക്ഡൗൺ കാലത്തെ പ്രധാന‌ പരിപാടി. തെലുങ്ക്, ഹിന്ദി ഗാനങ്ങൾക്ക് ചുവടു വച്ച വാർണർ തെലുങ്ക് സിനിമ ബാഹുബലിയിലെ ഡയലോഗുകളും അനുകരിച്ച് ഇന്ത്യക്കാരെ കയ്യിലെടുത്തു. ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയെയും ടിക്ടോക്കിലേക്കു ക്ഷണിച്ചിരിക്കുകയാണ് വാർണർ.

ടിക് ടോക്കിനു പുറമേ ട്വിറ്റർ, ഇന്‍സ്റ്റഗ്രാം എന്നീ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും വാർണർ സ്വന്തം വിഡിയോകൾ ആരാധകർക്കായി പങ്കു വയ്ക്കാറുണ്ട്. ഓസ്ട്രേലിയൻ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ആരൺ ഫിഞ്ചിനെയും വാർണർ ടിക്ടോക്കിലേക്കു സ്വാഗതം ചെയ്തിരുന്നു. ഫിഞ്ച് ടിക്ടോക്കിൽ അക്കൗണ്ട് തുടങ്ങുകയും ചെയ്തു. പിന്നാലെയാണ് വാർണർ കോലിയെയും ടിക്ടോക് ലോകത്തേക്കു സ്വാഗതം ചെയ്തത്.

ഹൗസ്ഫുൾ 4 എന്ന ബോളിവുഡ് ചിത്രത്തിലെ ‘ഷെയ്താൻ കാ സാല’ എന്ന ഗാനത്തിനാണ് വാർണർ പുതുതായി ചുവട് വച്ചത്. സിനിമാ ഗാനത്തിലെ അക്ഷയ് കുമാറിന്റെ ചുവടുകൾ അതേപടി അനുകരിക്കുകയാണ് വാർണർ. ടിക്ടോക് വിഡിയോ വാർണർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഇതു കണ്ട വിരാട് കോലി വാർണറുടെ വിഡിയോയ്ക്ക് സ്മൈലികൾ കമന്റ് ചെയ്തു. പിന്നാലെ വാർണർ കോലിയോടും തനിക്കൊപ്പം ചേരാൻ ആവശ്യപ്പെടുകയായിരുന്നു. അക്കൗണ്ട് ഉണ്ടാക്കാൻ ബോളിവുഡ് നടിയും കോലിയുടെ ഭാര്യയുമായ അനുഷ്ക ശർമയുടെ സഹായം തേടാനും വാർണർ ആവശ്യപ്പെട്ടു.

വാർണറുടെ പുതിയ ടിക്ടോക് വിഡിയോ ബോളിവുഡ് താരം അക്ഷയ് കുമാറിനും നന്നായി ഇഷ്ടപ്പെട്ടു. അക്ഷയ് കുമാറും വാർണറെ പിന്തുണച്ചു രംഗത്തെത്തി. ഇന്ത്യൻ സിനിമകളുമായി ബന്ധപ്പെട്ട് ടിക്ടോക് ചെയ്യുന്നത് ലോക്ഡൗൺ കാലത്ത് വാർണറുടെ പതിവായിട്ടുണ്ട്. കരിയറിന്റെ തുടക്കകാലത്ത് വാർണറുമായി കോലിക്ക് ചെറിയ തർക്കങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇരുവരും നല്ല ബന്ധത്തിലാണ്. വാർണറുടെ വാക്കു കേട്ട് കോലി ഇനി ടിക്ടോക്കിൽ ‘പ്രത്യക്ഷപ്പെടുമോ’ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. കോലിക്കു പുറമേ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹയും വാർണറെ അഭിനന്ദനം അറിയിച്ചു.

English Summary: Your wife will set you up an account’ – David Warner asks Virat Kohli to join Tik Tok

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com