ADVERTISEMENT

ന്യൂ‍ഡൽഹി∙ ക്രിക്കറ്റിൽ നിലവിലുള്ളതിൽ ഏറ്റവും മികച്ച ഫാസ്റ്റ് ബോളർമാരിലൊരാളാണ് ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര. 2013 ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിനായി കളിക്കാൻ ഇറങ്ങിയതു മുതലാണ് തുടര്‍ച്ചയായി യോർക്കർ ബോളുകൾ എറിയുന്ന ബുമ്ര ആരാധകരുടെ പ്രിയങ്കരനായത്, എതിരാളികളുടെ പേടി സ്വപ്നവും. നിലവിൽ‌ രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യൻ ബോളിങ്ങിന്റെ കുന്തമുനയാണ് ബുമ്ര. ചീറിയെത്തുന്ന ബുമ്രയുടെ പന്തുകളെ നേരിടാൻ ബാറ്റ്സ്മാൻമാർ ബുദ്ധിമുട്ടുമ്പോൾ ബുമ്രയുമായി നേർക്കുനേർ വരാൻ കാത്തിരിക്കുകയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാൻ മസൂദ്.

ബുമ്രയിൽനിന്നുള്ള വെല്ലുവിളി നേരിടാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഷാൻ മസൂദ് പ്രതികരിച്ചു. യൂട്യൂബിലെ ഒരു അഭിമുഖത്തിൽ നേരിടാൻ കാത്തിരിക്കുന്ന ബോളർ ആരെന്നു ചോദിച്ചപ്പോഴാണു താരം ബുമ്രയുടെ കാര്യം പറഞ്ഞത്. ലോകത്തെ ഫാസ്റ്റ് ബോളർമാരെക്കുറിച്ചു പറയുമ്പോൾ ബുമ്രയ്ക്കെതിരെ ഞാൻ കളിച്ചിട്ടില്ല. ഞാൻ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന ഒരു വെല്ലുവിളിയാണിത്. അടുത്ത കാലത്തായി നേരിട്ടിട്ടുള്ളതിൽ ഏറ്റവും മികച്ച ബോളർ ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയ്ൻ ആണ്.

ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസും മികച്ചു നിൽക്കുന്നു. റബാദ, ആൻഡേഴ്സൻ എന്നിവരും എന്റെ വിക്കറ്റ് പല തവണ വീഴ്ത്തിയിട്ടുണ്ട്. നേരിടാൻ ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത് ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സിന്റെ പന്തുകളെയാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പർ ബോളർ അദ്ദേഹമാണെന്നും ഷാൻ മസൂദ് പ്രതികരിച്ചു. ഇന്ത്യൻ ബാറ്റ്സ്മാൻമാരിൽ യുവരാജ് സിങ്, രോഹിത് ശർമ, വിരാട് കോലി, എം.എസ്. ധോണി എന്നിവരാണ് പ്രിയപ്പെട്ടവര്‍. യുവരാജ് സിങ് ആയിരുന്നു ഇന്ത്യൻ ടീമിൽ എനിക്ക് ഏറ്റവും താൽപര്യമുള്ള താരം.

ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് വിരാട് കോലി. രോഹിത് ശർമയുടെ ബാറ്റിങും മികച്ചതാണ്. ഗ്രൗണ്ടിൽ ധോണിയുടെ പെരുമാറ്റവും ശരീര ഭാഷയും ആസ്വദിക്കാൻ ഇഷ്ടമാണെന്നും മസൂദ് വ്യക്തമാക്കി. ഓപ്പണിങ് ബാറ്റ്സ്മാനായ ഷാൻ മസൂദ് 20 ടെസ്റ്റ് മൽസരങ്ങളിൽനിന്ന് 1189 റൺസ് നേടിയിട്ടുണ്ട്. അഞ്ച് ഏകദിന മൽസരങ്ങളും താരം കളിച്ചിട്ടുണ്ട്.

English Summary: I want to face Jasprit Bumrah challenge: Pakistan batsman Shan Masood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com