ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റിൽ 20 വയസ്സുകാരൻ പയ്യനാണ് ശുഭ്മാൻ ഗിൽ. പക്ഷേ ‘ഭാവി’ എന്നാണ് ഇന്ത്യൻ താരം രോഹിത് ശർമ ഗില്ലിനെക്കുറിച്ചു വിശേഷിപ്പിച്ചത്. 19 വയസ്സ് പ്രായമുള്ളപ്പോൾ നെറ്റ്സിൽ ശുഭ്മാൻ ഗില്ലിന്റെ പ്രകടനത്തിന്റെ പത്തു ശതമാനം പോലും താൻ നടത്തിയിരുന്നില്ലെന്നാണു ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ വാക്കുകൾ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാർ ഇങ്ങനെ പുകഴ്ത്തുമ്പോൾ ഏതൊരു താരത്തിലും സമ്മർദം കൂടിവരാം. പക്ഷേ ശുഭ്മാൻ ഗില്ലിന്റെ കാര്യം അങ്ങനെയല്ല.

പുകഴ്ത്തലുകളും അഭിനന്ദനങ്ങളും കേൾക്കുന്നതു നല്ലതാണെന്നാണു ശുഭ്മാൻ ഗില്ലിന്റെ പക്ഷം. ലോക്ഡൗണിനെ തുടർന്ന് ഐപിഎൽ സീസൺ നീട്ടിവച്ചുവെങ്കിലും അതിനായുള്ള തയാറെടുപ്പിലാണു താരം ഇപ്പോൾ. രോഹിത് ശർമയെപ്പോലൊരാൾ അഭിനന്ദിക്കുന്നതു നല്ലതാണ്. അതിൽനിന്ന് അധിക സമ്മർദം ഉള്ളതായി തോന്നുന്നില്ല– ശുഭ്മാൻ ഗിൽ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. യുവതാരങ്ങൾക്കു വിരാട് കോലിയെപ്പോലൊരു ക്യാപ്റ്റൻ ഉള്ളത് നല്ലതാണെന്നും ഗിൽ വ്യക്തമാക്കി. സമ്മർദമില്ലാതെ എല്ലാം ചെയ്യാൻ ആവശ്യപ്പെടുന്ന ഒരു ക്യാപ്റ്റനുള്ളതു തീർച്ചയായും മികച്ച കാര്യമാണ്. കോലി താരങ്ങളെ സ്വതന്ത്രമായി വിടും.

കോലിയുമായി പലപ്പോഴും സംസാരിച്ചിട്ടുണ്ട്. കഴിവ് പ്രകടിപ്പിക്കാനാണ് അദ്ദേഹം എപ്പോഴും പറയുക. അതിനു വേണ്ടിയാണു പ്രവർത്തനങ്ങൾ. ഗ്രൗണ്ടിലെ സ്ഥിരതയ്ക്കായും പരിശീലിക്കുന്നു. സ്ഥിരത പ്രധാനമാണല്ലോ. ലോക്ഡൗണിന് ശേഷം ഐപിഎൽ കളിക്കാൻ കാത്തിരിക്കുകയാണ്. പക്ഷേ ഇത്തവണ എല്ലാ താരങ്ങളും കൂടുതൽ ഉൽസാഹത്തോടെയായിരിക്കും മൽസരങ്ങൾക്ക് എത്തുക. കാരണം വലിയ ഇടവേളയ്ക്കു ശേഷം ക്രിക്കറ്റ് ആരംഭിക്കുമ്പോൾ എല്ലാവർക്കും ഗ്രൗണ്ടിൽ മതിപ്പുണ്ടാക്കേണ്ടത് ആവശ്യമാണ്. നേരത്തേ നമ്മൾ ഐപിഎല്ലിലെത്തുന്നതു പല ക്രിക്കറ്റ് മത്സരങ്ങൾക്കും ശേഷമായിരിക്കും. എന്നാൽ ഇപ്പോൾ പുതുമയോടെയാണ് മത്സരങ്ങൾ തുടങ്ങുകയെന്നും ഗിൽ വ്യക്തമാക്കി. ഐപിഎല്ലി‍ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ് ശുഭ്മാൻ ഗിൽ.

ലോക്ഡൗൺ കാലത്ത് ഫിറ്റ്നസ് മെച്ചപ്പെടുത്താനാണ് ശ്രമിച്ചതെന്നും യുവതാരം പ്രതികരിച്ചു. ഈ ലോക്ഡൗൺ കാലഘട്ടം ഏതൊരു കായിക താരത്തിനും അസാധാരണമായിരിക്കും. എന്നാൽ എനിക്ക് ഇതു ശാരീരികമായ വ്യായാമങ്ങൾക്കുള്ള അവസരമാണ്. സാധാരണയായി സീസണിൽ നമുക്ക് അതിനു കൂടുതൽ സമയം കിട്ടാറില്ല. ലോക്ഡൗണിന് ശേഷം ക്രിക്കറ്റ് തുടങ്ങുമ്പോൾ നെറ്റ് പ്രാക്ടീസ് ഉൾപ്പെടെയുള്ള പരിശീലനങ്ങൾക്കു പ്രാധാന്യം നൽകണമെന്നും ശുഭ്മാൻ ഗിൽ പ്രതികരിച്ചു.

English Summary: Shubman Gill explains how Virat Kohli guides young players in Team India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com