ADVERTISEMENT

ഇസ്‍ലാമബാദ്∙ പാക്ക് അധിനിവേശ കശ്മീർ സന്ദർശനത്തിനിടെ ഇന്ത്യയ്ക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പ്രകോപനപരമായി സംസാരിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിക്കു നേരെ സ്വന്തം രാജ്യത്തുനിന്നു തന്നെ വിമർശനം. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം താരമായിരുന്ന ഡാനിഷ് കനേരിയാണ് ഇന്ത്യാ വിരുദ്ധ പരാമർശത്തിൽ അഫ്രീദിക്കെതിരെ വിമർശനം ഉയർത്തി രംഗത്തെത്തിയത്. ഒരു കാര്യം പറയുന്നതിനു മുൻപ് ഷാഹിദ് അഫ്രീദി ചിന്തിക്കണമെന്ന് കനേരിയ പ്രതികരിച്ചു.

ഏതൊരു കാര്യവും സംസാരിക്കുന്നതിനു മുൻപ് അഫ്രീദി അതിനെക്കുറിച്ചു ചിന്തിക്കണം. രാഷ്ട്രീയത്തിൽ ചേരാനാണ് അദ്ദേഹത്തിനു താൽപര്യമെങ്കിൽ ക്രിക്കറ്റുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുകയാണു വേണ്ടത്. രാഷ്ട്രീയക്കാരനെ പോലെയാണു നിങ്ങൾ സംസാരിക്കുന്നതെങ്കിൽ ക്രിക്കറ്റിൽനിന്നു വിട്ടുനിൽക്കേണ്ടതു പ്രധാനമാണ്. ഇങ്ങനെയുള്ള സംസാരം പാക്കിസ്ഥാൻ ക്രിക്കറ്റിനെക്കുറിച്ച് ഇന്ത്യയിലും ലോകത്താകെയും നെഗറ്റീവ് ഇമേജാണ് സൃഷ്ടിക്കുക– കനേരിയ ഒരു ഇന്ത്യൻ മാധ്യമത്തോടു പ്രതികരിച്ചു.

ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ അത്തരം വാക്കുകൾ ഉപയോഗിക്കരുത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പോലും ഇന്ത്യയെക്കുറിച്ച് ഇത്ര ധിക്കാരപരമായി സംസാരിച്ചിട്ടില്ല. ഭാവിയിലും സംസാരിക്കില്ല. ഇമ്രാൻ ഖാനിൽനിന്ന് അഫ്രീദി പഠിക്കണം. സംസാരിക്കുമ്പോൾ എല്ലായ്പ്പോഴും ഒരു അതിരുള്ളതായി മനസ്സിലാക്കണം.

ഒരു വശത്ത് അഫ്രീദി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, ഹർഭജൻ സിങ് എന്നിവരിൽനിന്ന് സഹായങ്ങൾ സ്വീകരിക്കുന്നു. എന്നാൽ മറ്റൊരു വശത്ത് അവരുടെ രാജ്യത്തെയും പ്രധാനമന്ത്രിയെയും കുറിച്ച് വിഷംപുരണ്ട പ്രസ്താവനകൾ നടത്തുന്നു. ഏതു തരത്തിലുള്ള സൗഹൃദം ആണ് ഇത്?– കനേരിയ ചോദിച്ചു. ഇന്ത്യ– പാക്കിസ്ഥാൻ ക്രിക്കറ്റ് വീണ്ടും നടത്തണമെന്നാണു ആഗ്രഹമെന്നും കനേരിയ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വീണ്ടും ആരംഭിക്കണം. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ രാഷ്ട്രീയപരമായ ചില പ്രശ്നങ്ങളുണ്ട്. അതു ചർച്ചയിലൂടെ പരിഹരിക്കണമെന്നും കനേരിയ അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിനിടെ കോഴ വിവാദത്തിൽപെട്ട കനേരിയ ക്രിക്കറ്റിൽ വിലക്കു നേരിടുകയാണ്. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ കളിച്ച രണ്ടാമത്തെ മാത്രം ഹിന്ദു മതവിശ്വാസിയാണ് ഡാനിഷ് കനേരിയ. പാക്ക് അധിനിവേശ കശ്മീർ സന്ദർശിച്ച അവസരത്തിലാണ് ഷാഹിദ് അഫ്രീദി ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തി വിവാദത്തിലായത്. ‘ഇന്ന് ഞാന്‍ നിങ്ങളുടെ സുന്ദരമായ ഗ്രാമത്തിലെത്തിയിരിക്കുന്നു. നിങ്ങളെ സന്ദർശിക്കണമെന്നു ദീർഘനാളായി ആഗ്രഹിക്കുന്നതാണ്. ഇന്ന് ഈ ലോകം ഒരു വലിയ രോഗത്തിന്റെ പിടിയിലാണ്. 

പക്ഷേ, അതിലും വലിയ രോഗം മോദിയുടെ മനസ്സിലാണ്. പാക്കിസ്ഥാന്റെ ആകെ സൈനിക ബലമായ ഏഴു ലക്ഷം സൈനികരെയാണ് മോദി കശ്മീരിൽ മാത്രം വിന്യസിച്ചിരിക്കുന്നത്’ – അഫ്രീദി പറഞ്ഞു. ഇന്ത്യയിലെ കശ്മീരികളും പാക്കിസ്ഥാൻ സൈന്യത്തെയാണ് പിന്തുണയ്ക്കുന്നതെന്ന് അഫ്രീദി അവകാശപ്പെട്ടിരുന്നു. എന്നാൽ അഫ്രീദിയുടെ വാക്കുകൾക്കു മറുപടിയുമായി ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിങ്, യുവരാജ് സിങ്, ശിഖർ ധവാൻ, ഗൗതം ഗംഭീർ, സുരേഷ് റെയ്ന എന്നിവര്‍ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് പാക്കിസ്ഥാനിൽനിന്ന് തന്നെ അഫ്രീദിക്കെതിരെ വിമർശനമുയര്‍ന്നത്.

English Summary: What sort of friendship is this: Pakistan spinner Danish Kaneria slams Shahid Afridi for speech in PoK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com