ADVERTISEMENT

കറാച്ചി∙ കശ്മീർ വിഷയത്തിൽ വിവാദ പ്രസ്താവനകളുമായി ഇന്ത്യൻ ആരാധകരുടെ കണ്ണിലെ കരടായ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ഇന്ത്യൻ യുവതാരത്തെ ക്രിക്കറ്റ് പരിശീലനാർഥം മൂന്നു മാസത്തോളം സ്വന്തം വീട്ടിൽ താമസിപ്പിച്ചു! കശ്മീരിലെ അനന്ത്നാഗ് പ്രവിശ്യയിൽനിന്നുള്ള മിർ മുർത്താസ എന്ന യുവതാരത്തെയാണ് അഫ്രീദി സ്വന്തം വീട്ടിൽ താമസിപ്പിച്ച് ക്രിക്കറ്റ് പരിശീലനം നൽകിയത്. അഫ്രീദിയെ ഉദ്ധരിച്ച് ക്രിക്കറ്റ് പാക്കിസ്ഥാൻ ഡോട് കോമാണ് ഇക്കാര്യം പുറത്തുവിട്ടത്. മൂന്നു മാസത്തോളം കറാച്ചിയിലെ അഫ്രീദിയുടെ വീട്ടിൽ താമസിച്ച് ക്രിക്കറ്റ് പരിശീലിച്ച മിർ മുർത്താസ, പിന്നീട് ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു.

ഷാഹിദ് അഫ്രീദിയുടെ കടുത്ത ആരാധകൻ കൂടിയായ മിർ മുർത്താസ വാഗാ അതിർത്തി വഴിയാണ് പാക്കിസ്ഥാനിലെത്തിയത്. മൂന്നു മാസത്തോളം അവിടെ തങ്ങിയ മുർത്താസ, അഫ്രീദിയിൽനിന്ന് നേരിട്ട് ക്രിക്കറ്റ് പരിശീലനം നേടി. മിർ മുർത്താസയുടെ പ്രതിഭയെ പുകഴ്ത്തിയ അഫ്രീദി, യുവതാരത്തെ തുടർന്നും സഹായിക്കാൻ സന്നദ്ധനാണെന്ന് വ്യക്തമാക്കി.

‘പ്രതിഭയുള്ള ക്രിക്കറ്റ് താരമാണ് മിർ മുർത്താസ. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നുള്ള ക്രിക്കറ്റ് താരമാണെങ്കിലും കളി പറഞ്ഞുകൊടുക്കുന്നതിൽ സന്തോഷമേയുള്ളൂ. എന്റെ അടുത്തുവന്ന് പഠിക്കാൻ താൽപര്യമുള്ള ആരെയും ഞാൻ സ്വാഗതം ചെയ്യും. ഭാവിയിൽ മിർ മുർത്താസയ്ക്ക് എന്റെ അടുത്തുവന്ന് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ താൽപര്യമുണ്ടെങ്കിൽ തീർച്ചയായും ഞാൻ അദ്ദേഹത്ത സഹായിക്കും. അദ്ദേഹത്തിന് സഹായകരമായ ഏറ്റവും മികച്ച പരിശീല സൗകര്യങ്ങൾ ഒരുക്കാനും എനിക്കു കഴിയും’ – അഫ്രീദി വ്യക്തമാക്കി.

‘ഇന്ത്യയുടെ ഭാഗമായ കശ്മീരിൽനിന്ന് എന്റെ വീട്ടിലെത്തുന്ന ആദ്യത്തെ വ്യക്തിയാണ് മിർ മുർത്താസ. അദ്ദേഹം എന്റെ വലിയൊരു ആരാധകൻ കൂടിയാണ്. മാത്രമല്ല, മികച്ചൊരു മനുഷ്യനുമാണ്. ക്രിക്കറ്റ് പരിശീലനത്തിൽ അദ്ദേഹം കഠിനാധ്വാനിയാണ്. തന്റെ സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ അദ്ദേഹം വിജയിക്കുമെന്ന് എനിക്കുറപ്പാണ്’ – അഫ്രീദി പറഞ്ഞു.

English Summary: Pakistan Cricketer Shahid Afridi has come to the aid of cricketer, Mir Murtaza, who hails from the Jammu and Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com