ADVERTISEMENT

ഇസ്‍ലാമാബാദ്∙ 2019ലെ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാൻ സെമിയിൽ കടക്കാതിരിക്കാൻ ഇന്ത്യ മനഃപൂര്‍വം തോറ്റുകൊടുത്തതാണെന്ന ആരോപണം വീണ്ടും. റൗണ്ട് റോബിൻ ലീഗിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വിജയം നേടിയിരുന്നെങ്കിൽ ലോകകപ്പ് സെമിയിലെത്താൻ പാക്കിസ്ഥാനും സാധ്യതയുണ്ടായിരുന്നു. എന്നാൽ മത്സരം കൈവിട്ട ഇന്ത്യ ലീഗ് ഘട്ടത്തിൽ തോൽവി വഴങ്ങിയ ഏക മത്സരവും ഇതായിരുന്നു. പാക്കിസ്ഥാന്റെ വഴിയടയ്ക്കാൻ ഇന്ത്യ മനഃപൂർവം തോറ്റുകൊടുത്തതാണെന്ന ആരോപണം അന്നു മുതലേ ശക്തമാണ്.

എജ്ബാസ്റ്റണിൽ ജൂൺ 30ന് നടന്ന ഇന്ത്യ–ഇംഗ്ലണ്ട് മത്സരത്തിൽ ജോണി ബെയർസ്റ്റോയുടെ സെഞ്ചുറിക്കരുത്തിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 337 റൺസെടുത്ത ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ നേടാനായത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് മാത്രം. 31 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. അന്ന് വിക്കറ്റുകൾ ഇഷ്ടംപോലെ കയ്യിലുണ്ടായിട്ടും ഇന്ത്യ ജയിക്കാൻ ശ്രമിക്കാതിരുന്നത് വിവാദമായിരുന്നു. മത്സരങ്ങൾ ജയിപ്പിക്കുന്നതിൽ പേരുകേട്ട ധോണിയുടെ ബാറ്റിങ്ങാണ് കൂടുതൽ വിമർശനം ക്ഷണിച്ചുവരുത്തിയത്. കൂടെയുണ്ടായിരുന്ന കേദാർ ജാദവിന്റെ ബാറ്റിങ്ങും വിമർശിക്കപ്പെട്ടു.

ഇംഗ്ലണ്ടിനെതിരായ മത്സരം ഇന്ത്യ മനഃപൂർവം തോറ്റുകൊടുത്തതാണെന്ന തരത്തിൽ വെസ്റ്റിൻഡീസ് താരങ്ങളായ ക്രിസ് ഗെയ്‍ൽ, ആന്ദ്രെ റസ്സൽ, ജയ്സൻ ഹോൾഡർ എന്നിവർ പറഞ്ഞതായി വെളിപ്പെടുത്തിയിരിക്കുകയാണ് അന്ന് വിൻഡീസ് ടീമിനൊപ്പമുണ്ടായിരുന്ന മുൻ പാക്കിസ്ഥാൻ താരം മുഷ്താഖ് അഹമ്മദ്. ലോകകപ്പിന്റെ സമയത്ത് വെസ്റ്റിൻഡീസ് ടീമിന്റെ പരിശീലക സംഘത്തിൽ അംഗമായിരുന്നു മുഷ്താഖ് അഹമ്മദ്.

‘കഴിഞ്ഞ ലോകകപ്പിന്റെ സമയത്ത് ഞാൻ വെസ്റ്റിൻഡീസ് ടീമിനൊപ്പം ജോലി ചെയ്തിരുന്നു. പാക്കിസ്ഥാൻ സെമിയിൽ കടക്കരുതെന്ന് ഇന്ത്യ തീരുമാനിച്ചിരുന്നതായി ക്രിസ് ഗെയ്‍ലും ആന്ദ്രെ റസ്സലും ജെയ്സൻ ഹോൾഡറും അന്നേ എന്നോടു പറഞ്ഞു’ – മുഷ്താഖ് അഹമ്മദ് ആരോപിച്ചു.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ബാറ്റു ചെയ്യുമ്പോൾ മഹേന്ദ്രസിങ് ധോണി ജയിക്കാനുള്ള ആഗ്രഹം ഒട്ടും കാട്ടിയില്ലെന്ന് അടുത്തിടെ പുറത്തിറക്കിയ ഒരു പുസ്തകത്തിൽ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ് എഴുതിയിരുന്നു. ഇതിനെ, ‘ഇന്ത്യ മനഃപൂർവം തോറ്റുകൊടുത്തതാണ്’ എന്ന് സ്റ്റോക്സ് എഴുതിയതായി വ്യാഖ്യാനിച്ച് പാക്കിസ്ഥാന്റെ മുൻ താരം സിക്കന്ദർ ഭക്ത് രംഗത്തിറങ്ങിയങ്കിലും സ്റ്റോക്സ് തന്നെ ഇത് തള്ളിക്കളഞ്ഞു. ഇതിനു പിന്നാലെ ഇന്ത്യ മനഃപൂർവം തോറ്റതാണെന്ന ആരോപണം ആവർത്തിച്ച് പാക്കിസ്ഥാന്റെ മുൻ താരം അബ്ദുൽ റസാഖും രംഗത്തിറങ്ങി.

English Summary: Chris Gayle, Andre Russell told me India didn't want Pakistan to qualify for World Cup semis: Mushtaq Ahmed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com