ADVERTISEMENT

കോട്ടയം∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരിക്കെ ഇന്ത്യൻ ആരാധകരി‍ൽനിന്നും സഹതാരങ്ങളിൽനിന്നും വംശീയാധിക്ഷേപം നേരിട്ടുവെന്ന വിൻഡീസ് മുൻ താരം ഡാരെൻ സമിയുടെ വെളിപ്പെടുത്തിനു പിന്നാലെ, ഇന്ത്യക്കാർക്കു വേണ്ടി സമിയോട് ക്ഷമ ചോദിച്ച് വെസ്റ്റിൻഡീസിൽ ജോലി ചെയ്യുന്ന മലയാളി. ഇന്ത്യയിലെ രീതിവച്ച് ‘കാലു’ എന്ന വിളിപ്പേര് ഏറ്റവും ഇഷ്ടമുള്ളവരെ പരസ്പരം വിളിക്കുന്നതാണെന്ന വിശദീകരണം സഹിതമാണ് സെന്റ് ലൂസിയയിൽ ഇന്റർനാഷനൽ അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡയറക്ടറായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി സിബി ഗോപാലകൃഷ്ണൻ സമിയോട് ക്ഷമ ചോദിച്ചത്.

സമി ഇന്ത്യയിൽ നേരിട്ട ദുരനുഭവങ്ങൾക്ക് താരത്തോട് ഖേദം പ്രകടിപ്പിച്ച് ഫെയ്സ്ബുക്കിലാണ് ഇദ്ദേഹം കുറിപ്പിട്ടത്. സെന്റ് ലൂസിയയിൽ തന്റെ അയൽവാസി കൂടിയായ സിബിയുടെ പോസ്റ്റിനോട് പ്രതികരിച്ച സമി, അനുഗ്രഹങ്ങൾ ആശംസിക്കുകയും ചെയ്തു. ഡാരെൻ സമിയെ ടാഗ് ചെയ്ത് സിബി ഗോപാലകൃഷ്ണൻ എഴുതിയ കുറിപ്പ് ഇതാ:

പ്രിയപ്പെട്ട ഡാരെൻ സമി,

ചില സമയത്ത് ഖേദപ്രകടനമൊന്നും പോരാതെ വരുമെന്ന് അറിയാം. എങ്കിലും, വർഷങ്ങളായി സെന്റ് ലൂസിയയിൽ യാതൊരുവിധ വേർതിരിവുകളും കൂടാതെ നിങ്ങളിലൊരാളായി ജീവിക്കുന്ന ഇന്ത്യക്കാരനെന്ന നിലയിൽ, എന്റെ മാതൃരാജ്യത്തുവച്ച് താങ്കൾക്ക് നേരിട്ട ദുരനുഭവങ്ങൾക്ക് ക്ഷമ ചോദിക്കേണ്ടത് എന്റെ കടമയാണെന്ന് ഉറച്ചുവിശ്വസിക്കുന്നു.

രണ്ടു വട്ടം ലോകകപ്പ് നേടിയ ടീമിന്റെ നായകനും കായികമേഖലയുടെ മഹാനായ പ്രതിനിധിയും ഏറെ വിസ്മയങ്ങൾ സമ്മാനിച്ച ക്രിക്കറ്റ് താരവുമെന്ന നിലയിൽ താങ്കളെ വംശീയമായി അധിക്ഷേപിക്കാൻ ഒരിക്കലും പാടില്ലാത്തതായിരുന്നു. ഇന്ത്യയിൽ ഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന നിറത്തിന്റെ പേരിലുള്ള ഒരു തമാശ മാത്രമാണത്. ഏറ്റവും വാത്സല്യത്തോടെ മറ്റുള്ളവരെ വിളിക്കുന്ന വെറും തമാശ വാക്കു മാത്രമാണത്. ഇന്ത്യക്കാരുടെ ഒരു രീതിവച്ച്, സഹതാരങ്ങളും ആരാധകരും ഏറ്റവും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു താരമാണ് താങ്കൾ.

ഇന്ത്യൻ രീതിവച്ച്, ഞങ്ങളുടെ മനസ്സിൽ വംശീയതയും വെറും തമാശയും തമ്മിൽ അത്ര വലിയ വ്യത്യാസമൊന്നുമില്ല. ഇരുണ്ട നിറമുള്ള ആളുകളെ വിശേഷിപ്പിക്കുന്ന ഉത്തരേന്ത്യക്കാരുടെ ഒരു വാക്കാണ് കാലു അഥവാ കാലിയ. ഇന്ത്യക്കാർ മറ്റുള്ളവരെ കാലുവെന്നോ തടി കൂടിയ ആളുകളെ മോട്ടുവെന്നോ ഒക്കെ വിളിക്കുന്നത് അവർക്ക് ഏറ്റവും ഇഷ്ടമുള്ളവരെയാണെന്നതാണ് വാസ്തവം. ഇന്ത്യയിൽ ഇതൊന്നും അത്ര വലിയ സംഭവമല്ല. കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഈ പേരു വിളിച്ചാൽ ആരും കാര്യമാക്കാറുമില്ല. എങ്കിലും വംശീയാധിക്ഷേപത്തിന്റെ ചുവയുള്ള വാക്കെന്ന നിലയിൽ ഞങ്ങളുടെയൊക്കെ ഡിക്ഷനറിയിൽനിന്ന് ഇത് നീക്കിയേ തീരൂ എന്ന് ഇപ്പോൾ ബോധ്യമുണ്ട്.

ഫെയർനസ് ക്രീമുകൾ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഞങ്ങൾക്ക് ചർമകാന്തിയോട് പ്രത്യേക താൽപര്യവുമുണ്ട്. പക്ഷേ, ഒരു രാജ്യമെന്ന നിലയിൽ ഞങ്ങൾ എല്ലാവരെയും ഇഷ്ടപ്പെടുന്നു, സ്വീകരിക്കുന്നു. താങ്കൾക്കും ക്രിസിനും (ഗെയ്‍ൽ) ഏറ്റവും കൂടുതൽ ആരാധകരുള്ള രാജ്യമാണ് ഇന്ത്യ. എല്ലാ വെസ്റ്റിൻഡീസ് താരങ്ങളോടും ഞങ്ങൾ ഇന്ത്യക്കാർക്ക് വലിയ ഇഷ്ടവും ബഹുമാനവുമുണ്ട്. താങ്കളെ ആ വാക്കിൽ വിളിച്ചത് വംശീയാധിക്ഷേപമെന്നതിനേക്കാൾ ഒരു സാംസ്കാരിക ശൈലിയാണെന്ന് ഞാൻ കരുതുന്നു. ഞങ്ങൾക്ക് അതിലെ പരിഹാസം മനസ്സിലാകില്ല. എങ്കിലും താങ്കളെ വേദനിപ്പിച്ച ആ വാക്കു വിളിച്ചവർ നേരിട്ട് വന്ന് താങ്കളോട് ക്ഷമ പറയുമെന്നാണ് ഞാൻ കരുതുന്നത്.

sammy-reply

ഒരു കാര്യം ഉറപ്പു തരുന്നു; വംശീയതയ്‌ക്കെതിരായ പോരാട്ടത്തിൽ എന്റെയും എന്റെ കുടുംബത്തിന്റെയും എന്റെ സുഹൃത്തുക്കളുടെയും ഉറച്ച  പിന്തുണ താങ്കൾക്കുണ്ട്.

ഒരിക്കൽക്കൂടി എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് ക്ഷമ ചോദിക്കുന്നു!

മലയാളികൾ ഉൾപ്പെടെയുള്ളവർ ഡാരെൻ സമിക്ക് പിന്തുണ പ്രഖ്യാപിച്ച് ഈ ഫെയ്സ്ബുക് കുറിപ്പിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഇതിനിടെ സമി തന്നെ നേരിട്ട് പ്രതികരിക്കുകയും ചെയ്തു. ‘സിബി, താങ്കൾക്ക് അനുഗ്രഹമുണ്ടാകട്ടെ’ എന്നായിരുന്നു സമിയുടെ മറുപടി.

English Summary: Malayali Says Sorry to Darren Sammy for the Racist Abuse He Faced in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com