ADVERTISEMENT

മുംബൈ∙ മഹേന്ദ്രസിങ് ധോണിയെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ അടുത്തിടെ അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത് നടത്തിയ കഠിനാധ്വാനം വിവരിച്ച് അദ്ദേഹത്തിന് പരിശീലനം നൽകിയ മുൻ ഇന്ത്യൻ താരം കിരൺ മോറെ. ധോണിയുടെ വേഷം ചെയ്യാനായി ഒൻപതു മാസത്തോളമാണ് സുശാന്ത് മോറെയ്ക്കു കീഴിൽ പരിശീലിച്ചത്. സാക്ഷാൽ ധോണി കഴിഞ്ഞാൽ സുശാന്തിനോളം നന്നായി ഹെലികോപ്റ്റർ ഷോട്ട് കളിക്കുന്ന ഒരാളെ താൻ കണ്ടിട്ടില്ലെന്നും ഇന്ത്യൻ എക്സ്‍പ്രസിന് അനുവദിച്ച അഭിമുഖത്തിൽ മോറെ വ്യക്തമാക്കി. ഞായറാഴ്ച മുംബൈ ബാന്ദ്രയിലെ വസതിയിലാണ് സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സുശാന്തിന്റെ ബാറ്റിങ് കണ്ട് സച്ചിൻ തെൻഡുൽക്കർ പോലും ഒരിക്കൽ അന്തിച്ചുപോയ സംഭവും മോറെ വിവരിച്ചു. ‘സുശാന്തിന്റെ ബാറ്റിങ് കണ്ട് സാക്ഷാൽ സച്ചിൻ െതൻ‍ഡുൽക്കർ അന്തിച്ചുനിന്നത് ഇപ്പോഴും എനിക്കോർമയുണ്ട്. ധോണിയുടെ ബയോപിക്കുമായി ബന്ധപ്പെട്ടാണ് സുശാന്ത് ക്രിക്കറ്റ് മെച്ചപ്പെടുത്താൻ എന്റെ അടുത്തെത്തുന്നത്. സംവിധായകൻ നീരജ് ചോപ്രയും നിർമാതാവ് അരുൺ പാണ്ഡെയുമാണ് അദ്ദേഹത്തെ ബാറ്റിങ്ങും വിക്കറ്റ് കീപ്പിങ്ങും പഠിപ്പിക്കാൻ എന്നെ ഏൽപ്പിച്ചത്. കുറച്ചുനാളത്തെ പരിശീലനത്തിനുശേഷം സുശാന്ത് ധോണിയുടെ വിഖ്യാതമായ ഹെലിക്പോറ്റർ ഷോട്ട് കളിക്കുന്ന സമയത്ത് സച്ചിൻ അവിടെയെത്തി.’

‘സുശാന്തിന്റെ ബാറ്റിങ് സച്ചിൻ ഗാലറിയിൽനിന്ന് കണ്ടു. പിന്നീട് എന്നെ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു; ‘ആരാണാ പയ്യൻ? അവൻ നന്നായി ബാറ്റു ചെയ്യുന്നുണ്ടല്ലോ. അത് നടൻ സുശാന്താണെന്ന് ഞാൻ പറഞ്ഞു. ധോണിയുടെ ബയോപിക്കിൽ അഭിനയിക്കാൻ തയാറെടുക്കുകയാണെന്നും പറഞ്ഞു. ഇതുകേട്ട് സച്ചിൻ ഞെട്ടിപ്പോയി. അദ്ദേഹത്തിന് താൽപര്യമുണ്ടെങ്കിൽ ധൈര്യമായി പ്രഫഷനൽ ക്രിക്കറ്റ് കളിക്കാമല്ലോയെന്ന് സച്ചിൻ പറഞ്ഞു. മികച്ച ബാറ്റിങ്ങാണ് അദ്ദേഹത്തിന്റേതെന്ന് സച്ചിൻ ചൂണ്ടിക്കാട്ടി’ – മോറെ വിവരിച്ചു.

സുശാന്തുമായുള്ള ആദ്യ കൂടിക്കാഴ്ചയും മോറെ ഓർത്തെടുത്തു. ‘ബാന്ദ്രയിലെ താജ് ഹോട്ടലിൽവച്ചാണ് ഞാൻ ആദ്യമായി സുശാന്തിനെ കാണുന്നത്. പരിശീലനത്തിന്റെ രീതികൾ എങ്ങനെയായിരിക്കണം എന്നതായിരുന്നു ചർച്ചാവിഷയം. ഒരു സിനിമാ നടനെ ക്രിക്കറ്റ് താരമാക്കി മാറ്റുക എന്നത് തീർച്ചയായും ശ്രമകരമായ ജോലിയായിരുന്നു. അതും ധോണിയേപ്പോലെ വ്യത്യസ്തമായ രീതികളുള്ള ഒരാളെ. ആദ്യമായി പരിശീലനത്തിന് വരുമ്പോൾ സുശാന്തിനൊപ്പം അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ള മൂന്നു സഹായികളുണ്ടായിരുന്നു. നാളെ മുതൽ ഒറ്റയ്ക്ക് വരാനും കിറ്റുമായി ഗ്രൗണില്‍ പ്രവേശിക്കാനും ഞാൻ പറഞ്ഞു. ക്രിക്കറ്റ് താരമാകണമെങ്കിൽ നിങ്ങൾ അവരേപ്പോലെ പെരുമാറുകയും വേണമെന്ന് ഞാൻ സുശാന്തിനോട് പറഞ്ഞു.’

‘ഞാൻ പറഞ്ഞത് അദ്ദേഹം ഹൃദയം കൊണ്ടുതന്നെ സ്വീകരിച്ചു. പിറ്റേന്നുമുതൽ പരിശീലന കിറ്റുമായി അദ്ദേഹം ഒറ്റയ്ക്ക് വരാൻ തുടങ്ങി. വളരെ അച്ചടക്കത്തോടെയായിരുന്നു പരിശീലനം. തലേന്ന് രാത്രിവരെ ഷൂട്ടുണ്ടെങ്കിലും രാവിലെ ഏഴു മണിക്ക് പരിശീലനത്തിനായി ഗ്രൗണ്ടിൽ സന്നിഹിതനായിരിക്കും. അഥവാ അൽപം താമസിച്ചാലും സ്വയം വിധിക്കുന്ന ശിക്ഷപോലെ കൂടുതൽ സമയം പരിശീലിക്കും.’ – മോറെ പറഞ്ഞു.

ധോണിയാകാൻ സുശാന്ത് നടത്തിയ കഠിനാധ്വാനവും മോറെ വിവരിച്ചു. ‘പരിശീലനത്തിൽ ഒട്ടേറെ വെല്ലുവിളികൾ നേരിട്ടു. ഒരു സാധാരണ ക്രിക്കറ്റ് താരം കളിക്കുന്നതുപോലെ കളിച്ചാൽ മാത്രം പോരല്ലോ. ധോണിയുടെ അതേ ശൈലിയിൽ വേണം കളിക്കാൻ. അത്ര എളുപ്പം വഴങ്ങുന്ന ബാറ്റിങ് ശൈലിയില്ല ധോണിയുടേത്. പക്ഷേ, അദ്ദേഹം കഠിനാധ്വാനം ചെയ്തു. ഇത്രയും മികച്ച രീതിയിൽ അദ്ദേഹം ധോണിയുടെ ശൈലി പഠിച്ചെടുക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. പരിശീലനത്തിനിടെ പലപ്പോഴും ഏറുകിട്ടും. നടനെന്ന നിലയിൽ മുഖത്തിന് എന്തെങ്കിലും സംഭവിക്കുന്നത് പ്രശ്നമായതിനാൽ എനിക്ക് ആശങ്കയുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം ഒന്നും മിണ്ടില്ല. എന്തായാലും സുശാന്തിന്റെ കഠിനാധ്വാനത്തിന്റെ ഫലം സിനിമയിൽ കണ്ടു’ –മോറെ ചൂണ്ടിക്കാട്ടി.

‘ധോണിയുടെ ഹെലികോപ്റ്റർ ഷോട്ട് പഠിച്ചെടുക്കാൻ അദ്ദേഹം വളരെയധികം അധ്വാനിച്ചു. അത് പഠിച്ചെടുത്തപ്പോൾ വലിയ സന്തോഷത്തിലായിരുന്നു സുശാന്ത്. ഇന്ന് ഞാൻ ഈ ഷോട്ട് മാത്രമേ കളിക്കൂ എന്ന് പറഞ്ഞു. പിന്നീട് എത്ര സുന്ദരമായാണ് അദ്ദേഹം ഹെലികോപ്റ്റർ ഷോട്ട് കളിച്ചത്. സത്യത്തിൽ ധോണി കഴിഞ്ഞാൽ ഇത്രയും മനോഹരമായി ഹെലികോപ്റ്റർ ഷോട്ട് കളിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല. സച്ചിന്റെ മകൻ അർജുൻ പരിശീലനത്തിനിടെ സുശാന്തിനു നേരെ ബൗൺസറുകൾ എറിയും. ഒരു പ്രഫഷനൽ താരത്തെപ്പോലെ അദ്ദേഹം അതു ഹുക്ക് ചെയ്യും. എന്തു ബാറ്റാണ് സുശാന്ത് ഉപയോഗിക്കുന്നതെന്നും അതേപോലുള്ള ബാറ്റ് കിട്ടുമോയെന്നൊക്കെ അർജുൻ ചോദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്’ – മോറെ പറഞ്ഞു.

English Summary: Sachin Tendulkar was stunned when he saw Sushant Singh Rajput bat: Kiran More

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com