ADVERTISEMENT

മുംബൈ∙ വിഷാദരോഗം പ്രത്യേകം പരിഗണന നൽകേണ്ട പ്രശ്നമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന്റെ വെളിച്ചത്തിലാണ് വിഷാദ രോഗത്തെക്കുറിച്ച് മുഹമ്മദ് ഷമിയുടെ അഭിപ്രായ പ്രകടനം. വ്യക്തിജീവിതത്തിൽ പ്രശ്നങ്ങൾ നേരിട്ട സമയത്ത് ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നതായി ഷമി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ബാൽക്കണിയിൽനിന്ന് ചാടി താൻ ജീവനൊടുക്കുമെന്ന ഭയത്താൽ തന്റെ സുഹൃത്തുക്കൾ എപ്പോഴും തനിക്കു കൂട്ടിരുന്നതായും ഷമി പറഞ്ഞിരുന്നു.

വിവാഹ ബന്ധത്തിലെ തകർച്ചയും കരിയറിലെ പരുക്കുകളും തളർത്തിയതോടെ വിഷാദത്തിന് അടിപ്പെട്ട ഷമി, പിന്നീട് ഇരട്ടി കരുത്തോടെ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരുന്നു. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഉൾപ്പെടെ തകർപ്പൻ പ്രകടനവുമായി കളം നിറയുകയും ചെയ്തു. കരിയറിലെയും വ്യക്തിബന്ധങ്ങളിലെയും പ്രശ്നങ്ങൾ നിമിത്തം വിഷാദത്തിലേക്ക് വഴുതിവീണാണ് സുശാന്ത് ജീവനൊടുക്കിയതെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ്, സമാനമായ പ്രശ്നങ്ങളിൽനിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ഷമിയുടെ പ്രതികരണം.

‘വിഷാദം പ്രത്യേകം പരിഗണന നൽകേണ്ട ഒരു പ്രശ്നം തന്നെയാണ്. ഇതിന്റെ പിടിയിൽപ്പെട്ട് സുശാന്ത് സിങ് രാജ്പുത്തിനേപ്പോലൊരു മികച്ച നടൻ ജീവിതം അവസാനിപ്പിച്ചത് നിർഭാഗ്യകരമായിപ്പോയി. അദ്ദേഹം എന്റെയൊരു സുഹൃത്തായിരുന്നു. മാനസികമായി അദ്ദേഹം അനുഭവിച്ചിരുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി അദ്ദേഹത്തോട് ഒന്ന് സംസാരിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഇപ്പോൾ ആഗ്രഹിച്ചുപോകുന്നു. എന്റെ കാര്യത്തിൽ കുടുംബാംഗങ്ങൾ നൽകിയ ശക്തമായ പിന്തുണയാണ് ആ മോശം കാലഘട്ടം അതിജീവിക്കാൻ സഹായിച്ചത്. എനിക്ക് ശക്തമായ പിന്തുണ നൽകിയ അവർ പോരാടി തിരിച്ചുവരേണ്ടതിന്റെ ആവശ്യകതയും എനിക്കു മനസ്സിലാക്കിത്തന്നു’ – ഷമി വിശദീകരിച്ചു.

‘എനിക്കും ആത്മഹത്യാ ചിന്തകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, ആ സമയത്ത് ഞാൻ ഒറ്റയ്ക്ക് ഇരിക്കുന്നില്ലെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉറപ്പുവരുത്തി. ആരെങ്കിലുമൊക്കെ എപ്പോഴും എന്നോട് സംസാരിച്ചുകൊണ്ടിരിക്കും. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മുടെ ആത്മീയ ചിന്തകളും സഹായകരമാണ്. പ്രിയപ്പെട്ടവരോട് സംസാരിക്കുന്നതൊക്കെ വളരെയധികം പ്രയോജനപ്പെടും’ – ഷമി പറഞ്ഞു.

‘നമ്മുടെ ശാരീരികമായ അവസ്ഥയെപ്പോലും സ്വാധീനിക്കാൻ മാനസിക നിലയ്ക്ക് കഴിയും. മറ്റുള്ളവരോട് തുറന്നു സംസാരിച്ചാൽത്തന്നെ പകുതി പ്രശ്നങ്ങൾ തീരും. എന്റെ കാര്യത്തിൽ ക്യാപ്റ്റൻ വിരാട് കോലിയുടെയും മറ്റ് ടീമംഗങ്ങളുടെയും ഉറച്ച പിന്തുണ ലഭിച്ചുവെന്നത് ഭാഗ്യമാണ്. ഞങ്ങൾ ഒരു കുടുംബം പോലെയാണ്. എന്റെ ദേഷ്യവും നിരാശയും കളത്തിൽ പ്രകടിപ്പിക്കാൻ ടീമംഗങ്ങൾ എപ്പോഴും ഉപദേശിച്ചിരുന്നു. ആ മോശം സമയത്തെ വിജയകരമായി അതിജീവിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്’ – ഷമി പറഞ്ഞു.

English Summary: Wish I Could Talk to Sushant Singh Rajput Had I Known His Mental Condition: Mohammad Shami

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com