ADVERTISEMENT

ന്യൂഡൽഹി∙ ക്രിക്കറ്റ് താരമെന്ന നിലയിൽ മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനെന്ന നിലയിലും ഇന്ത്യൻ ക്രിക്കറ്റിൽ എക്കാലവും അവഗണിക്കപ്പെട്ടുപോയ വ്യക്തിയാണ് രാഹുൽ ദ്രാവിഡെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. സൗരവ് ഗാംഗുലിയേക്കാൾ ഇന്ത്യൻ ക്രിക്കറ്റിനെ സ്വാധീനിച്ച വ്യക്തിയാണ് ദ്രാവിഡ്. സാക്ഷാൽ സച്ചിനുമായി മാത്രം താരതമ്യം സാധ്യമാകുന്ന താരം. എന്നിട്ടും തുടർച്ചയായി അവഗണിക്കപ്പെട്ടു. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻമാരായി സൗരവ് ഗാംഗുലി, മഹേന്ദ്രസിങ് ധോണി, വിരാട് കോലി എന്നിവരുടെ പേരുകൾ ഉയർത്തിക്കാട്ടുമ്പോഴും ദ്രാവിഡ് അവഗണിക്കപ്പെടുകയാണെന്ന് ഗംഭീർ അഭിപ്രായപ്പെട്ടു.

ഇന്ത്യയെ 79 ഏകദിനങ്ങളിൽ നയിച്ച ദ്രാവിഡ് 42 മത്സരങ്ങളിലാണ് ടീമിനെ വിജയത്തിലെത്തിച്ചത്. തുടർച്ചയായി 14 മത്സരങ്ങൾ ചേസ് ജയിച്ച റെക്കോർഡും ഇക്കൂട്ടത്തിലുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലാകട്ടെ വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലദേശ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ ശ്രദ്ധേയമായ വിജയങ്ങൾ സമ്മാനിക്കാനും ദ്രാവിഡിനായി. ഇന്ത്യയ്ക്കായി 164 ടെസ്റ്റുകൾ കളിച്ച ദ്രാവിഡ് 13,288 റൺ‌സ് നേടി. 344 ഏകദിനങ്ങളിൽനിന്ന് 10,889 റൺസും സ്വന്തമാക്കി.

‘ക്യാപ്റ്റനെന്ന നിലയിൽ രാഹുൽ ദ്രാവിഡിന് അർഹിക്കുന്ന പരിഗണന നൽകുന്നില്ല എന്നത് നിർഭാഗ്യകരമാണ്. മികച്ച ക്യാപ്റ്റൻമാരെക്കുറിച്ച് ഓർക്കുമ്പോൾ സൗരവ് ഗാംഗുലി, മഹേന്ദ്രസിങ് ധോണി എന്നിവരെക്കുറിച്ച് മാത്രമേ നാം സംസാരിക്കാറുള്ളൂ. ഇപ്പോൾ വിരാട് കോലിയെക്കുറിച്ചും സംസാരിക്കും. പക്ഷേ, ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻമാരിലൊരാളാണ് ദ്രാവിഡെന്നതാണ് വാസ്തവം’ – സ്റ്റാർ സ്പോർട്സിന്റെ ‘ക്രിക്കറ്റ് കണക്ടഡ്’ ഷോയിൽ ഗംഭീർ പറഞ്ഞു.

‘ക്രിക്കറ്റ് താരമെന്ന നിലയിൽ ഇത്രയേറെ റെക്കോർഡുകൾ സ്വന്തം പേരിലുണ്ടായിട്ടും എക്കാലവും അവഗണിക്കപ്പെട്ടയാളാണ് ദ്രാവിഡ്. ഇതിനു പുറമെയാണ് ക്യാപ്റ്റനെന്ന നിലയിൽ സമ്മാനിച്ച നേട്ടങ്ങളോടുള്ള അവഗണന. ദ്രാവിഡിനു കീഴിൽ ഇംഗ്ലണ്ടിലും വെസ്റ്റിൻഡീസിലുമെല്ലാം നാം ജയിച്ചിട്ടുണ്ട്’ – ഗംഭീർ ചൂണ്ടിക്കാട്ടി.

‘എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ ക്രിക്കറ്റിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ മറ്റൊരു താരമില്ല. ഏകദിനത്തിൽ സൗരവ് ഗാംഗുലി വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ, മൊത്തത്തിൽ നോക്കിയാൽ അതിനേക്കാളേറെ സ്വാധീനം ചെലുത്തിയ താരമാണ് ദ്രാവിഡ്. സാക്ഷാൽ സച്ചിൻ തെൻഡുൽക്കറുമായാണ് ഇക്കാര്യത്തിൽ ദ്രാവിഡിനെ താരതമ്യപ്പെടുത്തേണ്ടത്. കാരണം, തന്റെ കരിയറിലുടനീളം സച്ചിന്റെ നിഴലിൽ കളിക്കേണ്ടി വന്ന താരമാണ് ദ്രാവിഡ്. പക്ഷേ, സ്വാധീനത്തിന്റെ കാര്യത്തിൽ സച്ചിനോളമെത്തുമെന്ന് ഉറപ്പാണ്’ – ഗംഭീർ പറഞ്ഞു.

‘ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണറാകാൻ പറഞ്ഞപ്പോൾ പോലും ദ്രാവിഡ് അതു ചെയ്തു. മൂന്നാം നമ്പർ സ്ഥാനത്തും ബാറ്റു ചെയ്തു. വിക്കറ്റ് കീപ്പറായി. ഫിനിഷർ എന്ന നിലയിൽ ബാറ്റു ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് ആവശ്യപ്പെട്ട വേഷങ്ങളെല്ലാം അദ്ദേഹം ഭംഗിയായി ചെയ്തു. ക്യാപ്റ്റൻമാർ നിർദ്ദേശിച്ചതനുസരിച്ച് കളിച്ചു. ഇന്ത്യൻ ക്രിക്കറ്റിന് അത്യാവശ്യം വേണ്ട മാതൃകയാണത്’ – ഗംഭീർ ചൂണ്ടിക്കാട്ടി.

English Summary: Rahul Dravid is the country's most "under-rated" ex-captain, says Gautam Gambhir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com