ADVERTISEMENT

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടുള്ള നിലവിലെ ഏറ്റവും പ്രായം കൂടിയ താരം എന്ന നേട്ടത്തോടെയായിരുന്നു നൂറു വയസ് പിന്നിട്ട വസന്ത് റായ്ജി കഴിഞ്ഞ ദിവസം വിടചൊല്ലിയത്. രഞ്ജി ട്രോഫി ക്രിക്കറ്റിൽ രണ്ടു ടീമുകൾക്കുവേണ്ടി (ബറോഡ, ബോംബെ) ഓപ്പണ്‍ ചെയ്ത താരമെന്ന അപൂർവ നേട്ടത്തിനുടമയായിരുന്നു വസന്ത് റായ്ജി. കഴിഞ്ഞ ദിവസം വിടപറയുമ്പോൾ പ്രായം 100 വയസും 139 ദിവസവും. ഇക്കൊല്ലം മാർച്ച് 7ന് ഇംഗ്ലണ്ടിന്റെ ജോൺ മാനേഴ്സ് മരിച്ചതോടെയാണ് ഫസ്റ്റ് ക്ലാസ് കളിച്ചവരിൽ ലോകത്തിലെ ഏറ്റവും പ്രായമേറിയ ‘കാരണവർ’ പട്ടം റായ്ജി സ്വന്തമാക്കിയത്. 2016ൽ ബി. കെ. ഗരുദാചർ മരിച്ചതോടെ ഫ്സ്റ്റ് ക്ലാസ് കളിച്ചവരിലെ ഇന്ത്യയുടെ പ്രായമേറിയ വ്യക്തി എന്ന നേട്ടത്തിന് ഉടമയുമായി.

ക്രിക്കറ്റ് ചരിത്രത്തിൽ 100 വയസ് പൂർത്തിയാക്കി, ‘സെഞ്ചുറി’ പിന്നിട്ട ഫസ്റ്റ് ക്ലാസ് താരങ്ങളുടെ എണ്ണം 25 മാത്രം. ഇൗ പട്ടികയിൽ സ്ഥാനം നേടിയ രണ്ട് ഇന്ത്യക്കാർ മാത്രമേയുള്ളൂ: റായ്ജിയും ഡി.ബി. ദേവ്‍ധറും. ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും പ്രായം കൂടിയ ഫസ്റ്റ് ക്ലാസ് താരം എന്ന നേട്ടം ഡി.ബി. ദേവ്‍ധർക്ക് അവകാശപ്പെട്ടതാണ്. 1993ൽ മരിക്കുമ്പോൾ അദ്ദേഹത്തിന് പ്രായം 101 വയസ്, 222 ദിവസവും. ഇംഗ്ലണ്ടിന്റെ ജോൺ മാനേഴ്സിന്റെ പേരിലാണ് ഫസ്റ്റ് ക്ലാസിലെ ലോക റെക്കോർഡ്. 2020 മാർച്ച് 7ന് വിടചൊല്ലുമ്പോൾ അദ്ദേഹത്തിന് പ്രായം 105 വയസ്, 225 ദിവസം. 

വസന്തിന്റെ മരണത്തോടെ ലോകത്തിലെ പ്രായമേറിയ ഫസ്റ്റ് ക്ലാസ് താരമെന്ന നേട്ടം ന്യൂസീലൻഡിന്റെ അലൻ ബർഗസിന്റെ പേരിലായി. 1920 മേയ് ഒന്നിന് ജനിച്ച അദ്ദേഹത്തിന് ഇപ്പോൾ പ്രായം 100 വയസും 43 ദിവസവും

∙ ടെസ്റ്റ് ക്രിക്കറ്റിൽ മുഖം കാട്ടിയവരിൽ, ഏറ്റവും കൂടുതൽ കാലം ജീവിച്ച താരം എന്ന നേട്ടം ദക്ഷിണാഫ്രിക്കയുടെ നോർമൻ ഗോർഡന്റെ പേരിലാണ്. 1911ൽ ജനനം, മരണം 2014ൽ. മരിക്കുമ്പോൾ പ്രായം 103 വയസ്, 27 ദിവസം.1938–39ൽ അഞ്ചു ടെസ്റ്റുകളിൽനിന്നായി 20 വിക്കറ്റുകൾ. ടെസ്റ്റ് കളിച്ചവരിൽ 100 വയസ് പിന്നിട്ട ലോകത്തിലെ ഏക വ്യക്തി എന്ന ബഹുമതിയും ഗോർഡനു സ്വന്തം. ടെസ്റ്റ് താരങ്ങളിൽ കൂടുതൽ കാലം ജീവിച്ച ഇന്ത്യക്കാരൻ എന്ന നേട്ടം എം. ജെ. ഗോപാലന്റെ പേരിലാണ് (94 വയസ്). ഇന്ത്യയ്‌ക്കുവേണ്ടി ടെസ്‌റ്റ് ക്രിക്കറ്റും ഹോക്കിയും കളിക്കാൻ ഭാഗ്യംകിട്ടിയ താരമാണ് ഗോപാലൻ. കാൽ നൂറ്റാണ്ടോളം ഇന്ത്യയിലെ ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒന്നാംനിര കളിക്കാരനായിരുന്നു തമിഴ്നാട്ടിൽനിന്നുള്ള  ഈ ഓൾറൗണ്ടർ.

∙ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടുള്ള, ഇപ്പോൾ ജീവനോടെയുള്ള ഏറ്റവും പ്രായം കൂടിയ വ്യക്തി ദക്ഷിണാഫ്രിക്കയുടെ ജോൺ വാട്കിൻസാണ്. ഇദ്ദേഹത്തിന് ഇന്ന് പ്രായം 97 വയസും 68 ദിവസവും. ഇന്ത്യൻ റെക്കോർഡ് ഇപ്പോൾ ദത്താജിറാവു ഗെയ്‍ക്ക്വാദിന്റെ പേരിലാണ് (91 വയസും 234 ദിവസവും). മുൻ ഇന്ത്യൻ താരവും കോച്ചുമായിരുന്ന അൻഷുമാൻ ഗെയ്‍ക്ക്്വാദിന്റെ പിതാവാണ് അദ്ദേഹം.

∙ ഇപ്പോൾ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് താരം എന്ന പെരുമ വെസ്റ്റിൻഡീസിന്റെ ഡെവൻ സ്മിത്തിന്റെ പേരിലാണ്(38 വയസ്, 240 ദിവസം). ഇന്ത്യൻ റെക്കോർഡ് വൃദ്ധിമാൻ സാഹയുടെ പേരിലും. സാഹയ്ക്ക് ഇന്ന് പ്രായം 35 വയസ്, 237 ദിവസവും

∙ ഏറ്റവും കൂടിയ പ്രായത്തിൽ ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയതിനുള്ള റെക്കോർഡ് ഇംഗ്ലീഷുകാരൻ ജെയിംസ് സതർട്ടന്റെ പേരിലാണ്. 1827ലാണ് സതർട്ടന്റെ ജനനം. 1877ൽ പ്രഥമ െടസ്റ്റിനിറങ്ങുമ്പോൾ അദ്ദേഹം 49 വയസ് പിന്നിട്ടിരുന്നു. ഇക്കൂട്ടത്തിലെ ഇന്ത്യൻ റെക്കോർഡ് റസ്തംജി ജംഷഡ്ജിയുടെ പേരിലാണ് (41 വയസ്, 27 ദിവസം).

∙ കൂടിയ പ്രായത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ചതിനുള്ള റെക്കോർഡ് ഇംഗ്ലണ്ടിന്റെ വിൽഫ്രഡ് റോഡ്സിന് അവകാശപ്പെട്ടതാണ്. 1930ൽ വിടവാങ്ങൽ ടെസറ്റ് കഴിയുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 52 വയസും 165 ദിവസവുമായിരുന്നു. ഈ നിരയിലെ ഇന്ത്യൻ േനട്ടക്കാരൻ വിനൂ മങ്കദാണ് (41 വയസ്, 305 ദിവസം). 

∙ ഏറ്റവും പ്രായം കൂടിയ ടെസ്‌റ്റ് ക്യാപ്‌റ്റൻ ഇംഗ്ലണ്ടിന്റെ ഡോ. ഡബ്ലിയു. ജി. ഗ്രേസ് ആണ്. ക്യാപ്‌റ്റനായി അവസാന മത്സരം കളിക്കുമ്പോൾ പ്രായം 50 വയസും 320 ദിവസവും. ആധുനിക ക്രിക്കറ്റിന്റെ പിതാവ് എന്ന വിശേഷണവും ഗ്രേസിന് അവകാശപ്പെട്ടതാണ്. എന്നാൽ ക്യാപ്‌റ്റനായി അരങ്ങേറ്റം കുറിച്ച പ്രായം കൂടിയയാൾ ഓസ്‌ട്രേലിയയുടെ വാറൻ ബാർഡെസ്‌ലിയാണ്. 1926–ൽ 43 വയസായിരുന്നു ക്യാപ്‌റ്റൻസി ഏറ്റെടുക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം. ഇന്ത്യൻ ടെസ്‌റ്റ് ടീമിനെ നയിച്ച ഏറ്റവും പ്രായം കൂടിയ ക്യാപ്‌റ്റൻ വിനു മങ്കദാണ്. 1959ൽ ചെന്നൈയിൽ വെസ്‌റ്റ് ഇൻഡീസിനെതിരെ ഇന്ത്യയെ നയിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 41 വയസും 289 ദിവസവും ആയിരുന്നു. ലാലാ അമർനാഥാണ് പ്രായത്തിന്റെ കാര്യത്തിൽ രണ്ടാം സ്‌ഥാനത്ത്. മൂന്നാമത് ഹേമു അധികാരി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com