ADVERTISEMENT

മുംബൈ∙ ഇന്ത്യയിൽ ലോകകപ്പ് ക്രിക്കറ്റ് കളിക്കാൻ വരുന്നതിന് സുരക്ഷ, വീസ എന്നീ കാര്യങ്ങളിൽ ബിസിസിഐയുടെ ഉറപ്പ് വേണമെന്ന് ആവശ്യപ്പെട്ട പാക്കിസ്ഥാന് മറുപടിയുമായി ബിസിസിഐ. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽനിന്ന് ‘ഭീകരാക്രമണം ഉണ്ടാകില്ലെന്ന ഉറപ്പ്’ വേണമെന്നാണ് ബിസിസിഐ പ്രതിനിധി ഇതിനു മറുപടിയായി ആവശ്യപ്പെട്ടത്. മത്സരങ്ങളുടെ നടത്തിപ്പിൽ സർക്കാർ ഇടപെടല്‍ പാടില്ലെന്നാണ് ഐസിസി ചട്ടം. ക്രിക്കറ്റ് ബോർഡുകളുടെ കാര്യത്തിലും അതു ബാധകമാണ്. സർക്കാരിന്റെ നടത്തിപ്പിൽ ബോര്‍ഡും ഇടപെടരുതെന്നാണ്– ബിസിസിഐ പ്രതിനിധി വ്യക്തമാക്കി.

ബിസിസിഐയിൽനിന്ന് വീസ വിഷയത്തില്‍ ഉറപ്പ് ചോദിക്കുന്നതിനു മുൻപ് അതിർത്തിയിൽ പ്രശ്നങ്ങളില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് എഴുതി ഉറപ്പ് നൽകണം. പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് കടന്നാക്രമണം ഇല്ല, വെടിനിർത്തൽ കരാർ ലംഘനങ്ങൾ ഇല്ല, പാക്കിസ്ഥാനിൽനിന്ന് ഇന്ത്യൻ മണ്ണിലേക്ക് ഭീകരപ്രവർത്തനങ്ങൾ നടക്കുന്നില്ല, പുല്‍വാമയിലേതുപോലുള്ള ആക്രമണങ്ങൾ ഇനിയുണ്ടാകില്ല– ഈ കാര്യങ്ങൾ പാക്കിസ്ഥാൻ സർക്കാർ ഉറപ്പാക്കുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ് എഴുതി നൽകാമോ– ബിസിസിഐ പ്രതിനിധി വാർത്താ ഏജൻസിയായ ഐഎഎൻഎസിനോടു പ്രതികരിച്ചു.

ക്രിക്കറ്റ് ബോർഡുകളുടെ പ്രവർത്തന കാര്യത്തിൽ ഐസിസിയുടെ നിയമം മനസ്സിലാക്കാൻ പാക്കിസ്ഥാൻ തയാറാകണം. ഇന്ത്യയുടെ താൽപര്യങ്ങൾക്കെതിരായി പ്രവർത്തിക്കുന്ന ഏജന്റിനെപ്പോലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പെരുമാറരുത്. ഇന്ത്യ മികച്ച രാജ്യമാണ്. ഏറ്റവും സന്തുലിതമായിതന്നെ കാര്യങ്ങളിൽ പ്രവർത്തിക്കും– ബിസിസിഐ പ്രതിനിധി പറഞ്ഞു. ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കാൻ വരുന്നതിന് വീസ, സുരക്ഷാ കാര്യങ്ങളിൽ ബിസിസിഐ ഉറപ്പ് നൽകണമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരുന്നു. 

2021 ട്വന്റി20 ലോകകപ്പും 2023 ഏകദിന ലോകകപ്പും ഇന്ത്യയിൽ നടക്കുന്നതിനാൽ ഈ വിഷയങ്ങളിൽ ബിസിസിഐ ഉറപ്പ് എഴുതി നല്‍കണമെന്നായിരുന്നു പാക്കിസ്ഥാന്റെ ആവശ്യം. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സിഇഒ വാസിം ഖാൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടൂർണമെന്റുകളില്‍ പങ്കെടുക്കുന്നതിനുള്ള ആശങ്കകൾ അറിയിച്ചത്.

ഐസിസി ലോകകപ്പ് മത്സരങ്ങൾ 2021, 2023 വർഷങ്ങളിൽ ഇന്ത്യയിലാണു നടക്കുന്നത്. ബിസിസിഐയുടെ ഉറപ്പു ലഭിക്കുന്നതിനായി ഇപ്പോൾ തന്നെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സമീപിച്ചിട്ടുണ്ട്. വീസ ലഭിക്കുന്നതിനോ, ഇന്ത്യയില്‍ കളിക്കുന്നതിനോ ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് ബിസിസിഐ ഉറപ്പു നൽകണമെന്നാണ് വാസിം ഖാൻ ആവശ്യപ്പെട്ടു.

English Summary: BCCI wants 'no terror attack' guarantee following Pakistan Cricket Board's 'visa assurance' demand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com