ADVERTISEMENT

ധാക്ക∙ കോവിഡ് ഭീഷണിയെ തുടർന്നുണ്ടായ ലോക്ഡൗണിൽപെട്ടു കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കായിക മേഖല. ക്രിക്കറ്റും ഇതിൽനിന്നും മുക്തമല്ല. സാമ്പത്തികമായി വലിയ കെട്ടുറപ്പില്ലാത്ത രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകൾ ജീവനക്കാരുടെ ശമ്പളമുള്‍പ്പെടെ വെട്ടിക്കുറച്ചാണു പ്രവർത്തിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം ലോകത്താകെ വർധിക്കുന്നതിനാൽ പല രാജ്യങ്ങളും അടുത്തൊന്നും ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കില്ലെന്നാണു റിപ്പോര്‍ട്ടുകൾ.

ഈ സാഹചര്യത്തിൽ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിന്റെ താഴെക്കിടയിലുള്ള ജീവനക്കാർക്കു സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് ന്യൂസീലൻഡ് മുൻ ക്യാപ്റ്റനും ബംഗ്ലദേശിന്റെ സ്പിൻ ബോളിങ് പരിശീലകനുമായ ഡാനിയൽ വെറ്റോറി. ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ജീവനക്കാരെ സഹായിക്കുന്നതിനായി 5000 യുഎസ് ഡോളറാണ് വെറ്റോറി സംഭാവനയായി നൽകിയത്. നാന്നൂറോളം വരുന്ന 3–4 ഗ്രേഡ് ജീവനക്കാർക്കാണ് വെറ്റോറിയുടെയും താരങ്ങളുടെയും സഹായം ലഭിച്ചതെന്ന് ബിസിബി വ്യാഴാഴ്ച അറിയിച്ചു.

3.61 കോടി ടാക്ക (ബംഗ്ലദേശ് കറൻസി) യാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് കോവിഡ് പ്രതിരോധത്തിനായി സംഭാവനയായി നൽകിയത്. ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് പരിശീലക സംഘത്തിൽ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്നത് ഡാനിയൽ വെറ്റോറിയാണ്. 100 ദിവസത്തെ കരാറിന് 250,000 യുഎസ് ഡോളറാണ് വെറ്റോറിക്കു ലഭിക്കുന്നത്.

ശമ്പളത്തിന്റെ വലിയൊരു ഭാഗവും ചെറിയ ശമ്പളം വാങ്ങുന്ന ബോർ‍ഡ് ജീവനക്കാർക്കു നൽകാൻ വെറ്റോറി നിർ‌ദേശിച്ചതായി ബംഗ്ലദേശ് ക്രിക്കറ്റ് സിഇഒ നിസാമുദ്ദീൻ ചൗധരി പ്രതികരിച്ചു. വെറ്റോറിക്കു പുറമേ ബംഗ്ലദേശിലെ രാജ്യാന്തര ക്രിക്കറ്റ് താരങ്ങളും അണ്ടർ 19, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരങ്ങളും കോവിഡ് പോരാട്ടത്തിനായി സംഭാവനകൾ നൽകുന്നുണ്ട്. ബംഗ്ലദേശിലെ കോവിഡ് പ്രതിരോധത്തിൽ ക്രിക്കറ്റ് വെൽഫെയർ അസോസിയേഷന്‍ ഓഫ് ബംഗ്ലദേശും (സിഡബ്ല്യുഎബി) മുൻനിരയിലുണ്ട്.

2019 ലോകകപ്പിനു ശേഷം ബംഗ്ലദേശ് എല്ലാ പരിശീലകരെയും പുറത്താക്കിയതിനു പിന്നാലെയാണ് വെറ്റോറി ബംഗ്ലദേശ് പരിശീലകനായി ചുമതലയേൽക്കുന്നത്. ചാൾ ലാഞ്ച്‍വെൽട്ട് ടീമിന്റെ ഫാസ്റ്റ് ബോളിങ് പരിശീലകനായും വെറ്റോറി സ്പിൻ ബോളിങ് പരിശീലകനായും ബംഗ്ലദേശിലെത്തി. ലാഞ്ച്‍വെൽട്ട് കഴിഞ്ഞ വർഷം ഡിസംബറിൽ ജോലി രാജി വച്ച് ദക്ഷിണാഫ്രിക്കൻ ടീമിനൊപ്പം ചേർന്നു.

English Summary: Daniel Vettori donates USD 5000 to lower-tier staff of BCB amid COVID-19 situation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com