sections
MORE

ഉറങ്ങുമ്പോൾ മുതുകില്‍ വലിച്ചു, അനങ്ങാൻ പറ്റിയില്ല; ഇന്ത്യൻ താരത്തിന്റെ മുറിയിൽ പ്രേതം!

sushma-verma
സുഷമാ വർമ
SHARE

ന്യൂഡൽഹി ∙ ഇംഗ്ലണ്ടിൽ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്കായി പോയപ്പോൾ ഉണ്ടായ ‘നിഗൂഢ’ അനുഭവങ്ങളെക്കുറിച്ചു വെളിപ്പെടുത്തി ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സുഷമാ വർമ. ഇംഗ്ലണ്ടിലെ ഹോട്ടൽ മുറിയില്‍ ഉറങ്ങുന്നതിനിടെ ആരോ പിടിച്ചുവലിക്കുന്നതായി തനിക്ക് അനുഭവപ്പെട്ടതായി ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സുഷമ പറഞ്ഞു. പാക്കിസ്ഥാനുമായുള്ള മത്സരത്തിനു മുൻപായിരുന്നു സംഭവം. 

‘പരിശീലനത്തിനു ശേഷം എനിക്ക് അനുവദിച്ച മുറിയിലേക്കു പോയി. പ്രാക്ടീസ് ചെയ്യുമ്പോഴത്തെ വസ്ത്രം ധരിച്ചു തന്നെ ഉറങ്ങാൻ കിടന്നു. ഉറക്കത്തിനിടെ ആരോ എന്നെ വലിക്കുന്നതായി തോന്നി. മുതുകിൽ പിടിച്ച് ആരോ എന്നെ തിരിക്കാൻ ശ്രമിക്കുന്നതായി തോന്നി. ഉറങ്ങിപ്പോയെങ്കിലും ഇതു വീണ്ടും തുടർന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എനിക്ക് അനങ്ങാന്‍ സാധിച്ചില്ല. തുടർന്ന് ഉണർന്നു. നടന്നത് എന്താണെന്ന് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. പാരാനോർമല്‍ പ്രവർത്തനങ്ങളിൽ എനിക്കു വിശ്വാസമുണ്ടായിരുന്നില്ല. എന്നാൽ ആ ദിവസം എന്റെ ധാരണ മാറി. വൈകിട്ട് അഞ്ചു മണിക്ക് ശേഷം ഹോട്ടലിന് ഉൾഭാഗം അത്രയേറെ ശാന്തമായിരുന്നു. സംഭവത്തിനിടെ ഫോൺ എടുക്കാനും പുതച്ചിരുന്ന ബ്ലാങ്കറ്റ് വലിക്കാനും ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാലുകള്‍ അനക്കാൻ പോലും സാധിച്ചില്ല. പ്രാര്‍ഥിച്ചപ്പോൾ ആരോ ബലമായി മോചിപ്പിക്കുന്നതായി തോന്നി’ – താരം അവകാശപ്പെട്ടു.

‘എഴുന്നേറ്റപ്പോൾ ഞാന്‍ വിളറിയ അവസ്ഥയിലായിരുന്നു. അന്ന് വളരെയേറെ കരഞ്ഞു. ടീമിലെ സഹതാരം ഹർമന്‍പ്രീതിനെ വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ആദ്യം അവർ കളിയാക്കി. എന്നാൽ പിന്നീട് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഹർമൻ പ്രീതിനും മനസ്സിലായി. ടീം മാനേജ്മെന്റിനെ വിവരം അറിയിച്ചതോടെ എല്ലാവരും കളിയാക്കാൻ തുടങ്ങി’– സുഷമാ വർമ വ്യക്തമാക്കി. ഇന്ത്യൻ ടീം ഹോട്ടലില്‍ താമസിക്കുമ്പോൾ സുഷമയ്ക്ക് ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായതായി ഇന്ത്യൻ ക്രിക്കറ്റ് ടീം താരം സ്മൃതി മന്ഥനയാണ് ആദ്യം വെളിപ്പെടുത്തിയത്. 

ഞങ്ങൾ പ്രേതത്തെ കണ്ടിട്ടില്ല. പക്ഷേ ടീമിലെ ചിലർക്ക് അങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ടെന്നായിരുന്നു താരത്തിന്റെ വാക്കുകൾ. ‘സുഷമാ വർമ അവളെ പ്രേതം പിടിച്ചുവച്ചതായി പറഞ്ഞിരുന്നു. തുടർന്ന് സുഷമ ഏറെ നേരം കരഞ്ഞു. അവിടെ എന്തെങ്കിലും ഉണ്ടായിരുന്നോയെന്ന് ആർക്കറിയാം’– സ്മൃതി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ടീം അംഗമായിരുന്ന ഹർമൻ പ്രീത് സിങ്ങും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

English Summary: I felt so stiff, I couldn’t comprehend what was happening: Sushma Verma

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA