ADVERTISEMENT

കൊച്ചി∙ ഐപിഎൽ ഒത്തുകളി വിവാദത്തില്‍ ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യൽ, 27 ദിവസത്തെ ജയിൽ വാസം, അതു കഴിഞ്ഞ് ക്രിക്കറ്റില്‍ ഏഴു വർഷത്തെ വിലക്കും. ഒരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ച് ഏറ്റവും വലിയ ദുരിത കാലം തന്നെ നേരിട്ടിട്ടും ക്രിക്കറ്റിനോടുള്ള പ്രേമം ശ്രീശാന്ത് അവസാനിപ്പിച്ചില്ല. വിലക്ക് കാലത്തിൽ രാഷ്ട്രീയം, റിയാലിറ്റി ഷോകൾ, സിനിമകള്‍ തുടങ്ങി പല മേഖലകളിലും താരം കൈവച്ചു. എന്നാലും ശ്രീശാന്തിന് ഇപ്പോഴും പ്രിയപ്പെട്ടത് ക്രിക്കറ്റാണ്. ക്രിക്കറ്റിൽ ലഭിച്ച ആജീവനാന്ത വിലക്ക് കഴിഞ്ഞ വർഷമാണ് ഏഴു വർഷമായി ചുരുക്കിയത്. സെപ്റ്റംബർ 13 ന് വിലക്ക് മാറുന്നതോടെ കളിക്കളത്തിലേക്കു മടങ്ങിയെത്താൻ കാത്തിരിക്കുകയാണു താരം.

കോവിഡ് ഭീഷണിയെ തുടർന്നു രാജ്യം ലോക്ഡൗണിലൂടെ കടന്നുപോകുമ്പോഴും കൊച്ചിയിലെ പരിശീലന മൈതാനങ്ങളിലായിരുന്നു ശ്രീശാന്ത്. ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരുടെ വിക്കറ്റുകൾ എറിഞ്ഞുവീഴ്ത്തിയ മൂർച്ചയേറിയ പന്തുകളെ വീണ്ടും പിച്ചിലെത്തിക്കാനാണു ശ്രീയുടെ ശ്രമം. ഒരാഴ്ചയിലെ ആറു ദിവസവും 14 ഓവറുകൾ വച്ചാണു ഞാൻ പരിശീലനത്തിൽ ബോൾ ചെയ്യുന്നത്. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളും കളിക്കാൻ തയാറാകുകയാണ് എന്റെ ലക്ഷ്യം– ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ശ്രീശാന്ത് പറഞ്ഞു.

യോഗയും ധ്യാനവും ചെയ്താണ് എല്ലാ ദിവസവും തുടങ്ങുന്നത്. എന്‍ബിഎ ഫിസിക്കൽ ആൻഡ് മെന്റൽ കണ്ടിഷനിങ് പരിശീലകൻ ടിം ഗ്രോവറിന്റെ ഓൺലൈൻ ക്ലാസിൽ ആഴ്ചയിൽ രണ്ടു ദിവസം പങ്കെടുക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുൻ‌ പരിശീലകന്‍ റാംജി ശ്രീനിവാസന്റെ നിർദേശങ്ങളാണു ഫിറ്റ്നസ് നിലനിർത്താൻ പിന്തുടരുന്നത്. പരുക്കുകളെ പ്രതിരോധിക്കുന്നതിനുള്ള തയാറെടുപ്പുകളും ഇതോടൊപ്പം നടത്തുന്നു. ക്രിക്കറ്റിലെ നിയമങ്ങൾ പലതും മാറിയതു താൻ ഇതുവരെ അറിഞ്ഞിരുന്നില്ലെന്നും താരം പറഞ്ഞു. ഏകദിന ക്രിക്കറ്റിലെ ന്യൂബോൾ മാറ്റത്തെക്കുറിച്ച് കേരള താരങ്ങൾ നെറ്റ്സിൽ എന്നോടു പറയുന്നതു വരെ ഞാൻ അറിഞ്ഞിരുന്നില്ല.

നേരത്തേ സ്വന്തമാക്കിയ നേട്ടങ്ങളിൽ ഇനി കാര്യമില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കി. വീണ്ടും തുടങ്ങുകയാണ്. ഇനി കളിക്കുമ്പോൾ പണ്ടത്തെ അനുഭവങ്ങൾ മാത്രമാണ് ഒപ്പമുള്ളത്. ഞാനെന്റെ ആദ്യ മത്സരം കളിക്കുന്നതുപോലെയാണു തോന്നുന്നത്. ടീമിലേക്കു സിലക്ഷൻ ലഭിക്കുന്നതിനു വേണ്ടിയാണു പരിശീലിക്കുന്നത്. ഞാൻ മികച്ച പ്രകടനം നടത്തുകയാണെങ്കിൽ എന്റെ പ്രായമോ, മറ്റു കാര്യങ്ങളോ പരിഗണിക്കരുതെന്നാണു പറയാനുള്ളത്. എനിക്കു കളിക്കാൻ അർഹതയുള്ള ഏതു ടീമിലേക്കും എന്നെ പരിഗണിക്കണം. 

ക്രിക്കറ്റിലേക്കുള്ള എന്റെ തിരിച്ചുവരവ് എല്ലാവർക്കും പ്രചോദനമാകണം. ഏറ്റവും പ്രിയപ്പെട്ടതിൽനിന്ന് കഴിഞ്ഞ ഏഴു വർഷമായി വിട്ടുനിൽക്കുകയായിരുന്നു. അടുത്ത അഞ്ചു വർഷമെങ്കിലും അതിന് അനുവദിക്കൂ. കേരളത്തിനായി രഞ്ജി ട്രോഫിയും ഇറാനി ട്രോഫിയും വിജയിക്കുകയെന്നതാണു ലക്ഷ്യമെന്നും ശ്രീശാന്ത് പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങാന്‍ സാധിച്ചാൽ ഐപിഎല്ലിലെ എന്റെ തിരിച്ചുവരവ് തടയരുത്. 2023 ലോകകപ്പില്‍ ഇന്ത്യയ്ക്കായി കളിക്കുകയെന്നതാണ് ഇനി ഏറ്റവും വലിയ സ്വപ്നമെന്നും ശ്രീശാന്ത് പറഞ്ഞു.

English Summary: I want to win Ranji Trophy and Irani Trophy for Kerala: S Sreesanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com