sections
MORE

‘ഹര്‍ഭജനെ വിലക്കാതിരിക്കാൻ ഐപിഎൽ കമ്മിഷണർക്കു മുന്നിൽ കരഞ്ഞു, യാചിച്ചു’

sreesanth-harbhajan-singh
ശ്രീശാന്ത്, ഹർഭജൻ സിങ് (ഫയൽ ചിത്രം)
SHARE

കൊച്ചി∙ ഹർഭജൻ സിങ്ങിന് വിലക്കു ലഭിക്കാതിരിക്കാൻ ഐപിഎൽ കമ്മിഷണർക്കു മുന്നിൽ കരയുകയും യാചിക്കുകയും ചെയ്തിട്ടുണ്ടെന്നു മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. ഒത്തുകളി വിവാദത്തിൽ നേരിടേണ്ടിവന്ന വിലക്ക് കഴിഞ്ഞ് കേരളത്തിനായി രഞ്ജി ട്രോഫിയിൽ കളിച്ചു തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് ശ്രീശാന്ത് ഐപിഎല്ലിലെ പഴയ ‘അടി’ വിവാദത്തെക്കുറിച്ചു മനസ്സു തുറന്നത്. സംഭവത്തെ തുടർന്ന് ഹർഭജൻ സിങ്ങിന് വിലക്ക് ലഭിക്കാതിരിക്കാൻ ബിസിസിഐ പ്രതിനിധിക്കു മുന്നിൽ യാചിച്ചതായി ശ്രീശാന്ത് പറഞ്ഞു. 2008 ഏപ്രിലിൽ ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിനിടെയാണു ഹർഭജൻ സിങ് ശ്രീശാന്തിനെ പരസ്യമായി അടിച്ചത്.

ഐപിഎൽ കമ്മിഷണർക്കുമുന്നിൽ ഞാൻ ശരിക്കും കരയുകയും യാചിക്കുകയുമായിരുന്നു. ഹർഭജൻ സിങ്ങിനെതിരെ വിലക്കോ, മറ്റു നടപടികളോ ഉണ്ടാകാതിരിക്കാൻ വേണ്ടിയായിരുന്നു അത്. ഭാജിപാ പുറത്തായപ്പോൾ കളിയാക്കുകയാണു ഞാൻ ചെയ്തത്. എന്നാൽ അദ്ദേഹം മറ്റൊരു മൂഡിലായിരുന്നു. അതു മനസ്സിലാക്കാൻ സാധിച്ചില്ല. എന്നാൽ സച്ചിൻ തെൻഡുൽക്കർ ഇടപെട്ടു പ്രശ്നം പരിഹരിച്ചു. ഞങ്ങൾ ഒരുമിച്ചിരുന്നാണു ഭക്ഷണം കഴിച്ചത്. എന്നാൽ മാധ്യമങ്ങൾ സംഭവത്തെ വേറെ തലത്തിലെത്തിച്ചു– ഒരു ഫെയ്സ്ബുക്ക് ലൈവില്‍ ശ്രീശാന്ത് പറഞ്ഞു.

ഇന്ത്യൻ ടീമിൽ ഞങ്ങൾ ഒരുമിച്ചാണു കളിച്ചിരുന്നത്. മത്സരഫലം മാറ്റാനുള്ള ശേഷി ഹർഭജന് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റേതായിട്ടുള്ള ഒന്നും നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. സംഭവം നടന്ന അന്നു രാത്രി തന്നെ ഞങ്ങൾ തമ്മിലുള്ള പ്രശ്നം അവസാനിച്ചിരുന്നു. ആ സമയത്ത് ഞാൻ കളിക്കാൻ തുടങ്ങിയതേ ഉള്ളൂ. എനിക്ക് അദ്ദേഹത്തോടൊപ്പം മത്സരങ്ങൾ ജയിക്കണമായിരുന്നു. എന്റെ മൂത്ത സഹോദരനെ പോലെയായിരുന്നു ഹർഭജൻ സിങ്– ശ്രീശാന്ത് വ്യക്തമാക്കി.

എന്റെ കരിയറിൽ ബുദ്ധിമുട്ടേറിയ സമയങ്ങളിൽ ഹർഭജൻ സിങ് സഹായിച്ചു. ഞങ്ങൾ പരസ്പരം സംസാരിക്കും. കഴിഞ്ഞ ഏഴു വർഷവും അദ്ദേഹം എനിക്കു പിന്തുണ നൽകി. മാപ്പു നൽകണമെന്ന് പരസ്യമായി വരെ എന്നോടു പറഞ്ഞിട്ടുണ്ട്– ശ്രീശാന്ത് പ്രതികരിച്ചു. ഇന്ത്യയ്ക്കായി 27 ടെസ്റ്റ്, 53 ഏകദിനം, 10 ട്വന്റി20 മത്സരങ്ങൾ ശ്രീശാന്ത് കളിച്ചിട്ടുണ്ട്. 2011 ഓഗസ്റ്റിലാണു താരം അവസാന രാജ്യാന്തര മത്സരം കളിച്ചത്. 37 വയസ്സുകാരനായ ശ്രീശാന്തിന്റെ ഏഴു വര്‍ഷത്തെ വിലക്ക് ഈ വർഷം സെപ്റ്റംബറിൽ അവസാനിക്കും. ഫിറ്റ്നസ് തെളിയിക്കുകയാണെങ്കിൽ ശ്രീശാന്തിന് രഞ്ജി ട്രോഫിക്കുള്ള കേരള ടീമിൽ അവസരം നല്‍കുമെന്നു പരിശീലകൻ ടിനു യോഹന്നാൻ അറിയിച്ചിട്ടുണ്ട്.

English Summary: Cried and begged in front of IPL commissioner to not ban Harbhajan Singh: Sreesanth on 2008 slapgate

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA