sections
MORE

ലോകകപ്പ് ഫൈനൽ ഇന്ത്യയ്ക്ക് വിറ്റു; ശ്രീലങ്ക മുൻമന്ത്രിയുടെ അരോപണം ‘സംശയം മാത്രം’

india-srilanka-odi
ലോകകപ്പ് ഫൈനൽ മത്സരത്തിനിടെ ഇന്ത്യൻ താരങ്ങൾ
SHARE

കൊളംബോ∙ 2011ലെ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലെ ‘ചിലര്‍ക്കു വിറ്റെന്ന’ പ്രസ്താവന മയപ്പെടുത്തി ശ്രീലങ്കൻ മുൻ കായിക മന്ത്രി മഹീന്ദാനന്ദ അലുത്ഗമഗ. നേരത്തേ ഉന്നയിച്ച ആരോപണങ്ങള്‍ സംശയങ്ങളാണെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നുമാണു അലുത്ഗമഗയുടെ പുതിയ നിലപാട്. മുൻ മന്ത്രിയുടെ ആരോപണങ്ങളിൽ ശ്രീലങ്കൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേക പൊലീസ് സംഘം ബുധനാഴ്ച അലുത്ഗമഗയുടെ മൊഴിയെടുത്തിരുന്നു.

ഒത്തുകളിയെക്കുറിച്ചു തനിക്കു സംശയങ്ങൾ മാത്രമാണ് ഉള്ളതെന്നാണു അലുത്ഗമഗ അന്വേഷണ സംഘത്തോടും പറഞ്ഞത്. ഇക്കാര്യങ്ങളിൽ അന്വേഷണം വേണമെന്ന് പിന്നീടു മാധ്യമങ്ങളോടും പറഞ്ഞു. 2011 ഒക്ടോബർ 30ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന് നൽകിയ പരാതിയുടെ പകർപ്പ് പൊലീസ് സംഘത്തിനു നൽകിയിട്ടുണ്ട്. ശ്രീലങ്ക മത്സരം ഇന്ത്യയ്ക്കു വിറ്റെന്ന മുൻ മന്ത്രിയുടെ ആരോപണം ശ്രീലങ്കയിൽ വൻ വിവാദമായിരുന്നു. ശ്രീലങ്കൻ ക്രിക്കറ്റ് ടീം നായകസ്ഥാനത്തുണ്ടായിരുന്ന കുമാർ സംഗക്കാരയും മഹേല ജയവർധനെയും ആരോപണത്തിൽ തെളിവ് ആവശ്യപ്പെട്ടു രംഗത്തെത്തി.

അഴിമതി വിരുദ്ധ അന്വേഷണത്തിനായി മുൻമന്ത്രി തെളിവുകൾ ഹാജരാക്കണമെന്ന് സംഗക്കാര ആവശ്യപ്പെട്ടു. കൈവശമുള്ള തെളിവുകൾ അദ്ദേഹം ഐസിസിക്കു നല്‍കണമെന്നും സംഗക്കാര പ്രതികരിച്ചു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനൽ കാണാൻ അന്ന് ശ്രീലങ്കൻ പ്രസിഡന്റായിരുന്ന മഹീന്ദ രജപക്സെയും കായിക മന്ത്രിയായിരുന്ന മഹീന്ദാനന്ദ അലുത്ഗമഗയും എത്തിയിരുന്നു. സംഭവത്തിൽ ബിസിസിഐയും അന്വേഷണം നടത്തണമെന്ന് മുൻ ലങ്കൻ താരം അരവിന്ദ ഡിസിൽവ ആവശ്യപ്പെട്ടു. അന്വേഷണത്തിൽ പങ്കാളിയാകാൻ ഇന്ത്യയിലേക്കു വരാൻ തയാറാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

2011 ഏപ്രിൽ രണ്ടിന് നടന്ന ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യ ആറു വിക്കറ്റിനാണു ജയിച്ചത്. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 274 റൺസ് നേടിയപ്പോൾ മറുപടിയായി 10 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. അതേസമയം ഇന്ത്യയില്‍ ഒത്തുകളി ക്രിമിനൽ കുറ്റമാക്കുന്നതാണ്  ഏറ്റവും ഫലപ്രദമായ നടപടിയെന്ന് ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥൻ സ്റ്റീവ് റിച്ചാർഡ്സൺ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ കഠിനമായ നിയമങ്ങളില്ലാത്തതിനാൽ പൊലീസിന്റെ ഒരു കൈ കെട്ടിയ നിലയിലാണ്.

അഴിമതിക്കാരെ തകർക്കാൻ ഞങ്ങൾക്കാകുന്നതെല്ലാം ചെയ്യും. എന്നാൽ ഒത്തുകളിക്കെതിരെ നിയമനിർമാണം നടത്തുന്നതാകും ഇന്ത്യയിൽ ഏറ്റവും ഫലപ്രദമാകുക. ഒത്തുകളിയുമായി ബന്ധപ്പെട്ട് ഐസിസിയിൽ നിലവിൽ 50ല്‍ താഴെ അന്വേഷണങ്ങൾ നടക്കുന്നുണ്ട്. അതിൽ ഭൂരിഭാഗം എണ്ണത്തിനും ഇന്ത്യയിലെ അഴിമതിക്കാരുമായി ബന്ധമുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യയിൽ ഒത്തുകളിക്കെതിരെ നിയമം കൊണ്ടുവരുന്നതാണ് ഏറ്റവും ഉചിതം– സ്റ്റീവ് റിച്ചാർ‍‍ഡ്സൺ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

English Summary: I want my suspicion investigated: Aluthgamage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA