ADVERTISEMENT

ഈ കൊറോണക്കാലത്തും ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് എം.എസ്. ധോണി എന്ന സാക്ഷാൽ മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കൽ. 2019ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലിൽ ന്യൂസീലൻഡിനോട് പരാജയപ്പെട്ട് ഇന്ത്യൻ ടീം പുറത്തായ ശേഷം ധോണി ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടില്ല. ജൂലൈ 7ന് 39 വയസ്സ് തികയുന്ന ധോണിക്കു വീണ്ടും ഇന്ത്യൻ ടീമിന്റെ ഭാഗമാകുവാൻ സാധിക്കുമോ എന്നതാണ് ആരാധകരുടെ ചിന്ത. ലോകകപ്പ് പരാജയശേഷം വിശ്രമത്തിനായി ചെറിയൊരിടവേള ആവശ്യപ്പെട്ട ധോണിയുടെ ഒട്ടുമിക്ക സഹതാരങ്ങളും പിന്നീടുള്ള ടൂർണമെന്റുകളിൽ കിട്ടിയ അവസരങ്ങളെല്ലാം ഫലപ്രദമായി പ്രയോജനപ്പെടുത്തി ടീമിൽ സ്ഥിരം സാന്നിധ്യമായി.

ഇതിനിടയിൽ ബിസിസിഐയുടെ കരാർ പട്ടികയിൽനിന്ന് ധോണിയെ ഒഴിവാക്കി. 2020 സെപ്റ്റംബർ വരെയുള്ള കളിക്കാരുടെ കരാർ പട്ടികയിൽനിന്ന് ധോണി പുറത്തായി. കായിക മേഖലയിൽ ധോണിയുടെ വിരമിക്കൽ അഭ്യൂഹങ്ങൾ നിലനിൽക്കുന്ന വേളയിലാണ് ബിസിസിഐ പുതിയ കരാർ പട്ടിക പുറത്തിറക്കിയത്. വീണ്ടും ദേശീയ ടീമിന്റെ ഭാഗമായാൽ മാത്രമേ പഴയതുപോലെ ധോണിയുടെ കോൺട്രാക്ട് പുതുക്കുകയുള്ളൂ എന്നാണ് ബിസിസിഐയുടെ നിലപാട്.

എം.എസ്. ധോണി പരിശീലനത്തിനിടെ.
ചെന്നൈ സൂപ്പർ കിങ്സിനായി പരിശീലിക്കുന്ന ധോണി

ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ നയിച്ചു മികച്ച പ്രകടനം കാഴ്ചവച്ചാൽ വീണ്ടും ടീമിന്റെ ഭാഗമായി പരിഗണിക്കുമെന്ന് സിലക്‌ഷൻ കമ്മിറ്റിയുടെ മുൻ ചെയർമാനായിരുന്ന എം.എസ്.കെ. പ്രസാദ്, ഇപ്പോഴത്തെ ചെയർമാൻ സുനിൽ ജോഷി, ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി എന്നിവർ പല അവസരങ്ങളിലായി അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ അവിചാരിതമായി എത്തിയ കോവിഡ് ഐപിഎൽ നടത്തിപ്പിനെ തന്നെ മുൾമുനയിലാക്കിയിരിക്കുകയാണ്. ഒരുപക്ഷേ ഐപിഎൽ റദ്ദാക്കിയാൽ ധോണിയുടെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് പ്രതിസന്ധിയിലാകും.

ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ട്വന്റി 20 ലോകകപ്പ് മത്സരങ്ങൾ ഓസ്ട്രേലിയയിൽ നടക്കേണ്ടത്. ആഭ്യന്തര ക്രിക്കറ്റിലോ ഐപിഎൽ. മത്സരത്തിലോ കളിച്ചു പ്രതിഭ തെളിയിക്കാനായാൽ ലോകകപ്പ് ടീമിൽ ഇടം നേടാൻ സാധിക്കും. ലോകത്ത് ഇന്ന് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ കായിക മത്സരങ്ങളിൽ ഭൂരിഭാഗവും ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. അതിനാൽ വീണ്ടും രാജ്യാന്തര ക്രിക്കറ്റിൽ പാഡണിഞ്ഞശേഷം വിടവാങ്ങുവാൻ ധോണിയെന്ന ക്രിക്കറ്റ് ഇതിഹാസത്തിന് സാധിക്കുമോ എന്നാണ് കായികലോകം ഉറ്റുനോക്കുന്നത്.

ഇന്ത്യൻ ക്രിക്കറ്റിന് ധോണിയെന്ന റാഞ്ചിക്കാരൻ സമ്മാനിച്ച നേട്ടങ്ങളും അംഗീകാരങ്ങളും വിസ്മരിക്കാനാകുന്നതല്ല. വീണ്ടും ടീമിന്റെ ഭാഗമാകാനുള്ള പ്രതീക്ഷയിൽ ശരീരക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനവും പതിവായി ചെയ്തുവരികയാണ്. ഗോഡ്ഫാദറിന്റെ പിന്തുണയും ശുപാർശയുമില്ലാതെ സ്വന്തം കഠിനാധ്വാനവും ക്ഷമയും ആത്മാർഥതയുമാണ് ധോണിയെന്ന കായിക താരത്തെ ക്രിക്കറ്റിന്റെ അത്യുന്നത ശ്രേണിയിൽ എത്തിച്ചത്. ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലെ ഒരു സാധാരണ കുടുംബാംഗമായാണു ജനനം. കുട്ടിക്കാലത്ത് ഫുട്ബോൾ ഗോൾകീപ്പറായി അസാമാന്യ പാടവംകാട്ടിയ ധോണിയെ ക്രിക്കറ്റിൽ വിക്കറ്റ് കീപ്പറാകുവാൻ പരിശീലകൻ നിർബന്ധിച്ചു. അത് അയാളുടെ കരിയറിലെ വഴിത്തിരിവായി മാറുകയായിരുന്നു.

കഠിനാധ്വാനവും സ്ഥിരോത്സാഹവും കൈമുതലാക്കിയ ധോണിയുടെ ആത്മാർഥമായ ആദ്യ പരിശ്രമം തന്റെ പതിനെട്ടാമത്തെ വയസ്സിൽ സഫലമായി. അങ്ങനെ 1999-2000 വർഷത്തിൽ ബിഹാർ ടീമിലൂടെ രഞ്ജി ട്രോഫിയിൽ അരങ്ങേറി. തുടർന്ന് 2002-2003 വർഷത്തിലെ ജാർഖണ്ഡ് രഞ്ജി ടീമിന്റെയും ഭാഗമായി മാറി. ആ വർഷത്തെ രഞ്ജി ട്രോഫി, ദുലിപ് ട്രോഫി തുടങ്ങിയവയിലെ മികച്ച പ്രകടനം ദേശീയ സിലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റി. അങ്ങനെ 2003-2004 വർഷത്തിൽ ഇന്ത്യൻ ‘എ’ ടീമിന്റെ കുപ്പായമണിഞ്ഞു. ഇന്ത്യൻ ‘എ’ ടീമിന്റെ സിംബാബ്‍വെ/ കെനിയ രാജ്യങ്ങളിലേക്കു നടന്ന പര്യടനത്തിൽ ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും തിളങ്ങിയ ധോണിയെ ദേശീയ ടീമിലെടുക്കുവാൻ സിലക്ടർമാർ നിർബന്ധിതരായി. കൂടാതെ ആ കാലഘട്ടത്തിൽ ധാരാളം യുവതാരങ്ങൾക്ക് അവസരം നൽകുന്നതിനു മുൻകൈ എടുത്തിരുന്ന അന്നത്തെ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും ധോണിയുടെ വരവിന് ശക്തി പകർന്നു.

ms-dhoni-vs-new-zealand
ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പ് മത്സരത്തിനിടെ ധോണി

അങ്ങനെ 2004 ഡിസംബർ 23ന് ബംഗ്ലാദേശിനെതിരെ നടന്ന ഏകദിന മത്സരത്തിൽ ധോണി ആദ്യമായി ഇന്ത്യൻ ജഴ്സിയണിഞ്ഞു. നിർഭാഗ്യം ആദ്യകളിയിൽ വില്ലനായി അവതരിക്കുകയും ധോണി പൂജ്യത്തിന് പുറത്താവുകയും ചെയ്തു. എന്നാൽ ടീം മാനേജ്മെന്റ് നൽകിയ പിന്തുണയിൽ തുടർന്ന് കളിക്കുകയും അധികം വൈകാതെ തന്റെ അഞ്ചാം മത്സരത്തിൽ 2005 ഏപ്രിൽ 5ന് പാക്കിസ്ഥാനെതിരെ 123 പന്തിൽ 148 റൺസ് നേടി ആദ്യ അന്താരാഷ്ട്ര സെഞ്ചുറി നേട്ടവും കൈവരിച്ചു. തുടർന്ന് ആ പ്രതിഭയുടെ വളർച്ച ശരവേഗത്തിലായിരുന്നു. 2005 ഡിസംബർ 2ന് ശ്രീലങ്കയ്ക്ക് എതിരെ ടെസ്റ്റ് അരങ്ങേറ്റം, തുടർന്ന് 2006 ഡിസംബർ 1ന് സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ട്വന്റി 20 യിലും അരങ്ങേറ്റം കുറിച്ചു. രാഹുൽ ദ്രാവിഡിനുശേഷം വിക്കറ്റ് കീപ്പിങ്ങും ക്യാപ്റ്റൻസിയും ഒരുമിച്ച് സ്ഥിരതയാർന്ന ഒരാൾക്ക് നൽകാം എന്നതിന്റെ ഫലമായി 2007ൽ ഹെലികോപ്റ്റർ ഷോട്ടിന്റെ സൃഷ്ടാവായ നീളൻ മുടിക്കാരനായ റാഞ്ചിക്കാരൻ ഇന്ത്യൻ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തിലുമെത്തി. ടീം ഇന്ത്യയെ ലോകക്രിക്കറ്റിന്റെ നെറുകയിലെത്തിച്ചുകൊണ്ട് ട്വന്റി 20 ലോകകപ്പ് നേടിത്തരുന്നതിന് സാരഥ്യം വഹിച്ചു.

പിന്നീടു നടന്ന ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ ഏകദിന ക്യാപ്റ്റന്റെ കിരീടവും ചൂടി. മാന്ത്രിക സ്പിന്നർ അനിൽ കുംബ്ലെയ്ക്ക് അപ്രതീക്ഷിതമായി ടീമിൽനിന്നും മാറേണ്ടി വന്ന 2008ൽ ടെസ്റ്റ് ടീമിനെ നയിക്കുവാനുള്ള അവസരവും ലഭ്യമായി. പിന്നീടങ്ങോട്ട് അസൂയാവഹമായ പ്രകടനത്തിനാണ് ലോക ക്രിക്കറ്റ് സാക്ഷിയായത്. കപിലിന്റെ ചെകുത്താൻമാർ കിരീടം നേടി 28 വർഷങ്ങൾക്കുശേഷം 2011ൽ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക് നേടിക്കൊടുക്കാൻ ധോണിക്കു സാധിച്ചു. അന്നത്തെ ഫൈനലിലെ മിന്നുന്ന പ്രകടനം കായികപ്രേമികളുടെ പ്രശംസയ്ക്കും ആദരവിനും ഇടയാക്കിയിരുന്നു.

രണ്ട് ഫോർമാറ്റിലുമുള്ള ലോകകപ്പ് കിരീടം നേടിയ ഏക ഇന്ത്യൻ ക്യാപ്റ്റനാണ് ധോണി. ഏത് ബാറ്റിങ് ഓർഡറിലും ഇറങ്ങുന്നതിന് അപൂർവം ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഉൾപ്പെടുന്ന വ്യക്തികൂടിയാണ്. വിക്കറ്റുകൾക്കിടയിൽ അതിവേഗം ഓടി റൺ സ്കോർ ചെയ്യുന്നതിലും അതിനിപുണനാണ്. മത്സരങ്ങൾക്കിടയിൽ പക്വതയാർന്ന തീരുമാനങ്ങൾ എടുക്കുവാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്.

ravindra-jadeja-ms-dhoni

ധോണിയുടെ കീഴിൽ യുവതാരങ്ങൾ സമ്മർദത്തിൽപ്പെടാറില്ല. യുവതാരങ്ങളെ കളിക്കിടയിൽ ധോണി നന്നായി പ്രോത്സാഹിപ്പിക്കുന്നത് കളിക്കളത്തിലെ പതിവു കാഴ്ചയായിരുന്നു. 2013ൽ ഐസിസി ചാംപ്യൻസ് ട്രോഫി, 2016ൽ ഏഷ്യാകപ്പ് എന്നീ സുവർണ കിരീടങ്ങൾ ഇന്ത്യയ്ക്ക് സമ്മാനിച്ചതും ധോണിയെന്ന അതിവൈഭവമുള്ള ക്യാപ്റ്റന്റെ കരുത്തിലാണ്. ധോണിയുടെ ബാറ്റിങ് ശൗര്യം നേരിട്ടറിഞ്ഞ ബോളർമാർ അനേകമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളാണ് ധോണി. 2005ൽ പാക്കിസ്ഥാനെതിരെ നേടിയ 148 റൺസ്, 2005ൽ തന്നെ ശ്രീലങ്കയ്ക്ക് എതിരെ നേടിയ 183 റൺസ്, 2011 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്ക് എതിരെ നേടിയ 91 റൺസ് എന്നിവ ഏതാനും ചില ഉദാഹരണങ്ങൾ മാത്രം. ഏകദിനത്തിൽ 10000 റൺസ് നേടിയ നാലാമത്തെ ഇന്ത്യൻ ക്രിക്കറ്റർ കൂടിയാണ് ധോണി.

ക്യാപ്റ്റൻകൂൾ, മഹി എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്ന ധോണി ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിന്റെ അവിഭാജ്യ ഘടകമാണ്. 2019 ലോകകപ്പിലെ ധോണിയുടെ പ്രകടനം വിമർശനങ്ങൾക്കിടയാക്കിയെങ്കിലും അദ്ദേഹം രാജ്യത്തിനായി വിയർപ്പൊഴുക്കി കരസ്ഥമാക്കിയ നേട്ടങ്ങളെ വിസ്മരിക്കുവാൻ പാടില്ല. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും സക്സസ്ഫുൾ ക്യാപ്റ്റൻ എന്നാണ് അദ്ദേഹമറിയപ്പെടുന്നത്. താൻ ക്രിക്കറ്റ് കളിച്ചിരുന്ന കാലഘട്ടത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ ധോണിയാണെന്ന് ക്രിക്കറ്റ് ഇതിഹാസതാരം സച്ചിൻ തെൻഡുൽക്കർ 2011 ലോകകപ്പ് വിജയശേഷം അഭിപ്രായപ്പെട്ടിരുന്നു. ലോക കായിക ഭൂപടത്തിൽ അസൂയാവഹമായ നേട്ടങ്ങൾക്കുടമയാണ് ധോണി. അദ്ദേഹത്തിന് മാന്യമായ വിടവാങ്ങൽ ഒരുക്കേണ്ടത് രാജ്യത്തിന്റെ കടമയാണ്. ഇതിനായി ശാരീരികക്ഷമത തെളിയിക്കുവാനും ടീം ഇന്ത്യയുടെ കുപ്പായം അണിയുവാനുമുള്ള അവസരം നൽകുകയുമാണ് വേണ്ടത്. തന്റെ ജീവിതത്തിന്റെ ഭാഗമായ ക്രിക്കറ്റ് മൈതാനത്തുനിന്നുതന്നെ വിടവാങ്ങുവാൻ അദ്ദേഹത്തിന് അനുകൂലമായ സാഹചര്യം ഒരുക്കണം. 

ബംഗ്ലദേശിനെ തോൽപ്പിച്ചു സെമിയിൽ സ്ഥാനം ഉറപ്പാക്കിയ ഇന്ത്യൻ ടീം നായകൻ വിരാട് കോലിയുടെ ആഹ്ളാദം. മഹേന്ദ്രസിങ് ധോണി സമീപം.
വിരാട് കോലി, എം.എസ്. ധോണി

2004ൽ ധോണിയെ ഇന്ത്യൻ ടീമിന്റെ ഭാഗമാക്കുവാൻ താൽപര്യം കാണിച്ച അന്നത്തെ ക്യാപ്റ്റനായ സൗരവ് ഗാംഗുലിയാണ് ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റ്. ഇന്നുള്ള യുവതാരങ്ങളുടെ ടീമിന് ധോണിയുടെ പരിചയസമ്പത്തുകൂടി ഗുണം ചെയ്യുമെന്ന പ്രമുഖരുടെ അഭിപ്രായം ഗാംഗുലിക്ക് നേരിട്ടറിയാവുന്നതുമാണ്. അതിനാൽ ഗാംഗുലി ധോണിയുടെ തിരിച്ചുവരവിനും രാജ്യാന്തര ക്രിക്കറ്റിൽനിന്നു മാന്യമായ വിടവാങ്ങലിനും അവസരമൊരുക്കുമോ എന്നാണു കാണേണ്ടത്. ക്രിക്കറ്റിലെ 3 ഫോർമാറ്റിലുള്ള ഇന്ത്യൻ ടീമിലും ധോണി അരങ്ങേറ്റം നടത്തിയത് ഡിസംബർ മാസത്തിലാണ്. ആയതിനാൽ ഈ വർഷത്തെ ഡിസംബർ ധോണിയുടെ മറ്റൊരു തിരിച്ചുവരവിനു കളമൊരുക്കുമോ? ക്രിക്കറ്റ് ആരാധകരുടെ, പ്രത്യേകിച്ച് ധോണി ഫാൻസിന്റെ കാത്തിരിപ്പിന് ഉടൻ വിരാമമാകും എന്ന് പ്രതീക്ഷിക്കാം.

(എസ്‍സിഇആർടിയിൽ റിസർച് ഓഫിസറാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com