ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റിൽ സ്വജനപക്ഷപാതം ഇല്ലെന്ന് മുൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കർ, സുനിൽ ഗവാസ്കറുടെ മകൻ രോഹന്‍ ഗവാസ്കര്‍ എന്നിവരുടെ കരിയറുകൾ ഉദാഹരണമായി എടുത്താണ് ഇന്ത്യന്‍ ക്രിക്കറ്റിൽ സ്വജനപക്ഷപാതം ഇല്ലെന്ന് ചോപ്ര അവകാശപ്പെട്ടത്. ക്രിക്കറ്റിലെ ഉയർന്ന ഘട്ടങ്ങളിൽ താരങ്ങൾക്ക് ഒരു ആനുകൂല്യവും ലഭിക്കില്ല. പക്ഷേ ആഭ്യന്തര ക്രിക്കറ്റിൽ ഇതു നടന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.

സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽ‌ക്കർ പതിവായി യുകെ സന്ദർശിക്കാറുണ്ട്. ഇന്ത്യൻ ടീമിനെതിരെയും ഇംഗ്ലണ്ട് ടീമിനെതിരെയും പന്തെറിഞ്ഞുള്ള പരിചയം അർജുനുണ്ട്. അർജുൻ എറിഞ്ഞ പന്തിൽ പരുക്കേറ്റ് ഇംഗ്ലിഷ് താരം ജോണി ബെയർസ്റ്റോയ്ക്ക് ഒരു സെഷനിൽ പുറത്തിരിക്കേണ്ടിവന്നു. 2017 വനിതാ ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ടീം എത്തിയപ്പോള്‍ അവർക്ക് നെറ്റ്സിൽ പന്തെറിഞ്ഞു കൊടുത്ത ബോളർമാരില്‍ ഒരാൾ അർജുനായിരുന്നു. എന്നാല്‍ അദ്ദേഹം സീനിയർ ടീമിൽ ഇതുവരെ കളിച്ചിട്ടില്ല.

അർജുന്റെ കാര്യത്തിൽ നിങ്ങൾക്ക് സ്വജനപക്ഷപാതത്തെക്കുറിച്ചു പറയാം. സച്ചിൻ തെൻഡുൽക്കറുടെ മകനായതുകൊണ്ട് അർജുന് ഒന്നും തളികയിൽ വച്ചു നൽകാൻ പോകുന്നില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് അർജുന് എളുപ്പത്തില്‍ പ്രവേശനം ലഭിക്കില്ല. ഇന്ത്യ അണ്ടർ 19 ടീമിലേക്കു പോലും ആവശ്യമില്ലാത്തവരെ തിരഞ്ഞെടുക്കില്ല. സിലക്ഷൻ നടക്കുമ്പോഴെല്ലാം അതു ലഭിക്കുക മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും– ഒരു യുട്യൂബ് വിഡിയോയില്‍ ആകാശ് ചോപ്ര പറഞ്ഞു.

2018ൽ യൂത്ത് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യ അണ്ടർ 19 ടീമിനായി അർജുൻ കളിച്ചിട്ടുണ്ട്. എന്നാൽ മുംബൈ രഞ്ജി ടീമിൽ അവസരം ലഭിച്ചിട്ടില്ല. മുംബൈ ഇന്ത്യൻസിനായി നെറ്റ്സിൽ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും ഐപിഎല്ലിൽ താരം അരങ്ങേറിയിട്ടില്ല. സുനിൽ ഗവാസ്കറിന്റെ മകൻ രോഹൻ ഗവാസ്കർ ഇന്ത്യൻ ടീമിൽ കളിച്ചിട്ടുണ്ട്. പക്ഷേ രാജ്യാന്തര ക്രിക്കറ്റിൽ‌ നീണ്ട കരിയര്‍ അദ്ദേഹത്തിനുണ്ടായില്ല. എങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ രോഹൻ ഗവാസ്കർ ഏറെ നാൾ കളിച്ചു. സുനിൽ ഗവാസ്കറുടെ മകനായതിനാൽ അദ്ദേഹത്തിന് ഏറെ ഏകദിനങ്ങളും ടെസ്റ്റുകളും കളിക്കാമായിരുന്നല്ലോ, പക്ഷേ അങ്ങനെയൊന്നുണ്ടായില്ല– അകാശ് ചോപ്ര വിലയിരുത്തി.

ബംഗാളിന് വേണ്ടി തുടർച്ചയായി നല്ല പ്രകടനം നടത്തിയതിനാലാണ് രോഹൻ ഗവാസ്കർ ഇന്ത്യൻ ടീമിലെത്തിയത്. ഗവാസ്കർ എന്ന പേരുണ്ടായിട്ടുപോലും രോഹന് മുംബൈ ടീമിൽ അവസരം ലഭിച്ചില്ല– ആകാശ് ചോപ്ര പറഞ്ഞു. രോഹൻ ഗവാസ്കർ ഇന്ത്യയ്ക്കായി 11 രാജ്യാന്തര മത്സരങ്ങളാണ് ആകെ കളിച്ചിട്ടുള്ളത്. ഫസ്റ്റ് ക്ലാസിൽ 117 മത്സരങ്ങളിൽനിന്ന് 6938 റൺസാണ് രോഹൻ നേടിയത്. നിലവിൽ ക്രിക്കറ്റ് കമന്റേറ്ററാണ് രോഹൻ ഗവാസ്കർ.

English Summary: Arjun Tendulkar didn't get easy access to Team India: Chopra denies claims of nepotism in Indian cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com