ADVERTISEMENT

മുംബൈ∙ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതിനു പിന്നാലെ സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ചർച്ചകൾ ഇന്ത്യയിൽ വീണ്ടും സജീവമായിരിക്കുകയാണ്. ഇന്ത്യയിൽ ക്രിക്കറ്റ് ടീമുകളിലും സൂപ്പർ താരങ്ങളുടെ വേണ്ടപ്പെട്ടവർക്കായി പ്രതിഭകളായ പലരെയും ഒഴിവാക്കിയെന്നാണു ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്. സമൂഹമാധ്യമങ്ങളില്‍ ചർച്ചകൾ വീണ്ടും സജീവമായതോടെ ഏറ്റവുമധികം വിമർശനം നേരിടേണ്ടിവന്നത് സച്ചിൻ തെൻഡുൽക്കറുടെ മകൻ അര്‍ജുൻ തെൻഡുൽക്കറിന്. 2016ൽ അണ്ടർ 16 വെസ്റ്റ് സോണ്‍ ടീമിലേക്ക് പ്രണവ് ധൻവാഡെയെ ഒഴിവാക്കി സച്ചിന്റെ മകനെ ഉൾപ്പെടുത്തിയതാണു വിമർശനങ്ങൾക്ക് അടിസ്ഥാനം.

നാലു വർഷം മുൻപാണ് ഇതേക്കുറിച്ച് ആദ്യമായി ചർച്ചകളുണ്ടാകുന്നത്. സ്കൂൾ ക്രിക്കറ്റിൽ 327 പന്തിൽ 1009 റൺസ് നേടി രാജ്യത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രണവ് ധൻവാഡെയെ സച്ചിന്റെ മകന് ഇടം നൽകാനായി തഴഞ്ഞെന്നായിരുന്നു പരാതി. ഇതുമായി ബന്ധപ്പെട്ടു നാലു വര്‍ഷം മുൻപ് പുറത്തുവന്ന അതേ ചിത്രം ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ ‘കറങ്ങി നടക്കുകയാണ്’. ഈ ചിത്രം ചൂണ്ടിക്കാട്ടിയാണ് ക്രിക്കറ്റിലും സ്വജനപക്ഷപാതമുണ്ടെന്ന് ആരാധകര്‍ ഇപ്പോൾ വാദിക്കുന്നത്. സച്ചിന്റെ മകനായതു കൊണ്ടു മാത്രമാണ് അർജുന് ടീം സിലക്ഷൻ ലഭിച്ചത്, പ്രണവിനെപ്പോലുള്ള യഥാർഥ പ്രതിഭകളെ ഒഴിവാക്കുകയാണ്, ക്രിക്കറ്റിലും നെപോട്ടിസം (സ്വജനപക്ഷപാതം) ഉണ്ട്– ഇങ്ങനെ പോകുന്നു വാദഗതികൾ.

എന്നാൽ വസ്തുതകൾ പരിശോധിച്ചാല്‍ അർജുൻ തെൻഡുല്‍ക്കറുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾ അനാവശ്യമാണെന്നു മനസ്സിലാകും. മുംബൈയ്ക്കു വേണ്ടി കളിക്കുന്ന താരങ്ങളെയാണ് വെസ്റ്റ് സോൺ ടീമിൽ സാധാരണയായി ഉൾപ്പെടുത്തുന്നതെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രണവിന്റെ റെക്കോർഡുകൾ തകർത്ത ഇന്നിങ്സ് പ്രകടനം നടക്കുന്നത് ആ സമയത്തെ മുംബൈ ടീമിന്റെ സിലക്ഷന് ശേഷമായിരുന്നു. മാത്രമല്ല മുംബൈ ടീം അപ്പോഴത്തേക്കും ഏതാനും മത്സരങ്ങളും കളിച്ചിരുന്നു. ഇപ്പോഴുയരുന്ന ആരോപണങ്ങളുടെ പേരിൽ പ്രണവ് ധൻവാഡെയുടെ പിതാവ് തന്നെ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

മകൻ 1009 റൺസ് നേടി കഴിവ് തെളിയിക്കുന്നതിനു മുൻപാണ് ആ സമയത്തെ മുംബൈ അണ്ടർ 16 ടീമിന്റെ സിലക്ഷൻ നടന്നതെന്ന് പ്രണവിന്റെ പിതാവ് പ്രശാന്ത് പ്രതികരിച്ചു. പ്രണവിന് ടീമിൽ സിലക്ഷനും ലഭിച്ചില്ല. അർജുനും പ്രണവും നല്ല സുഹൃത്തുക്കളാണ്. അവർ സ്ഥിരമായി സംസാരിക്കാറുണ്ട്– പ്രശാന്ത് ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. പ്രണവിന്റെ പിതാവിന്റെ വാക്കുകളിൽനിന്നു തന്നെ അർജുൻ തെൻഡുൽക്കറിന്റെ സിലക്ഷനിൽ സ്വജനപക്ഷപാതം ഇല്ലെന്നു വ്യക്തമാകും. അർജുൻ ഇപ്പോൾ അണ്ടർ 19 വിഭാഗത്തിലാണു ക്രിക്കറ്റ് കളിക്കുന്നത്. പ്രണവ് ധൻവാഡെയ്ക്ക് ക്രിക്കറ്റിൽ മികവോ, ശ്രദ്ധയോ നിലനിർത്താൻ സാധിക്കുന്നില്ലെന്നു 2017 ൽ റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നീട് കോളജ്തല മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത് പ്രണവ് വീണ്ടും സജീവമായി.

English Summary: Arjun Tendulkar slammed on Twitter for nepotism in U16 selection; claims turn out to be false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com