ADVERTISEMENT

ഇസ്‍ലാമബാദ്∙ കോവിഡ് രോഗഭീഷണി നിലനിൽക്കുന്നതിനിടെ ഇംഗ്ലണ്ട് പര്യടനത്തിന് ഒരുങ്ങുമ്പോഴാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കു രോഗം സ്ഥിരീകരിച്ചത്. താരങ്ങളുടെ കോവിഡ് പരിശോധന റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണു ടീം മാനേജ്മെന്റ്. മുഹമ്മദ് ഹഫീസ് ഉൾപ്പെടെ പത്ത് താരങ്ങൾ നിലവിൽ ടീമിനൊപ്പം ചേർന്നിട്ടില്ല. വീടുകളില്‍ സെല്‍ഫ് ഐസലേഷനിലാണു താരങ്ങൾ. സ്വന്തം നിലയിൽ കോവിഡ് പരിശോധന നടത്തിയ ഹഫീസിന്റെ നീക്കം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. ഈ ആഴ്ച ആദ്യം കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനു പിന്നാലെയായിരുന്നു ഹഫീസിന്റെ നീക്കം.

എന്നാല്‍ രണ്ടാം ടെസ്റ്റിൽ പരിശോധനാഫലം നെഗറ്റീവ് ആയി. താരം ട്വിറ്റർ വഴി കോവി‍ഡ് ടെസ്റ്റ് ഫലം നെഗറ്റീവ് ആയ വിവരം പുറത്തുവിടുകയും ചെയ്തു. എന്നാൽ ഹഫീസിനു വീണ്ടും കോവിഡ് പോസിറ്റീവ് ആയെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. താരത്തിന്റെ സാംപിൾ ഒരിക്കൽ കൂടി പരിശോധിക്കണമെന്ന് ഷൗഖത്ത് ഖനൂം മെമ്മോറിയൽ ആശുപത്രിയോട് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഈ പരിശോധനയിലാണു താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

ബാക്കിയുള്ള പാക്കിസ്ഥാൻ താരങ്ങളുടെയും സാംപിളുകൾ പരിശോധിക്കുന്നുണ്ട്. ഇവരുടെ ഫലം വരാൻ കാത്തിരിക്കുകയാണു ടീം മാനേജ്മെന്റ്. ഇതു സങ്കീർണമായ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ബോര്‍ഡ് പ്രതിനിധി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ഇന്ന് പത്ത് താരങ്ങളുടെ രണ്ടാമത്തെ പരിശോധന നടക്കുകയാണ്. ഇതിന്റെ ഫലം വരാൻ കാത്തിരിക്കുകയാണെന്നും ക്രിക്കറ്റ് ബോർഡ് വൃത്തങ്ങൾ പ്രതികരിച്ചു. സ്വന്തം നിലയിൽ കോവിഡ് പരിശോധന നടത്തിയ ഹഫീസിന്റെ നടപടിയിലുള്ള അതൃപ്തി പിസിബി സിഇഒ വാസിം ഖാൻ താരത്തെ അറിയിച്ചിട്ടുണ്ട്. ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് ബോർഡുമായി ഹഫീസ് സംസാരിക്കണമായിരുന്നു.

താരം കോവിഡ് പരിശോധനാ പ്രോട്ടോക്കോൾ ലംഘിച്ചതായും പിസിബി സിഇഒ വ്യക്തമാക്കി. ഒരു വ്യക്തിയെന്ന നിലയിൽ സ്വകാര്യമായി പരിശോധന നടത്താൻ ഹഫീസിന് അവകാശമുണ്ട്. എന്നാൽ ആദ്യം അക്കാര്യം ക്രിക്കറ്റ് ബോർഡിനോടു പറയണമായിരുന്നെന്നും വാസിം ഖാൻ പ്രതികരിച്ചു. താരങ്ങളുടെ പരിശോധനാ ഫലം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ശനിയാഴ്ച പുറത്തുവിടാനിരിക്കുകയാണ്. പരിശോധന റിപ്പോർട്ട് വന്നതിനു ശേഷം ഹഫീസിനെതിരെ അച്ചടക്ക നടപടിയുണ്ടായേക്കുമെന്നാണു വിവരം.

English Summary: Dilemma continues in Mohammad Hafeez’s case; tested positive for COVID-19 again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com