ADVERTISEMENT

കറാച്ചി∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനും മെഡിക്കൽ സ്റ്റാഫുകൾക്കുമെതിരെ രൂക്ഷവിമർശനമുയർത്തി പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. കോവിഡ് രോഗം ബാധിച്ച താരങ്ങൾ സഹായത്തിനായി വിളിച്ചപ്പോൾ പാക്കിസ്ഥാൻ സംഘത്തിലെ മെഡിക്കല്‍ ഉദ്യോഗസ്ഥർ ഫോൺ എടുക്കുക പോലും ചെയ്തില്ലെന്ന് ഇൻസമാം ആരോപിച്ചു. താരങ്ങളെ പരിചരിക്കാനോ, നിർദേശങ്ങൾ നൽകാനോ ഇവർ തയാറായില്ല.

രണ്ട് ദിവസം പാക്കിസ്ഥാൻ താരങ്ങളുടെ ഫോൺ കോളുകൾ എടുക്കാൻ മെഡിക്കൽ സ്റ്റാഫുകൾ തയാറായില്ല. ഇതു വളരെ മോശം കാര്യമാണ്– ഇൻസമാം യുട്യൂബ് ചാനലിൽ പ്രതികരിച്ചു. കോവിഡ് രോഗം പോസിറ്റീവ് ആയ താരങ്ങളെ വീട്ടിലേക്ക് അയച്ചിരിക്കുകയാണ്. അവർക്കു കരുതൽ നൽകണമായിരുന്നെന്നാണ് എനിക്കു തോന്നുന്നത്. ബുദ്ധിമുട്ടേറിയ സമയങ്ങളിൽ സഹായിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് തയാറായില്ലെന്ന് താരങ്ങൾക്കു തോന്നും.

കളിക്കാരെ സംരക്ഷിക്കണമെന്നു ഞാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെടുകയാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ മുഹമ്മദ് ഹഫീസ് കോവിഡ് ടെസ്റ്റ് സ്വന്തം നിലയിൽ ചെയ്തതു പോലുള്ള സംഭവങ്ങൾ ഇനിയും ഉണ്ടാകും. താരങ്ങളോടു വീടുകളിൽ സെൽഫ് ഐസലേഷനിൽ പോകാൻ പറയുകയല്ല വേണ്ടത്. കോവിഡ് പോസിറ്റീവ് ആയ താരങ്ങളെ എന്‍സിഎ (ദേശീയ ക്രിക്കറ്റ് അക്കാദമി) യിൽ പാർപ്പിക്കണം. രോഗികൾക്ക് ആവശ്യമുള്ളത്രയും സൗകര്യങ്ങൾ അവിടെയുണ്ടെന്നും ഇൻസമാം ഉൾ ഹഖ് വ്യക്തമാക്കി.

ഇംഗ്ലണ്ട് പര്യടനത്തിനായി പുറപ്പെടാനിരുന്ന 29 പാക്ക് ക്രിക്കറ്റ് താരങ്ങളിൽ 10 പേർക്കാണു കോവി‍ഡ് പരിശോധന പോസിറ്റീവ് ആയത്. അതിനിടെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർ‍ഡിന്റെ അനുമതിയില്ലാതെ മുഹമ്മദ് ഹഫീസ് കോവിഡ് പരിശോധന സ്വന്തം നിലയിൽ നടത്തിയതു പുതിയ വിവാദത്തിലേക്കും നയിച്ചു. ഇതോടെയാണ് താരങ്ങളെ ബോർഡ് തന്നെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇൻസമാം ഉൾ ഹഖ് രംഗത്തെത്തിയത്. ജൂൺ 28ന് പാക്കിസ്ഥാൻ ടീം ഇംഗ്ലണ്ടിലേക്കു പോകും. മൂന്ന് ടെസ്റ്റും മൂന്ന് ട്വന്റി20 മത്സരങ്ങളുമാണ് പാക്കിസ്ഥാൻ ഇംഗ്ലണ്ടിൽ കളിക്കുക.

കോവിഡ് ബാധിച്ച പത്ത് പേരിൽ മുഹമ്മദ് ഹഫീസ് ഉൾപ്പെടെയുള്ള ആറുപേര്‍ക്ക് ശനിയാഴ്ച നെഗറ്റീവ് ആയി. ഹഫീസിനു പുറമേ വഹാബ് റിയാസ്, മുഹമ്മദ് ഹസ്നെയ്ൻ, ശദബ് ഖാൻ, ഫഖർ സമാൻ, മുഹമ്മദ് റിസ്‍വാൻ എന്നിവരാണു രോഗമുക്തരായത്.

English Summary: Inzamam-ul-Haq lashed out the PCB and its medical staff for ignoring to look after the health of the COVID-19 positive players

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com